അദാനിക്കു മേല്‍ കേരള സര്‍ക്കാരിന് വിജയം കേസിന്റെ മെറിറ്റ് നോക്കി തീരുമാനമെടുക്കണമെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിനു കൈമാറാനുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ തീരുമാനത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ റിട്ട് ഹരജി നിലനില്‍ക്കില്ലെന്ന ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ റിട്ട് ഹരജി നിയമപരമായി നിലനില്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.
വിമാനത്താവളം കൈമാറുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ ഹരജി മെറിറ്റില്‍ കേള്‍ക്കണമെന്നും സുപ്രിം കോടതി ഹൈക്കോടതിക്കു നിര്‍ദേശം നല്‍കി.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 18നാണ് കേരളാ സര്‍ക്കാറിന്റെ റിട്ട് ഹരജി ഹൈക്കോടതി തള്ളിയത്. സംസ്ഥാന സര്‍ക്കാര്‍ ഫയല്‍ ചെയ്ത റിട്ട് ഹരജി നിലനില്‍ക്കില്ലെന്നും ഭരണഘടനയുടെ അനുച്ഛേദം 131 പ്രകാരം സ്യൂട്ട് ഹരജി ഫയല്‍ ചെയ്യണമെന്നുമായിരുന്നു ഹൈക്കോടതി വിധി.
വിമാനത്താവളം കൈമാറാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടില്ലെന്നും അതിനാല്‍ സര്‍ക്കാരിന്റെ ഹരജി അനവസരത്തിലാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയിലെത്തുകയായിരുന്നു. വിമാനത്താവളം കൈമാറാനുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചിട്ടില്ലെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കു വേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജന്‍ സുപ്രിം കോടതിയില്‍ വാദിച്ചു. എന്നാല്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുന്നതിന് ആദ്യം തങ്ങളെ പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ചാന്ദര്‍ ഉദയ് സിങും സി.കെ ശശിയും വാദിച്ചു. വിമാനത്താവളത്തില്‍ 140 കോടിയില്‍ അധികം രൂപ ഇതുവരെ കേരള സര്‍ക്കാര്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ഭൂമിയിലാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.
കേരളാ സര്‍ക്കാറിനെ ഒഴിവാക്കി അദാനി ഗ്രൂപ്പിന് നല്‍കുന്നത് ഏകപക്ഷീയവും തെറ്റായ നടപടിയും പൊതുതാല്‍പര്യത്തിന് എതിരുമാണെന്നും അഭിഭാഷകര്‍ വാദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."