അനിയന്ത്രിതമായി ഡാമുകള്‍ നിര്‍മിച്ചതാണ് ഇന്നത്തെ അവസ്ഥക്ക് കാരണമെന്ന്
വടക്കഞ്ചേരി: കേരളത്തിലെ ഏറ്റവും നീളം കൂടിയ ഭാരതപുഴയുടെ വൃഷ്ടി പ്രദേശങ്ങളിലെ കൈവഴികള്‍ തടഞ്ഞ് അനിയന്ത്രിതമായി ഡാമുകള്‍ നിര്‍മിച്ചതാണ് ഇന്നത്തെ ഈ അവസ്ഥക്ക് കാരണമെന്നും, പുഴയെ വീണ്ടെടുക്കാന്‍ ജനകീയകൂട്ടായ്മകള്‍ മാത്രം മതിയാവില്ലെന്നും, ഭരണകൂട ഇടപെടലുകള്‍ക്കായി ശക്തമായ പ്രക്ഷോഭം നടത്താന്‍ തയ്യാറാവണമെന്ന് ഭാരതപ്പുഴ സംരക്ഷണ സമിതി സെക്രട്ടറി ഡോ. പി.എസ് പണിക്കര്‍ പറഞ്ഞു. ദേശീയ ജനകീയ സംഘടനകളുടെ കൂട്ടായ്മയായ എന്‍.എ.പി.എം സംഘടിപ്പിച്ച ജലവും നീരുറവകളും എന്ന പേരില്‍ നടത്തിയ ശില്‍പശാലയില്‍ വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദുമല്‍പേട്ടക്കടുത്തുള്ള തിരുമൂര്‍ത്തി മലയില്‍ നിന്നാണ് ഭാരതപുഴയുടെ ഉത്ഭവം. പാലാര്‍പുഴക്ക് കുറുകെ തമിഴ്‌നാട് തിരുമൂര്‍ത്തി ഡാം നിര്‍മിച്ചതോടെയാണ് ഭാരതപ്പുഴയില്‍ നീരൊഴുക്ക് തടസപ്പെട്ടത്. ഇതിനു പുറമെ മലകളില്‍നിന്ന് ഒഴുകി വരുന്ന ജലം ആളിയാര്‍ ഡാമില്‍ എത്തിക്കാതെ കോണ്ടൂര്‍ കനാല്‍ നിര്‍മിച്ച് തിരുമൂര്‍ത്തിയിലേക്കു വെള്ളം കടത്തുന്നതും കേരളത്തിലെ ഭാരതപുഴയുടെ കൈവഴികളെയെല്ലാം മരുഭൂമിയാക്കി മാറ്റി.
ഇപ്പോള്‍ ഭാരതപ്പുഴയില്‍ വെള്ളം വേണമെങ്കില്‍ തമിഴ്‌നാട് കനിയണം.
കേരളത്തിലെ മുഖ്യമന്ത്രിയാണെങ്കില്‍ അന്തര്‍ സംസ്ഥാന ജലകരാറുകളുടെ കാര്യത്തില്‍ ഒരു നിലപാടും എടുക്കുന്നില്ല.
മുന്‍പ് തമിഴ്‌നാടിന്റെ കരാര്‍ ലംഘനങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ട് വന്നജന പ്രതിനിധികള്‍ ഇപ്പോള്‍ മൗനത്തിലുമാണ്. കരാര്‍ പുതുക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു.
പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിന് കിട്ടാനുള്ള വെള്ളം മുഴുവന്‍ വാങ്ങിയെടുത്താല്‍ ഭാരതപ്പുഴയില്‍ നീരൊഴുക്ക് നില നിര്‍ത്താന്‍ പറ്റുമെന്ന് അഡ്വ. എസ്. കൊച്ചുകൃഷ്ണന്‍ പറഞ്ഞു. കേരളത്തിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കേരളത്തിന് കിട്ടാനുള്ള അവകാശജലം ലഭിക്കാത്തതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
2018 ല്‍ പി.എ.പി കരാര്‍ കാലാവധി കഴിഞ്ഞിട്ടും പുതുക്കാന്‍ തയാറാവാത്തതിന് പിന്നിലും ഉദ്യോഗസ്ഥരുടെ കള്ളക്കളിയാണ്.
23 വര്‍ഷം ഒരേ തസ്തികയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെ മാറ്റി കരാര്‍ പുതുക്കാന്‍ നടപടി എടുക്കണം. കേരളത്തിന് വെള്ളം കിട്ടാന്‍ കരാര്‍ പുതുക്കാതെ മുന്നോട്ട് പോയിട്ട് കാര്യമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."