HOME
DETAILS
MAL
ജയിലുകളോട് ചേര്‍ന്ന് പെട്രോള്‍ ബങ്കും കോടതികളോട് ചേര്‍ന്ന് ഫുഡ് കൗണ്ടറും; വിപ്ലവം സൃഷ്ടിക്കാന്‍ ജയില്‍ ഡി.ജി.പി
backup
March 01 2020 | 03:03 AM
കൊച്ചി: ഡി.ജി.പി ഋഷിരാജ് സിങിലൂടെ സംസ്ഥാന ജയില്‍ വകുപ്പ് വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ജയിലുകളോട് ചേര്‍ന്ന് പെട്രോള്‍ ബങ്കുകളും കോടതികളോടു ചേര്‍ന്ന് ഫുഡ് കൗണ്ടറുകളും തുടങ്ങാനുള്ള നടപടികള്‍ ഏകദേശം പൂര്‍ത്തിയായി.
ജയില്‍ കോംപൗണ്ടിനു പുറത്ത് ജയില്‍ സ്ഥലത്ത് പെട്രോള്‍ ബങ്ക് തുടങ്ങാന്‍ ഐ.ഒ.സിയുമായി ധാരണയായി. ജയിലില്‍ ശിക്ഷ കഴിഞ്ഞ് പുറത്തുപോകുന്നവരുടെ പുനരധിവാസത്തിന്റെ ഭാഗമായി അവരുടെ സേവനം പ്രയോജനപ്പെടുത്തിയാണ് വിപ്ലവകരമായ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്നാണ് ജയില്‍ ഡി.ജി.പി വ്യക്തമാക്കുന്നത്. പ്രതിദിനം 500 രൂപയെങ്കിലും ലഭിക്കുന്ന രീതിയില്‍ തൊഴില്‍ നല്‍കാന്‍ കഴിയുമെന്നാണ് വകുപ്പ് കരുതുന്നത്.ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് നാല് സെന്‍ട്രല്‍ ജയിലുകള്‍ കേന്ദ്രീകരിച്ചാണ് ബങ്കുകള്‍ ആരംഭിക്കുക. തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ എന്നിവ കൂടാതെ ചീമേനി ഓപ്പണ്‍ ജയിലുമായി ബന്ധപ്പെടുത്തിയാവും പെട്രോള്‍ ബങ്കുകള്‍ പ്രവര്‍ത്തനം ആരംഭിക്കുക.നിലവില്‍ സംസ്ഥാനത്തെ 53 ജയിലുകളിലും ജയില്‍ ഫുഡ് ഫാക്ടറിയുടെ നേതൃത്വത്തില്‍ അന്തേവാസികള്‍ ആഹാരസാധനങ്ങളും ഗാര്‍ഹികോപകരണങ്ങളും നിര്‍മിക്കുന്നുണ്ട്. ജയില്‍ ഫുഡ് കുറഞ്ഞ വിലയില്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കാന്‍ ജില്ലകളില്‍ കൗണ്ടറുകള്‍ നടത്തിവരുന്നുണ്ട്. എന്നാല്‍ സംസ്ഥാനത്തെ കോടതികളുമായി ബന്ധപ്പെട്ട് ഫുഡ് കൗണ്ടറുകള്‍ തുടങ്ങുന്നത് വലിയമാറ്റമായിരിക്കും സൃഷ്ടിക്കാന്‍ പോകുന്നത്.
കോടതി പരിസരത്ത് വൃത്തിയും കലര്‍പ്പില്ലാത്തതുമായ ശുദ്ധമായ ഭക്ഷണം ലഭ്യമാക്കിയാല്‍ ആവശ്യക്കാരേറുമെന്നും സുരക്ഷിതവുമാണെന്നും മനസിലാക്കിയാണ് ജയില്‍ ഡി.ജി.പി വിപ്ലവകരമായ മാറ്റത്തിനു ശ്രമിക്കുന്നത്. വട പോലുള്ള ചെറുകടികള്‍ക്കും ചായക്കും ആറു രൂപ, ചിക്കന്‍ ബിരിയാണി 65 രൂപ, കുപ്പിവെള്ളം 10 രൂപ ഇങ്ങനെപോകുന്നു നിരക്ക്.കോടതികളുമായി ബന്ധപ്പെടുത്തി ഫുഡ് സ്റ്റാളുകള്‍ തുടങ്ങാന്‍ ഹൈക്കോടതി രജിസ്ട്രാറുടെ അനുമതി തേടിയിട്ടുണ്ട്. കുറ്റവാളികള്‍ ജനിക്കുന്നതല്ലെന്നും സാഹചര്യങ്ങളില്‍ തെറ്റുകളിലേക്ക് വഴുതിയവരാണെന്നും കണ്ട് അന്തേവാസികളുടെ സദുദ്ദേശ്യത്തിന് കോടതി അനുമതി ലഭിക്കുന്നതോടെ സ്റ്റാളുകള്‍ ആരംഭിക്കും.
നിലവില്‍ സംസ്ഥാനത്തെ ഒട്ടുമിക്ക ജയിലുകളിലും ആഹാരസാധനങ്ങളും മറ്റ് ഗാര്‍ഹികോത്പന്നങ്ങളുമടക്കം മിക്കവാറും എല്ലാ സാധനങ്ങളും നിര്‍മിക്കുന്നുണ്ട്. ജയിലുകളിലെല്ലാം കൂടി 35 കോടി രൂപയുടെ സാധനങ്ങളാണ് നിര്‍മിക്കുന്നതെന്ന് ജയില്‍ ഡി.ജി.പി പറയുന്നു. പേരുകേട്ട തിഹാര്‍ ജയിലില്‍ പോലും 32 കോടി രൂപയുടെ സാധനങ്ങള്‍ മാത്രമേ ഉണ്ടാക്കുന്നുള്ളൂ. ജയിലില്‍ കിടക്കുമ്പോള്‍ത്തന്നെ തൊഴില്‍ ചെയ്യുകയും കുടുംബം പുലര്‍ത്തുകയും ചെയ്യുന്നവരാണ് ഇവിടുത്തെ അന്തേവാസികള്‍. തൊഴിലിലൂടെ 15000 രൂപവരെ പ്രതിമാസം ഉണ്ടാക്കുന്നവരുണ്ടെന്ന് ഋഷിരാജ് സിങ് പറയുന്നു.
ജോലിക്കു കൂലി വീട്ടില്‍ കിട്ടും
മറ്റു സംസ്ഥാനങ്ങളില്‍ ജയില്‍പുള്ളികള്‍ക്കു മാത്രമേ തൊഴിലില്‍ ഏര്‍പ്പെടാന്‍ പാടുള്ളൂ എന്നിരിക്കേ സംസ്ഥാനത്ത് ജയിലില്‍ എത്തുന്നവര്‍ക്കെല്ലാം തൊഴിലിലേര്‍പ്പെടാവുന്ന അവസ്ഥയുണ്ട്.
ശിക്ഷ കിട്ടിയവരെ കൂടാതെ, റിമാന്‍ഡ് പ്രതികള്‍, വിചാരണ തടവുകാര്‍ തുടങ്ങിയവര്‍ക്കും ജയിലില്‍ പണിയെടുത്ത് പണമുണ്ടാക്കാം. നിലവില്‍ ശിക്ഷ കിട്ടി ജയിലില്‍ കഴിയുന്നവര്‍ക്ക് പ്രതിദിനം 200 രൂപയാണ് തൊഴിലിന് വേതനം നല്‍കുന്നത്. റിമാന്‍ഡ് പ്രതികള്‍ക്ക് ദിവസം 63 രൂപയും വിചാരണത്തടവുകാര്‍ക്ക് ദിവസം 120 രൂപയും തൊഴിലെടുക്കുന്നതിന് വേതനം നല്‍കുന്നു.
സംസ്ഥാനത്ത് ജയിലുകളിലുള്ള നാലായിരത്തോളം അന്തോവാസികള്‍ക്ക് ജയില്‍ വകുപ്പ് തന്നെ നേരിട്ട് ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഇവരുടെ വേതനം ഈ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയാണ് പതിവ്. ഇവരുടെ കുടുംബങ്ങളുടെ ആശ്രയം പ്രതിമാസം ബാങ്കില്‍നിന്ന് ലഭിക്കുന്ന ഈ തുകയാണ്. അതുകൊണ്ടുതന്നെ ജയിലിലായവര്‍ വീട്ടുകാരെ ഓര്‍ത്ത് പ്രയാസപ്പെടുന്ന അവസ്ഥയില്ല. ജയിലില്‍ കിടന്നുകൊണ്ടുതന്നെ കുടുംബം പുലര്‍ത്താന്‍ കഴിയുന്നതില്‍ അന്തേവാസികള്‍ക്ക് ചാരിതാര്‍ഥ്യമുണ്ടെന്ന് ഡി.ജി.പി പറയുന്നത് അവര്‍ക്ക് തൊഴിലെടുക്കാനുള്ള അവസരം ഉണ്ടാക്കി കൊടുത്തിട്ടുണ്ടെന്ന മേന്‍മയിലാണ്.
ജയില്‍ പരിസരത്ത് വ്യാപകമായി പച്ചക്കറി കൃഷി ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. ജയിലുകളില്‍ ഒരു വര്‍ഷം ഏതാണ്ട് 20 ലക്ഷം ടണ്‍ ഭക്ഷ്യോത്പന്നങ്ങളാണ് വേണ്ടിവരുന്നത്. ഇതിനുള്ള സാധനങ്ങള്‍ സ്വയം നിര്‍മിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പച്ചക്കറിയും കൃഷി ചെയ്യാനാരംഭിച്ചതെന്നും ഡി.ജി.പി വിശദീകരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."