കെ.കെ മുഹമ്മദിന് പത്മശ്രീ: ഇന്ത്യയുടെ പുരാവസ്തു ഗവേഷകന് അര്‍ഹതക്കുള്ള അംഗീകാരം
കോഴിക്കോട്: അര്‍ഹതക്കുള്ള അംഗീകാരം പോലെ ഇന്ത്യയുടെ പുരാവസ്തു ഗവേഷകനെ തേടി ഒടുവില്‍ പത്മശ്രീ ബഹുമതിയെത്തി. അതിന്റെ ആകാശത്തോളമുയരുന്ന ആഹ്ലാദത്തിലാണ് കൊടുവള്ളി. കരിങ്ങാമണ്ണ് കുഴിയില്‍ മുഹമ്മദ് എന്ന കെ കെ മുഹമ്മദിന്റെ പുരാവസ്തു ഗവേഷണങ്ങള്‍ ആശ്ചര്യമുണര്‍ത്തുന്നതാണ്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റായിരുന്നു അദ്ദേഹം. ഇപ്പോള്‍ ആഗാ ഖാന്‍ ട്രസ്റ്റ് ഫോര്‍ കള്‍ച്ചറിന്റെ പ്രോജക്ട് ഡയറക്ടറായി സേവനമനുഷ്ടിക്കുന്നുണ്ട്.
ജില്ലയിലെ കൊടുവള്ളിയില്‍ ബീരാന്‍ കുട്ടി ഹാജിയുടെയും മറിയത്തിന്റെയും അഞ്ച് മക്കളില്‍ രണ്ടാമനായാണ് ജനിച്ചത്. കൊടുവള്ളി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു പ്രാഥമിക പഠനം . അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ നിന്ന് പുരാവസ്തുശാസ്ത്രത്തില്‍ ഡിപ്ലോമ നേടി.
അലിഗഡ് സര്‍വകലാശാലയിലെ ചരിത്ര വിഭാഗത്തില്‍ അസിസ്റ്റന്റ് ആര്‍ക്കിയോളജിസ്റ്റായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത് .തുടര്‍ന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി സൂപ്രണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. മദ്രാസിലും ഗോവയിലും സേവനമനുഷ്ടിച്ചശേഷം അദ്ദേഹത്തെ സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റായി സ്ഥാനക്കയറ്റം നല്‍കി നിയമിച്ചു.
ബീഹാര്‍ , ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ് ,മധ്യപ്രദേശ് , ഡല്‍ഹി എന്നിവിടങ്ങളില്‍ സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റായി ജോലി ചെയ്തിരുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഉത്തര മേഖല ഡയറക്ടറായാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചത്.
പാകിസ്താന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് , അമേരിക്കന്‍ പ്രസിഡന്റ് ബാരക്ക് ഒബാമ എന്നിവരുടെ ഇന്ത്യ സന്ദര്‍ശന വേളയില്‍ ചരിത്രസ്മാരകങ്ങളുടെ പരിചയപ്പെടുത്തലിന് സര്‍ക്കാര്‍ നിയോഗിച്ചത് കെ.കെ മുഹമ്മദിനെയാണ്.
അയോധ്യയിലെ ബാബരി മസ്ജിദിന്റെ പന്ത്രണ്ടോളം തൂണുകളുടെ താഴ്ഭാഗത്തു എ ഡി 1112 കാലഘട്ടങ്ങളിലെ ക്ഷേത്രങ്ങളില്‍ കണ്ടുവരാറുള്ള 'പൂര്‍ണ കലശം' കൊത്തിവച്ചിട്ടുണ്ടെന്നും അവിടെ ക്ഷേത്രം നിലനിന്നിരുന്നു എന്നതിന് തെളിവുണ്ടെന്നും അദ്ദേഹം 'ഞാന്‍ എന്ന ഭാരതീയന്‍' എന്ന ആത്മകഥയില്‍ പറഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."