പൗരത്വ ഭേദഗതി ബില്‍ പുലിവാലാകുമ്പോള്‍
എന്‍. അബു#
വടക്കുകിഴക്കന്‍ മേഖലയിലെ 25 ലോക്‌സഭാ സീറ്റുകളില്‍ കണ്ണുനട്ട് നരേന്ദ്രമോദി ഭരണകൂടം ധൃതിപിടിച്ചു കൊണ്ടുവന്ന ഇന്ത്യന്‍ പൗരത്വ ഭേദഗതി ബില്‍ ഭരണാധികാരികളെ തന്നെ തിരിഞ്ഞു കുത്തുമെന്ന നിലയിലായിരിക്കുന്നു. ഏഴു സംസ്ഥാനങ്ങളെ കൈയിലെടുക്കാനാണ് ലോക്‌സഭ ഇക്കഴിഞ്ഞ ജനുവരി എട്ടിനു ഇതു പാസാക്കിയെടുത്തത്.
പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ അയല്‍നാടുകളില്‍ നിന്ന് 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ വന്ന അവിടങ്ങളിലെ ന്യൂനപക്ഷക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം അനുവദിക്കാമെന്ന ഭേദഗതിയാണിത്. ഇന്ത്യന്‍ പൗരത്വം ലഭിക്കാനുള്ള അവരുടെ അപേക്ഷയ്ക്ക് ഇവിടെ 11 വര്‍ഷം താമസിച്ചിരിക്കണമെന്ന നിബന്ധന ഏഴു വര്‍ഷമായി ചുരുക്കുകയും ചെയ്തു.
ഇങ്ങനെ ആനുകൂല്യം ഒരു തളികയിലെന്നപോലെ ചാര്‍ത്തിക്കിട്ടിയ ആ ന്യൂനപക്ഷങ്ങള്‍ ഹിന്ദുക്കളും ക്രൈസ്തവരും സിഖുകാരും ജൈനരും ബുദ്ധമതക്കാരും പാഴ്‌സികളുമാണ്. മൂന്നു രാജ്യങ്ങളിലും മുസ്‌ലിംകള്‍ ഭൂരിപക്ഷമായതിനാല്‍ അവരെ ഒഴിവാക്കി. ഭരണഘടനയുടെ അഞ്ചു മുതല്‍ പതിനൊന്നു വരെയുള്ള വകുപ്പുകളില്‍ വ്യക്തമാക്കിയിരിക്കുന്ന ഇന്ത്യന്‍ പൗരത്വാവകാശ നിയമത്തിലാണ് കേന്ദ്രം കൈകടത്തിയിരിക്കുന്നത്. ഈ 124ാം ഭരണഘടനാ ഭേദഗതി ബില്‍ ഇനി രാജ്യസഭ കൂടി അംഗീകരിക്കണം. എങ്കില്‍ മാത്രമേ രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കൂ. അതിനിടയില്‍ ബില്ലിനെതിരേ സുപ്രിംകോടതിയില്‍ ഹരജി വന്നെങ്കിലും ഇരു സഭകളും പാസാക്കിയ ശേഷം മാത്രമേ പരാതി പരിഗണിക്കാനാവൂ എന്നാണ് പരമോന്നത കോടതി പറഞ്ഞത്.
ന്യൂനപക്ഷങ്ങള്‍ക്ക് പരിരക്ഷ നല്‍കാമെന്ന് ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും ഒത്തുതീര്‍പ്പുണ്ടാക്കിയിട്ടും മറ്റു രണ്ടു രാജ്യങ്ങളും ആ ഉറപ്പു പാലിക്കുന്നില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ബില്‍ അവതരിപ്പിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ലോക്‌സഭയില്‍ അതു പറയുകയും ചെയ്തു. എന്നിട്ടദ്ദേഹം ചോദിച്ചു: അപ്പോള്‍ ഈ ന്യൂനപക്ഷക്കാര്‍ മറ്റെവിടെ പോകും
31,000 കുടിയേറ്റക്കാര്‍ക്ക് ഉടന്‍ പൗരത്വം ലഭിക്കുമെന്നു പറഞ്ഞുകൊണ്ടാണ് കേന്ദ്രം ഭരിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം വോട്ട് ബാങ്ക് തേടിപ്പോകുന്നത്. എന്നാല്‍, പാകിസ്താന്‍ സ്ഥാപകനായ മുഹമ്മദലി ജിന്നയുടെ ആദര്‍ശത്തില്‍ നിന്ന് 17 നിയമസഭാ മണ്ഡലങ്ങളെ മോചിപ്പിക്കാന്‍ ലക്ഷ്യമിടുന്നതാണ് ഈ ബില്ലെന്ന് അസം ധനമന്ത്രി ഹിമന്ത ശര്‍മ പറഞ്ഞതോടെ നിഗൂഢലക്ഷ്യം സുവ്യക്തമായി. ബില്‍ സിലക്ട് കമ്മിറ്റിക്കു വിടണമെന്ന ആവശ്യം നിരാകരിച്ചതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ ലോക്‌സഭയില്‍ നിന്നിറങ്ങിപ്പോയി. 1985ലെ ആസാം ഉടമ്പടി ലംഘിച്ച് 1971 മാര്‍ച്ചിനു ശേഷവും ഇന്ത്യയിലേക്കു വന്ന അനധികൃതര്‍ക്കു പൗരത്വം നല്‍കുന്നത് ശരിയല്ലെന്നാണ് മറ്റു കക്ഷികള്‍ വാദിച്ചത്. സി.പി.എമ്മും തൃണമൂല്‍ കോണ്‍ഗ്രസും രാഷ്ട്രീയ ജനതാദളും മജ്‌ലിസെ ഇത്തിഹാദുമൊക്കെ ബില്ലിനെ എതിര്‍ത്തു. ബംഗ്ലാദേശിനെ ബില്ലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു അനുകൂലിച്ചപ്പോഴും ജനതാദള്‍ യുവിന്റെ നിലപാട്. എന്നാല്‍, ഭാഗികമായി ബില്ലിനെ പിന്താങ്ങിയ ജെ.ഡി.യുവിനു മനംമാറ്റമുണ്ടായി. സഖ്യകക്ഷിയായ ബി.ജെ.പിയെ എതിര്‍ത്ത് രാജ്യസഭയില്‍ വോട്ട് ചെയ്യാന്‍ അവര്‍ തീരുമാനിച്ചിട്ടുണ്ട്.
അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷക്കാര്‍ അരക്ഷിതാവസ്ഥ ഭയന്ന് ഇന്ത്യയിലേക്കു വരാന്‍ കാത്തു നില്‍ക്കുകയാണത്രെ. ഇത് പറഞ്ഞുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പതിനായിരക്കണക്കിന് ആളുകള്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിക്കാനായി ഒരുങ്ങിനില്‍ക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി മുമ്പാകെയാണ് രാജ്‌നാഥ് സിങ്ങ് ഈ കണക്കു വച്ചത്. 25,447 ഹൈന്ദവര്‍, 5807 സിഖുകാര്‍, 55 ക്രൈസ്തവര്‍, രണ്ടു വീതം പാഴ്‌സികളും ബുദ്ധമതക്കാരും. എന്നാല്‍, 2011 മുതല്‍ 2019 വരെ ഇന്ത്യാ ഗവണ്‍മെന്റ് ദീര്‍ഘകാല വിസ അനുവദിച്ചതു തന്നെ 187 പേര്‍ക്കാണെന്നാണ് സ്ഥിതിവിവരക്കണക്ക്. അപേക്ഷ അയച്ചവരില്‍ തന്നെ പാകിസ്താനില്‍ നിന്ന് 230 ഹിന്ദുക്കളായിരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നാകട്ടെ നാലേനാലു സിഖുകാരും.
ബംഗ്ലാദേശിലെ ഹിന്ദു ജനസംഖ്യ 1974ല്‍ 14 ശതമാനമുണ്ടായിരുന്നത് 8.4 ശതമാനമായി കുറഞ്ഞെന്നും രാജ്‌നാഥ് സിങ്ങ് പറഞ്ഞു. എന്നാല്‍, 2018 ജൂലൈ 19ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാര്‍ലമെന്റില്‍ പറഞ്ഞത്, 2011നും 2017നുമിടയില്‍ ബംഗ്ലാദേശിലെ ഹിന്ദു ജനസംഖ്യ രണ്ടു ശതമാനത്തിലേറെ വര്‍ധിച്ചു എന്നായിരുന്നു.
പൊതു തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിനില്‍ക്കെ ആരെ പാട്ടിലാക്കാന്‍ ഉദ്ദേശിച്ചാണോ ബില്‍ കൊണ്ടുവന്നത്, ആ ഏഴു വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും എതിര്‍ പ്രക്ഷോഭത്തിന്റെ വഴിയിലാണ്. എന്തിന്റെ പേരിലായാലും അനധികൃത കുടിയേറ്റം തങ്ങളുടെ സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്ന് ഈ സംസ്ഥാനങ്ങള്‍ ഭയപ്പെടുന്നു. ബില്‍ അംഗീകരിച്ച ദിവസം തന്നെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായ പ്രതിഷേധമാണ് ഇരമ്പിയത്. അസം, അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മേഘാലയ, മണിപ്പൂര്‍, മിസോറം എന്നിവിടങ്ങളില്‍ കടയടപ്പും പ്രകടനങ്ങളും നടന്നു. 1971നു ശേഷം സംസ്ഥാനത്തെത്തുന്ന വിദേശ കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കില്ല എന്ന 1965ലെ ആസാം കരാര്‍ ലംഘിക്കുകയാണ് പുതിയ ബില്‍ ചെയ്യുന്നതെന്നു ചൂണ്ടിക്കാട്ടി അസമില്‍ ബി.ജെ.പി.യോടൊപ്പം ഭരണത്തിലുള്ള ആസാം ഗണപരിഷത്ത് മുന്നണിവിട്ടു. 70 സംഘടനകളെ ഒപ്പം നിര്‍ത്തി സാമ്പത്തിക ഉപരോധം ആരംഭിച്ച കൃഷക് മുക്തി സംഗ്രാം സമിതി, പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കു പുറമെ വനവിഭവങ്ങളുടെ ക്രയവിക്രയവും തടയുമെന്ന് പ്രഖ്യാപിച്ചു. അവര്‍ ഓയില്‍ ഇന്ത്യയുടെയും ഒ.എന്‍.ജി.സി.യുടെയും ഓഫിസുകള്‍ പിക്കറ്റ് ചെയ്തു.
അഖില ആസാം വിദ്യാര്‍ഥി യൂനിയന്‍ (ആസു) മുഖ്യമന്ത്രിയുടെ കോലം കത്തിക്കുകയും റെയില്‍പാളത്തില്‍ കുത്തിയിരുന്നു പലയിടങ്ങളിലും തീവണ്ടി തടയുകയും ചെയ്തു. ബി.ജെ.പി ഓഫീസിനു തീവച്ചു. ഈ ബില്ലുമായി മുന്നോട്ടുപോകരുതെന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ രാജ്‌നാഥ് സിങ്ങിനെ കണ്ട് നിവേദനം നല്‍കി. സഖ്യകക്ഷികളുടെ നേതാക്കളായ മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സംഗ്മ (നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി), മിസോറം മുഖ്യമന്ത്രി സൊറാംതങ്ക (മിസോദേശീയ മുന്നണി) എന്നിവരാണിവര്‍. ഇരു സംസ്ഥാനങ്ങളിലെയും എല്ലാ സഖ്യകക്ഷികളും ഈ ബില്ലിന് എതിരാണെന്ന് അവര്‍ രാജ്‌നാഥ് സിങ്ങിനെ ധരിപ്പിച്ചു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഏഴു മുഖ്യമന്ത്രിമാരെയും വിളിച്ചു ചര്‍ച്ച ചെയ്യാമെന്ന് രാജ്‌നാഥ് സിങ് പറഞ്ഞതായി സംഗ്മ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ബി.ജെ.പി മന്ത്രിമാരുള്‍പെട്ട മേഘാലയ മന്ത്രിസഭയുടെ യോഗം തന്നെ ബില്ലിനെതിരേ പ്രമേയം പാസാക്കുകയുണ്ടായി. നാഗാലാന്‍ഡില്‍ ഭരണമുന്നണി എന്ന പോലെ പ്രതിപക്ഷവും ബില്ലിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. നാഗാലാന്‍ഡ് ഭരിക്കുന്ന ബി.ജെ.പി. മുന്നണിയിലെ ഘടകകക്ഷിയായ നാഷനലിസ്റ്റ് ഡെമോക്രാറ്റിക്ക് പ്രോഗ്രസീവ് പാര്‍ട്ടി മറ്റൊരു കാര്യം വ്യക്തമാക്കുന്നുണ്ട്. ഭരണഘടനയിലെ 371 (എ) വകുപ്പു പ്രകാരം ഭരണഘടന അനുവദിക്കുന്ന അവകാശങ്ങളൊന്നും തന്നെ ഒരു പാര്‍ലമെന്ററി നിയമം വഴി പോലും നിഷേധിച്ചുകൂടെന്ന്.
1873ലെ ബംഗാള്‍ ഈസ്റ്റേണ്‍ ഫ്രോണ്ടിയര്‍ റഗുലേഷന്‍ പ്രകാരം നാഗന്മാരുടെ പൗരത്വവും അവകാശങ്ങളും ഉറപ്പുനല്‍കിയതാണ്. അക്കാരണങ്ങളാല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പൗരത്വബില്‍ പാസാക്കിയാല്‍ തന്നെ നാഗാലാന്‍ഡിനെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് എന്‍.ഡി.പി.പി പറയുന്നു. ത്രിപുരയില്‍ നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷനും ത്രിപുര സ്റ്റുഡന്റ് ഫെഡറേഷനും നടത്തിയ പ്രകടനം അഗര്‍ത്തലയില്‍ പ്രകടനക്കാര്‍ക്കെതിരെ വെടിവയ്പ്പിലേക്കുപോലും എത്തി. കേന്ദ്രത്തില്‍ വീണ്ടും അധികാരം പിടിക്കാനായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ സുഖിപ്പിക്കാന്‍ ഇറങ്ങിയ കേന്ദ്രഭരണകൂടം ചുരുക്കത്തില്‍ പുലിവാല്‍ പിടിച്ചപോലെ ആയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."