വഖ്ഫ് ട്രൈബ്യൂണലിലെ നിയമനം: സര്‍ക്കാരിനോട് വിശദീകരണം തേടി
കൊച്ചി: വഖ്ഫ് ട്രൈബ്യൂണലില്‍ മുസ്ലിം വ്യക്തി നിയമത്തില്‍ യോഗ്യതയുള്ള അംഗത്തിന്റെ നിയമനം ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജിയില്‍ സര്‍ക്കാരിന് വിശദീകരണം ബോധിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ട്രൈബ്യൂണലിലെ അംഗങ്ങളുടെ നിയമനം ജുഡീഷ്യല്‍ നിയമനമായതിനാല്‍ നിയമപരമായ പ്രക്രിയയിലൂടെയായിരിക്കണം അംഗങ്ങളെ നിയമിക്കണമെന്ന് ഹരജിയില്‍ പറയുന്നു. ജുഡീഷ്യല്‍ അംഗത്തെ നിയമിക്കുന്ന 2019ലെ കേരള വഖ്ഫ് ചട്ടത്തിന്റെ സാധുതയാണ് ഹരജിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്. നിലമ്പൂര്‍ സ്വദേശി ഇ.കെ അബ്ദുല്‍ സലാമാണ് ഹൈക്കോടതിയെ സമീപിച്ചത്.
സംസ്ഥാന സര്‍ക്കാര്‍, സംസ്ഥാന വഖ്ഫ് ബോര്‍ഡ്, ഹൈക്കോടതി രജിസ്ട്രാര്‍ എന്നിവരാണ് കേസിലെ എതിര് കക്ഷികള്‍. മുസ്ലിം വ്യക്തി നിയമത്തിലുള്ള പ്രാവീണ്യവും യോഗ്യതയും അറിവും പരിശോധിച്ചു നിയമനം നടത്തേണ്ടതാണെന്നും അത് പാലിക്കപ്പെട്ടില്ലെന്നും ഹരജിയില്‍ പറയുന്നു. വ്യക്തി നിയമത്തില്‍ പാണ്ഡിത്യമുള്ള അംഗം ഒരു പ്രത്യേക വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നയാളാണെന്നും മുന്‍പുണ്ടായിരുന്ന ട്രൈബ്യൂണലില്‍ നിരവധി കേസുകളില്‍ ഒരു കക്ഷിക്ക് വേണ്ടി ഹാജരായിരുന്നയാളായിരുന്നുവെന്നും ഹരജിയില്‍ ആരോപിക്കുന്നു. ട്രൈബ്യൂണലിലെ അംഗങ്ങളുടെ നിയമനം സുതാര്യമാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
ജസ്റ്റിസ് കെ. ഹരിലാല്‍, ജസ്റ്റിസ് നാരായണ പിഷാരടി എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഹരജി പരിഗണിച്ചത്. സുനില്‍ നായര്‍ പാലക്കാട്, എം.എം അലിയാര്, എം.എ അഹമ്മദ് ഷഹീര്‍ എന്നിവര്‍ മുഖേനയാണ് ഹരജി സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."