ചളിയംകോട് പാത അടച്ചു മണ്ണിടിച്ചില്‍ തുടരാന്‍ സാധ്യത; ജീവനു ഭീഷണിയെന്നു നാട്ടുകാര്‍
ഉദുമ: ചളിയംകോട്ടെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ ചെമ്മനാട് മുതല്‍ മേല്‍പറമ്പ് വരെയുള്ള പാത പൊലിസ് അടച്ചു. ഇവിടെ നിന്നുള്ള വാഹനങ്ങളെ ദേളി മുണ്ടാങ്കുലം വഴിലും മേല്‍പറമ്പ് ചട്ടഞ്ചാല്‍ വഴിയുമാണ് തിരിച്ചു വിട്ടു. ബുധനാഴ്ച വൈകുന്നേരം മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചിരുന്നു. അപ്രതീക്ഷിതമായി ഇന്നലെ പാത അടച്ചിട്ടതിനെ തുടര്‍ന്ന് സംസ്ഥാന പാതയിലെ വാഹനങ്ങളെ ഉള്‍ക്കൊള്ളാനാവാതെ ദേളി റോഡ് വീര്‍പ്പ് മുട്ടി. ദീര്‍ഘനേരമെടുത്താണ് കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് ഈ പാത വിട്ടു കടക്കാനായത്. പാത വാഹനങ്ങള്‍ക്ക് തുറന്ന് കൊടുക്കണമെങ്കില്‍ രണ്ടാഴ്ചയിലേറെ സമയമെടുക്കുമെന്ന് കെ.എസ്.ടി.പി അധികൃതര്‍ പറഞ്ഞു. മണ്ണിടിച്ചില്‍ തുടരുകയാണെങ്കില്‍ പാത അനിശ്ചിത കാലത്തേക്ക് അടച്ചിടേണ്ടി വരും. അതേ സമയം, മണ്ണിടിഞ്ഞതിനെ തുടര്‍ന്നു സമീപത്തെ വീടിന്റെ ഒരു ഭാഗം തകര്‍ന്ന പ്രദേശത്ത് ഇനിയും മണ്ണിടിയാന്‍ സാധ്യതയുള്ളതായി സ്ഥലം സ്ന്ദര്‍ശിച്ച വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. ഇതേ തുടര്‍ന്ന് സമീപത്തുള്ള വീടുകളിലെ താമസക്കാരെ മാറ്റിപ്പാര്‍പ്പിച്ചു.
കഴിഞ്ഞ വര്‍ഷം മഴ പെയ്തപ്പോഴും ഇവിടെ വ്യാപകമായി മണ്ണിടിഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് കോണ്‍ക്രീറ്റ് ചുമര്‍ പണിത് പാത സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ഫണ്ട് അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതു വരെ മതിലിന്റെ പണി പൂര്‍ത്തിയാവാത്തതാണ് വ്യാപകമായി മണ്ണിടിയാന്‍ കാരണമായത്. മണ്ണിടിച്ചല്‍ തടയാന്‍ ആവശ്യമായ സുരക്ഷ കെ.എസ്.ടി.പി പണിയുന്ന കോണ്‍ക്രീറ്റ് മതിലിനില്ലെന്ന് ചൂണ്ടിക്കാട്ടി 'സുപ്രഭാതം' നേരത്തെ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
പാതയുടെ പടിഞ്ഞാറു വശത്തും മണ്ണിടിയാനുള്ള സാധ്യതയുണ്ടെങ്കിലും അവിടെ സംരക്ഷണമൊരുക്കാന്‍ ഇത് വരെ കെ.എസ്.ടി.പി തയാറായിട്ടില്ല. അപകടമുണ്ടായ ശേഷം താല്‍ക്കാലിക പ്രവൃത്തികള്‍ നടത്തുന്നതല്ലാതെ അപകടം ഇല്ലാതാക്കാനുള്ള ഒരു പ്രവൃത്തിയും ഉണ്ടായിട്ടില്ലെന്ന ആരോപണവും ശക്തമാണ്.
ചന്ദ്രഗിരി പാലത്തിന് സമീപവും പാതയിലേക്ക് മണ്ണിടിഞ്ഞ് വീണിട്ടുണ്ട്. ഇതിനടുത്തായി ഇടിയാനുള്ള പാകത്തിലാണ് കുന്നുകള്‍ നില്‍ക്കുന്നത്. പ്രസ് ക്ലബ് ജങ്ഷന് സമീപം കുന്നിന് മുകളില്‍ നിന്നു തകര്‍ന്ന് വീണ ഇലക്ട്രിക് പോസ്റ്റുകളും വയറുകളും മാറ്റിയിട്ടില്ല. നാട്ടുകാരുടെ ജീവന് ഭീഷണിയായ രീതിയിലുള്ള അപകട സാധ്യത ഇല്ലാതാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുലിക്കുന്ന് പൊതുമരാമത്ത് ഓഫിസുകള്‍ സ്ഥിതിചെയ്യുന്ന ഭാഗത്തെ കുന്നുകളും ഏറെ ഭീഷണി സൃഷ്ടിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."