കാലിടറിയ കലാകാരന്മാരെ സംരക്ഷിക്കാന്‍ 'ഡ്രാമാനന്ദം'
മണ്ണഞ്ചേരി: കാലിടറിയ കലാകാരന്മാരെ സംരക്ഷിക്കാന്‍ നാടക കലാകാരന്‍മാരുടെ കൂട്ടായ്മ ഡ്രാമാനന്ദം എന്ന നാടകസമിതി രൂപീകരിച്ചു.
ഡ്രാമാനന്ദം തീയറ്റര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 27 മുതല്‍ അവതരിപ്പിക്കാന്‍ പോകുന്ന നാടകമാണ് മഴ ബാക്കിവെച്ചത്. ഈ പരിപാടിയുടെ നടത്തിപ്പിലൂടെ ലഭിക്കുന്ന വരുമാനം കലാകാരന്‍മാരുടെ ക്ഷേമപ്രവര്‍ത്തനത്തിന് വിനിയോഗിക്കും.വേദികളില്‍ നിറഞ്ഞു ജ്വലിച്ച് ആസ്വാദകരുടെ പ്രശംസകള്‍ ആവോളം ഏറ്റുവാങ്ങി കാലത്തിന്റെ കുത്തൊഴുക്കില്‍ കാലിടറിയവരെ ഇന്നാരും തിരിഞ്ഞുനോക്കുന്നില്ല. പരാതികളും പരിഭവങ്ങളുമില്ലാതെ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടുന്ന ഇവരുടെ ശിഷ്ടജീവിതത്തിന് താങ്ങുംതണലുമാകാനാണ് ഡ്രാമാനന്ദത്തിന്റെ നാടകസമിതിയുടെ രൂപീകരണം. നിലവില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഉദാരമതികളുടെ സ്‌പോണ്‍സര്‍ഷിപ്പിലാണ്. ഇത്തരക്കാരുടെ സഹായത്താല്‍ നിരവധിപേര്‍ക്ക് ഇപ്പോള്‍ പ്രതിമാസ പെന്‍ഷന്‍ നല്‍കിവരുന്നുണ്ട്.കഴിഞ്ഞ പ്രളയകാലത്ത് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ച കലാകാരന്മാരേയും ഡ്രാമാനന്ദം സഹായിച്ചിരുന്നു. ജനുവരി 27ന് അനശ്വര നാടകാചാര്യന്‍ എസ്.എല്‍.പുരത്തിന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പ്പാര്‍ച്ചനയോടെ ഉദ്ഘാടനപരിപാടികള്‍ക്ക് തുടക്കമാകും.
വൈകുന്നേരം എസ്.എല്‍.പുരം രംഗകലയില്‍ നടക്കുന്ന സംമ്മേളനത്തില്‍ കെ.സി.ജോര്‍ജ്ജ് അധ്യക്ഷത വഹിക്കും. പ്രശസ്ത സിനിമാ - സീരിയല്‍ താരം കുമരകം രഘുനാഥ് ഉദ്ഘാടനം നിര്‍വ്വഹിക്കും. ചലചിത്ര ഗാനരചിയിതാവും ആശാന്‍ സ്മാരക സമിതി ചെയര്‍മാനുമായ രാജീവ് ആലുങ്കല്‍ മുഖ്യപ്രഭാഷണം നടത്തുമെന്ന് ഡ്രാമാനന്ദം ചാരിറ്റബിള്‍ ട്രസ്റ്റ് ആലപ്പുഴ മേഖല ഭാരവാഹികളായ ശ്രീനാ സജു, ബിനു മണ്ണഞ്ചേരി,മനേഷ് മണ്ണഞ്ചേരി എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."