പുറംകാഴ്ചകളിലെ വര്‍ണങ്ങള്‍ ആസ്വദിച്ച് അവര്‍ ഒത്തുചേര്‍ന്നു
മാവൂര്‍: പുറംകാഴ്ചകളിലെ വര്‍ണനിറങ്ങള്‍ അനുഭവിച്ചറിഞ്ഞ് പാലിയേറ്റിവ് കുടുംബസംഗമം ശ്രദ്ധേയമായി. പെരുവയല്‍ പഞ്ചായത്ത് ഭരണസമിതിയാണ് പഞ്ചായത്തിലെ കിടപ്പുരോഗികള്‍ക്കായി സംഗമം ഒരുക്കിയത്. വിവിധ രോഗങ്ങളും അപ്രതീക്ഷിതമായെത്തിയ അപകടങ്ങളും ശരീരത്തെ തളര്‍ത്തിയതിനാല്‍ പുറത്തിറങ്ങാനാവാതെ കഴിയുന്നവരെയാണ് പാലിയേറ്റിവ് പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും സഹായത്തോടെ സംഗമത്തിനെത്തിച്ചത്. വെള്ളിപറമ്പ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന സംഗമത്തില്‍ ഇവര്‍ കുടുംബാംഗങ്ങളോടൊപ്പം ഒത്തുചേരുകയായിരുന്നു.
ഒരു ദിവസത്തേക്ക് തങ്ങളുടെ വേദനകള്‍ മറന്ന് അനുഭവങ്ങള്‍ പങ്കുവച്ചും പാട്ടുപാടിയും കലാപരിപാടികള്‍ ആസ്വദിച്ചും സംഗമത്തെ അവര്‍ ആഘോഷമാക്കി. ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പാലിയേറ്റിവ് പ്രവര്‍ത്തകര്‍, രാഷ്ട്രീയ സാമൂഹ്യ നേതാക്കള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ ഇവര്‍ക്കു കൂട്ടായി എത്തിയതോടെ സംഗമം ജനകീയ ഉത്സവമായി മാറി. സദസില്‍ ഇവര്‍ക്കായി ബെഡ് സൗകര്യം ഒരുക്കിയിരുന്നു. ചിലര്‍ ബെഡില്‍ കിടന്നാണ് ഗാനമാലപിച്ചതും പരിപാടികള്‍ ആസ്വദിച്ചതും. രോഗികളും കൂട്ടിരിപ്പുകാരും സന്ദര്‍ശകരും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
എം.ജി പ്രവീണ്‍, പി.എസ് ഹരീഷ് കുമാര്‍ എന്നിവര്‍ രോഗികളുമായി സംവദിച്ചു. അഡ്വ. പി.ടി.എ റഹീം എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, മെമ്പര്‍ രജനി തടത്തില്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സുഷമ, രവികുമാര്‍ പനോളി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി. അസ്മാബി, കെ. മൂസ മൗലവി, സി.എം സദാശിവന്‍, കെ.എം ഗണേഷന്‍ സന്ദര്‍ശിച്ചു. ആര്യാ മോഹന്‍ദാസ്, അശോക് കുമാര്‍ ചെറുകുളത്തൂര്‍, അജ്മല്‍ പുവ്വാട്ടുപറമ്പ് തുടങ്ങി നിരവധി കലാകാരന്‍മാര്‍ പരിപാടികള്‍ അവതരിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് വൈ.വി ശാന്ത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കുന്നുമ്മല്‍ ജുമൈല അധ്യക്ഷയായി. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.കെ ഷറഫുദ്ദീന്‍, സുബിത തോട്ടാഞ്ചേരി, മാക്കിനിയാട്ട് സഫിയ, മെമ്പര്‍ കൃഷ്ണന്‍കുട്ടി, എന്‍.വി കോയ, മെഡിക്കല്‍ ഓഫിസര്‍ ഡോ. രാധിക, സപ്പോര്‍ട്ടിങ് കമ്മിറ്റി ഭാരവാഹികളായ കുന്നുമ്മല്‍ സുലൈഖ, എം.ടി മുഹമ്മദ് മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."