ജിദ്ദ ഇന്റർനാഷണൽ ഷോപ്പിംഗ് സെന്ററിൽ വൻ തീപിടുത്തം, കോടിക്കണക്കിന് റിയാലിന്റെ നാശനഷ്ടം
ജിദ്ദ: ജിദ്ദയിൽ ഇന്റർനാഷണൽ മാർക്കറ്റിൽ വൻ തീപിടുത്തം. ഞായറാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. കഠിന ശ്രമങ്ങളുടെ ഫലമായി തീ നിയന്ത്രണ വിധേയമാണ്. അഗ്‌നിശമന രക്ഷാസേനയുടെ നിരവധി യൂനിറ്റുകൾ മണിക്കൂറുകൾ നീണ്ട കഠിനപ്രയ്തനത്തിലൂടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ജിദ്ദയിലെ പ്രശസ്തമായ വാണിജ്യ കേന്ദ്രങ്ങളിലൊന്നാണ് ജിദ്ദ ഇന്റർനാഷണൽ മാർക്കറ്റ്. മലയാളികളടക്കം നിരവധി പേർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. മലയാളികൾ സ്വന്തമായി നടത്തുന്നതുമായ വിവിധ ഷോപ്പുകൾ അഗ്നിക്കിരയായിട്ടുണ്ട്.
തീ പിടിത്തത്തിന്റെ നിരവധി വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. തൊട്ടടുത്തുള്ള മെരിഡിയൻ ഹോട്ടലിലേക്ക് തീ പടരാതെ നിയന്ത്രിക്കാൻ സിവിൽ ഡിഫൻസിന് കഴിഞ്ഞു. അതേസമയം, തീപിടുത്ത കാരണം വ്യക്തമല്ല.
75,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഷോപ്പിംഗ് സെന്ററിൽ 200 ഓളം വിത്യസ്ത ഷോപ്പുകളുണ്ട്. നിരവധി അന്താരാഷ്ട്ര ബിസിനസ് എക്സ്‌പോകൾക്ക് വേദിയായ ഇന്റർനാഷണൽ ഷോപ്പിംഗ് സെന്റർ നാലരപതിറ്റാണ്ട് മുൻപാണ് പ്രവർത്തനം തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."