നസ്‌റുദ്ദീന്‍ മുല്ലയില്‍ നിന്ന് അരുണ്‍ മിശ്രക്ക് ഒരു ഗുണപാഠം
ഭരണഘടനാ വാദത്തിന്റെ പ്രയോഗവല്‍ക്കരണമാണ് ഭരണഘടന. ഭരണകൂടത്തിന്റെ അധികാരം നിര്‍വചിതവും പരിമിതവും ആയിരിക്കണമെന്നും ഭരണീയരുടെ മൗലികമായ മനുഷ്യാവകാശങ്ങള്‍ ഭരണകൂടത്തെ തൊട്ട് സംരക്ഷിതമായിരിക്കണം എന്നുമാണ് ഭരണഘടനാ വാദത്തിന്റെ (കോണ്‍സ്റ്റിറ്റിയൂഷനലിസം) സാരാംശം. ചരിത്രപരമായ പരിണാമത്തിലൂടെയാണു ഭരണഘടനാ വാദം രൂപംകൊണ്ടത്. 1688ല്‍ ഇംഗ്ലണ്ടില്‍ നടന്ന മഹത്തായ വിപ്ലവത്തില്‍ നിന്നാണ് ഭരണഘടനാ വാദത്തിന്റെ ആരംഭം. പാര്‍ലമെന്റും രാജാവും തമ്മിലുണ്ടായ കലഹം പാര്‍ലമെന്റിന്റെ വിജയത്തില്‍ കലാശിച്ചു. ഈ സമരത്തില്‍ രണ്ടു വിഭാഗത്തെയും ന്യായീകരിക്കാന്‍ പണ്ഡിതന്മാര്‍ രംഗത്തുവന്നു. ഇങ്ങനെ രംഗത്തുവന്ന പണ്ഡിതന്മാര്‍ മുന്നോട്ടുവച്ച ആശയമാണ് സാമൂഹ്യ കരാര്‍ സിദ്ധാന്തം.
ഈ സിദ്ധാന്തത്തെ ഇരുപക്ഷവും പരസ്പരവിരുദ്ധമായ രീതിയില്‍ വ്യാഖ്യാനിച്ചു. രാജപക്ഷത്തിനു വേണ്ടി തോമസ് ഹോബ്‌സും പാര്‍ലമെന്റിനു വേണ്ടി ജോണ്‍ ലോക്കുമാണ് വാദിച്ചത്. ഇതില്‍ ജോണ്‍ ലോക്കിന്റെ വാദഗതികളില്‍ നിന്നാണ് ലിബറലിസവും ഭരണഘടനാ വാദവും ഉരുവം കൊള്ളുന്നത്. സ്റ്റേറ്റ് (രാഷ്ട്രം) രൂപം കൊള്ളുന്നതിനു മുന്‍പ് പ്രാകൃത രാഷ്ട്രം (സ്റ്റേറ്റ് ഓഫ് നേച്ചര്‍) എന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. മനുഷ്യര്‍ നൈസര്‍ഗികമായി നന്മയുള്ളവര്‍ ആയതിനാല്‍ ജനങ്ങള്‍ രാഷ്ട്രാതീത കാലത്ത് പരസ്പര സഹകരണത്തോടെ വര്‍ത്തിച്ചു. ഈ സഹകരണം ശക്തിപ്പെടുത്താനാണ് ഒരു സാമൂഹ്യ കരാറിലൂടെ ജനങ്ങള്‍ രാഷ്ട്രം രൂപീകരിച്ചത്. ഇതായിരുന്നു ജോണ്‍ ലോക്കിന്റെ വാദഗതി.
ഏതൊരു കരാറിനും ഒരു പരസ്പര ധര്‍മം (ക്വിഡ് പ്രൊ ക്യുയോ) ഉണ്ടായിരിക്കും. അതാണു കരാറിന്റെ സത്ത. ജനങ്ങളും രാഷ്ട്രവും തമ്മിലുള്ള സാമൂഹ്യ കരാര്‍ പ്രകാരം ജനങ്ങള്‍ രാഷ്ട്രത്തെ അനുസരിക്കണമന്നും പകരം രാഷ്ട്രം ജനങ്ങളുടെ ജീവന്‍, സ്വാതന്ത്ര്യം, സ്വത്ത് എന്നീ മൂന്ന് അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും വ്യവസ്ഥ ചെയ്തു. ഈ സാമൂഹ്യ കരാറിനു ചരിത്രപരമായ പിന്‍ബലമില്ലെങ്കിലും രാഷ്ട്രീയ തത്വചിന്തയില്‍ ഏറെ പ്രസക്തിയുണ്ട്. അമേരിക്കന്‍ വിപ്ലവവും അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനവും ഈ സിദ്ധാന്തത്തിനു പ്രായോഗിക രൂപം നല്‍കുകയായിരുന്നു പിന്നീട്. എല്ലാ വ്യക്തികളും തുല്യരായി ജനിച്ചവരാണെന്നും അവര്‍ക്ക് അവരുടെ സ്രഷ്ടാവ് അന്യാധീനപ്പെടുത്താനാകാത്ത ചില അവകാശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ജീവന്‍, സ്വാതന്ത്ര്യം, സന്തോഷം എന്നിവ നേടാനുള്ള അവകാശം എന്നിവയാണ് ഇവയില്‍ പ്രധാനമെന്നും അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനം ഉദ്‌ഘോഷിച്ചു. ജനങ്ങളുടെ അനുമതിയോടെ മാത്രമേ ഭരണകൂടം രൂപം കൊള്ളുകയുള്ളൂവെന്നും അത്തരം ഭരണകൂടം ഈ അവകാശങ്ങളെ ഹനിച്ചാല്‍ ആ ഭരണകൂടത്തെ പുറത്താക്കി പുതിയ ഭരണക്രമത്തെ സൃഷ്ടിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തില്‍ പറയുന്നുണ്ട്. അമേരിക്കന്‍ ഭരണഘടനയോട് പിന്നീട് കൂട്ടിച്ചേര്‍ത്ത 'ബില്‍ ഓഫ് റൈറ്റ്‌സ്' ജനങ്ങളുടെ അവകാശങ്ങള്‍ എണ്ണിപ്പറഞ്ഞു.
ഭരണകൂടത്തിന്റെ നൈസര്‍ഗികമായ അമിതാധികാര പ്രവണതയെ തടയാന്‍ അമേരിക്കന്‍ ഭരണഘടനാ പിതാക്കള്‍ ആവിഷ്‌കരിച്ച ഉപാധികളായിരുന്നു ഫെഡറലിസം, ബൈകാമറലിസം, അധികാര വിഭജനവും പരസ്പര നിയന്ത്രണ വ്യവസ്ഥയും എന്നിവ. ഇന്ത്യന്‍ ഭരണഘടനയും ഏതൊരു ആധുനിക ഭരണഘടനയും പോലെ ഭരണഘടനാ വാദത്തില്‍ വേരൂന്നിയതാണ്. അതു 'ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങളും (ംല വേല ുലീുഹല ീള കിറശമ) ഇന്ത്യന്‍ റിപ്പബ്ലിക്കും തമ്മിലുള്ള ഒരു ലോക്കിയന്‍ സാമൂഹ്യ കരാര്‍ ആണ്. ജനങ്ങള്‍ റിപ്പബ്ലിക്കിനെ അനുസരിക്കുന്നതിനു പകരമായി റിപ്പബ്ലിക്ക് ഇന്ത്യന്‍ പൗരന്മാര്‍ക്ക് അലംഘനീയമായ ചില മൗലികാവകാശങ്ങള്‍ ഉറപ്പു നല്‍കുന്നുണ്ട്. ഈ കരാര്‍ സംബന്ധമായി ഉടലെടുക്കുന്ന ഏതൊരു തര്‍ക്കത്തിലും സ്വതന്ത്രമായും നിഷ്പക്ഷമായും വിധിപറയാനുള്ള അധികാരവും ബാധ്യതയുമുള്ള മധ്യസ്ഥനാണ് ജുഡിഷ്യറി, പ്രത്യേകിച്ചും സുപ്രിംകോടതി.
'നീതിയുടെ ന്യായാധിപന്റെ ഇരിപ്പിടം ദൈവത്തിന്റെ ഇരിപ്പിടമാണ് ' എന്നാണ് ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ സഭയിലെ ക്രാന്തദര്‍ശിയായിരുന്ന മഹാവീര്‍ ത്യാഗി പ്രസ്താവിച്ചത്. മൗലികാവകാശങ്ങളെയും ജുഡിഷ്യറിയെയും കാല്‍പനിക ഭാവത്തോടെയാണു ഭരണഘടനാ നിര്‍മാതാക്കള്‍ വാര്‍ത്തെടുത്തത്. 'കോടതികളാണ് മൗലികാവകാശങ്ങള്‍ക്കു പ്രാബല്യം നല്‍കുന്നത് എന്നതിനാല്‍ ജുഡിഷ്യറിയെ മൗലികാവകാശങ്ങളുടെ അനുബന്ധമായാണ് ഭരണഘടനാ നിര്‍മാതാക്കള്‍ കണ്ടത്'. ഗ്രാന്‍വില്‍ ഓസ്റ്റിന്‍ തന്റെ വിഖ്യാതമായ 'ദി ഇന്ത്യന്‍ കോണ്‍സ്റ്റിറ്റിയൂഷന്‍: കോര്‍ണര്‍സ്റ്റോണ്‍ ഓഫ് എ നേഷന്‍' എന്ന കൃതിയില്‍ ഇങ്ങനെ നിരീക്ഷിക്കുന്നുണ്ട്.
ഭരണഘടനയുടെയും മൗലികാവകാശങ്ങളുടെയും സംരക്ഷകനും വ്യാഖ്യാതാവുമാണ് സുപ്രിംകോടതി. പൗരാവകാശങ്ങളുടെയും ന്യൂനപക്ഷാവകാശങ്ങളുടെയും കാവല്‍ഭടനും സാമൂഹ്യ വിപ്ലവത്തിന്റെ പ്രകാശ ഗോപുരവുമായാണ് സുപ്രിംകോടതിയെ നമ്മുടെ സ്ഥാപക പിതാക്കള്‍ വിഭാവനം ചെയ്തത്. ഭരണഘടനാ നിര്‍മാതാക്കള്‍ സുപ്രിംകോടതിക്കു ജുഡിഷ്യല്‍ റിവ്യൂ എന്ന വജ്രായുധം നല്‍കിയിട്ടുമുണ്ട്. നിയമനിര്‍മാണ വിഭാഗവും ഭരണനിര്‍വഹണ വിഭാഗവും ഭരണഘടനാ ലംഘനം നടത്തിയാല്‍ അതു തടയാനുള്ള അധികാരവും ബാധ്യതയും സുപ്രിംകോടതിക്കുണ്ട്. പാര്‍ലമെന്റിനു സുപ്രിംകോടതിയുടെ അധികാരം വര്‍ധിപ്പിക്കാനല്ലാതെ കുറയ്ക്കാനുള്ള അധികാരമില്ല. ജഡ്ജിമാരുടെ ശമ്പളവും അലവന്‍സുകളും പാസാക്കാന്‍ പാര്‍ലമെന്റിന്റെ അനുമതി ആവശ്യമില്ല. ഇതെല്ലാം സുപ്രിംകോടതിയുടെ നിഷ്പക്ഷതയും സ്വാതന്ത്ര്യവും നിലനിര്‍ത്താനുള്ള മാര്‍ഗങ്ങളാണ്.
ന്യായാധിപന്മാരുടെ നിഷ്പക്ഷതയും ധീരതയുമാണ് ഭരണഘടനയിലെ അക്ഷരങ്ങള്‍ക്കു ജീവന്‍ പകരേണ്ടത്. ന്യായാധിപന്മാര്‍ ഭീരുക്കളും ഭരണകൂടത്തിന്റെ വൈതാളികരുമായി മാറിയാല്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ നീതിപീഠം എന്ന ഭരണഘടനാ സ്വപ്നം മരീചികയായി അവശേഷിക്കും. ലോര്‍ഡ് ഡെന്നിങ് ചൂണ്ടിക്കാണിച്ചതു പോലെ ന്യായാധിപന്മാര്‍ കേവലം ആംപയര്‍മാര്‍ മാത്രമല്ല; അവര്‍ സത്യാന്വേഷികള്‍ കൂടിയാണ്. നീതിപീഠത്തിനു സ്വന്തമായി സൈനികശക്തിയോ ധനശക്തിയോ ഇല്ല. പൗരസമൂഹത്തില്‍ അതിനുള്ള സല്‍പ്പേരും വിശ്വാസവും മാത്രമാണ് കോടതികളുടെ മൂലധനം. ഭരണകൂടം നിരന്തരം കോടതികളുടെ അന്തസ് ഇടിക്കാന്‍ ശ്രമിക്കും. അതിനെ പ്രതിരോധിക്കേണ്ടത് കോടതി തന്നെയാണ്. പൗരാവകാശങ്ങളുടെ കാവല്‍ക്കരനായ കോടതിക്ക് ആരു കാവല്‍ നില്‍ക്കുമെന്ന റോമന്‍ കവി ജുവേനലിന്റെ ചോദ്യം നിത്യപ്രസക്തവും അസ്വസ്ഥതയുമുളവാക്കുന്നതാണ്. സമൂഹത്തില്‍ സംശയാതീതമായ വിശ്വാസ്യതയും നിഷ്പക്ഷതയുമുള്ള ഒരു സ്ഥാപനം അനിവാര്യമാണ്-കാവല്‍ക്കാരന്‍ ആവശ്യമില്ലാത്ത ഒരു കാവല്‍ക്കാരന്‍. ലോര്‍ഡ് ഡെന്നിങ് പ്രസ്താവിച്ചതു പോലെ അതു ന്യായാധിപരും നീതിപീഠവുമാണ്.
എന്നാല്‍ ഇന്ത്യന്‍ നീതിപീഠത്തിന്റെ നിഷ്പക്ഷതയിലും സ്വാതന്ത്ര്യത്തിലും കരിനിഴല്‍ വീഴ്ത്തുന്ന സംഭവങ്ങള്‍ക്കു സാക്ഷ്യം വഹിക്കാനുള്ള ദുര്‍വിധി നമുക്കു കൈവന്നിരിക്കുന്നു. സുപ്രിംകോടതിയിലെ മുതിര്‍ന്ന ന്യായാധിപന്‍ അരുണ്‍ മിശ്ര പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിധിവിട്ട് പ്രശംസിച്ചത് നീതി പീഠത്തിന്റെ നിഷ്പക്ഷതയ്ക്കു കളങ്കം ചാര്‍ത്തുന്നു. 'നീതി നടപ്പാക്കിയാല്‍ മാത്രം പോരാ, നടപ്പാക്കി എന്ന് എല്ലാവര്‍ക്കും തോന്നിപ്പിക്കുകയും വേണം' എന്ന ലോര്‍ഡ് ഹേവാര്‍ടിന്റെ പ്രസ്താവന നിയമരംഗത്തെ ഒരു ആപ്തവാക്യമാണ്.
നരേന്ദ്ര മോദിയുടെ ഭരണകൂടം കൊണ്ടുവന്ന ഭരണഘടനയെ ഉല്ലംഘിക്കുന്ന പൗരത്വ നിയമ ഭേദഗതിയും കശ്മിരിന്റെ പ്രത്യേക പദവി അന്യായമായി എടുത്തുകളഞ്ഞതും അടക്കമുള്ള കേസുകള്‍ സുപ്രിംകോടതി പരിഗണിക്കവെയാണ് അരുണ്‍ മിശ്ര ഇത്തരം വൈതാളികവേലയ്ക്കു മുതിര്‍ന്നത്. ഇന്റര്‍നാഷനല്‍ ജുഡിഷ്യല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കവേയാണ് അന്താരാഷ്ട്ര തലത്തില്‍ പ്രശംസിക്കപ്പെട്ട പ്രതിഭയാണ് മോദി എന്ന് ഈ ന്യായാധിപന്‍ നിര്‍ലജ്ജം പ്രസ്താവിച്ചത്. പൗരന്മാര്‍ക്കും ഭരണകൂടത്തിനും ഇടയിലെ നിഷ്പക്ഷ മധ്യസ്ഥനായ സുപ്രിംകോടതിയുടെ പ്രസക്തി തന്നെ നഷ്ടപ്പെടുത്തുന്നതായി ഈ പ്രസ്താവന. ഭയമോ പക്ഷപാതമോ കൂടാതെ ന്യായാധിപന്‍ എന്ന നിലയിലുള്ള തന്റെ കര്‍ത്തവ്യം നിര്‍വഹിക്കാമെന്ന സത്യപ്രതിജ്ഞയുടെ ലംഘനം കൂടിയാണിത്.
1995ല്‍ സി. രവിചന്ദ്രന്‍ അയ്യര്‍-ജസ്റ്റിസ് എ.എം ഭട്ടാചാര്യ ആന്‍ഡ് അതേര്‍സ് കേസില്‍ സുപ്രിംകോടതി നിരീക്ഷിച്ചത് 'ന്യായാധിപന്മാര്‍ സാധാരണക്കാരായ വ്യക്തികളെക്കാള്‍ ഉയര്‍ന്ന സ്വഭാവരീതികള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്' എന്നാണ്. സമൂഹത്തിന്റെ അധപതനം ജഡ്ജിമാരെ ഗ്രസിക്കാന്‍ പാടില്ല. ഉന്നത ന്യായാധിപന്മാര്‍ വീഴ്ചകള്‍ ബാധിക്കുന്ന കളിമണ്‍ സൃഷ്ടികള്‍ ആകരുത്. അവര്‍ രാഷ്ട്രീയമോ സാമ്പത്തികമോ ആയ സമ്മര്‍ദങ്ങള്‍ക്കു വശംവദരാകാത്ത ഉറച്ച ലോഹങ്ങളാല്‍ സൃഷ്ടിക്കപ്പെട്ടവരാകണം. പൗരന്മാര്‍ക്ക് ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഫലങ്ങള്‍ ആസ്വദിക്കണമെങ്കില്‍ ജഡ്ജിമാര്‍ നിഷ്പക്ഷരായിരിക്കണം. മറിച്ചായാല്‍ നിയമവാഴ്ചയുടെ അടിവേരിളകും. എന്നാല്‍ സുപ്രിംകോടതിയുടെ ഈ വിഭാവനയെ അരുണ്‍ മിശ്ര തകര്‍ത്തുകളഞ്ഞിരിക്കുന്നു. പദവികള്‍ക്കു വേണ്ടി മുഖസ്തുതി പറയുന്ന രാഷ്ട്രീയക്കാരുടെ നിലവാരത്തിലേക്ക് അദ്ദേഹം താഴ്ന്നു. മാത്രമല്ല, സുപ്രിംകോടതിയുടെ അന്തസ് കളങ്കപ്പെടുത്തുകയും ചെയ്തു.
തുര്‍ക്കിഷ് നാടോടിക്കഥയില്‍ ജ്ഞാനിയായ നസ്‌റുദ്ദീന്‍ മുല്ലയുടെ ഒരു കഥയുണ്ട്. ഒരിക്കല്‍ മുല്ല തെരുവിലൂടെ നടന്നുപോവുകയായിരുന്നു. എതിരേ വന്ന പ്രമാണിയായ ധനികന്‍ കാരണമൊന്നുമില്ലാതെ മുല്ലയുടെ കരണത്ത് ശക്തമായി അടിച്ചു. ദുഃഖിതനും അപമാനിതനുമായ മുല്ല നഗരത്തിലെ ന്യായാധിപനു മുന്നില്‍ പരാതി ബോധിപ്പിച്ചു. ന്യായാധിപന്‍ മുല്ലയെ തല്ലിയ പ്രമാണിയായ ധനികന്റെ സ്വന്തക്കാരനായിരുന്നു. ന്യായാധിപന്‍ പ്രമാണിക്കു വളരെ ലഘുവായ ശിക്ഷയാണു നല്‍കിയത്. തുച്ഛമായ ഒരു ദിനാര്‍ ! മാത്രമല്ല, ആ പിഴയൊടുക്കാന്‍ ധാരാളം സമയവും അനുവദിച്ചു. ന്യായാധിപന്റെ പക്ഷപാതിത്വം മുല്ലയെ കൂടുതല്‍ ദുഃഖിതനും അപമാനിതനുമാക്കി. പിന്നെ ഒന്നും ഓര്‍ത്തില്ല, മുല്ല ന്യായാധിപന്റെ മുഖത്ത് അതിശക്തമായ പ്രഹരമേല്‍പ്പിച്ചു. ശേഷം പറഞ്ഞു: 'ഒരടിയുടെ വില ഒരു ദിനാറാണെങ്കില്‍ അതു താങ്കള്‍ താങ്കളുടെ സുഹൃത്തായ പ്രമാണിയില്‍നിന്ന് ഇടാക്കിയേക്കുക. എനിക്ക് അതിനായി കാത്തുനില്‍ക്കാന്‍ സമയമില്ല !' പക്ഷപാതിത്വത്തോടെ പെരുമാറുന്ന എല്ലാ ന്യായാധിപന്മാര്‍ക്കും മുല്ലയുടെ ഈ കഥയില്‍ അമൂല്യമായ ഒരു ഗുണപാഠമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."