HOME
DETAILS
MAL
ആര്‍ക്കും രക്ഷയില്ല; അവര്‍ സൈനികന്റെ വീടും കത്തിച്ചു!
backup
March 01 2020 | 04:03 AM
ന്യൂഡല്‍ഹി: തലസ്ഥാനത്ത് നടന്ന വംശഹത്യയില്‍ ഒരു ബി.എസ്.എഫ് ജവാന്റെ വീടും സംഘ്പരിവാര്‍ അക്രമികള്‍ അഗ്നിക്കിരയാക്കി. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഖജൂരിഖാസില്‍ മുഹമ്മദ് അനീസ് എന്ന ജവാന്റെ വീടാണ് മറ്റു പല വീടുകള്‍ക്കുമൊപ്പം അക്രമികള്‍ നശിപ്പിച്ചത്.
അനീസ് സൈനികനാണെന്നു തിരിച്ചറിയുന്ന ബോര്‍ഡ് വീടിനു മുന്‍പില്‍ സ്ഥാപിച്ചിരുന്നു. എന്നിട്ടും, പാകിസ്താന്‍ അനുകൂലിയെന്ന ആക്ഷേപത്തോടെയാണ് അദ്ദേഹത്തിന്റെ വീട് കത്തിച്ചത്. 'പാകിസ്താനി, ഇറങ്ങിവരൂ, ഞങ്ങള്‍ നിനക്ക് പൗരത്വം തരാം' എന്നു പറഞ്ഞായിരുന്നത്രേ ആക്രമണം. തുടര്‍ന്ന് ഗ്യാസ് സിലിണ്ടര്‍ എറിഞ്ഞാണ് വീട് കത്തിച്ചത്.
2013ല്‍ ബി.എസ്.എഫില്‍ ചേര്‍ന്ന ശേഷം മൂന്നു വര്‍ഷം ജമ്മു കശ്മിരില്‍ രാജ്യാതിര്‍ത്തി കാത്ത സൈനികനാണ് അനീസ്. അക്രമത്തില്‍ ഇദ്ദേഹത്തിന്റെ മൂന്നു ലക്ഷം രൂപയും വീട്ടിലെ സ്വര്‍ണാഭരണങ്ങളും മറ്റു വസ്തുവകകളും കത്തിനശിച്ചു. എന്നാല്‍, സൈനികന്റെ വീട് കത്തിച്ച വാര്‍ത്ത പുറത്തുവന്നതോടെ ഇദ്ദേഹത്തിനു സഹായവാഗ്ദാനവുമായി സൈന്യം രംഗത്തെത്തിയിട്ടുണ്ട്. ബി.എസ്.എഫിന്റെ നേതൃത്വത്തില്‍ ഇദ്ദേഹത്തിനു വീട് നിര്‍മിച്ചുനല്‍കും. സൈനികന്റെ പിതാവ് മുഹമ്മദ് മുനീസിനെ വിളിച്ചാണ് ബി.എസ്.എഫ് മേധാവികള്‍ സഹായവാഗ്ദാനം നല്‍കിയത്. വീടിനുനേരെ ആക്രമണം നടക്കുമ്പോള്‍ പിതാവിനു പുറമേ അമ്മാവന്‍, 18കാരിയായ ബന്ധു എന്നിവര്‍ വീടിനകത്തുണ്ടായിരുന്നു. ഇവര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
ബി.എസ്.എഫ് ഡയരക്ടര്‍ ജനറല്‍ വിവേക് ജോഹ്‌രി തങ്ങള്‍ അവരെ സഹായിക്കുമെന്നു മാധ്യമങ്ങളോടും വ്യക്തമാക്കി. വീട് നിര്‍മിച്ചുനല്‍കുന്നതിനു പുറമേ സാമ്പത്തിക സഹായവും നല്‍കും. ബി.എസ്.എഫ് വെല്‍ഫയര്‍ ഫണ്ടില്‍നിന്ന് സാനികന് നാളെത്തന്നെ അഞ്ചു ലക്ഷം രൂപ നല്‍കുമെന്നാണ് വിവരം. വിവാഹം കഴിഞ്ഞ് മൂന്നു മാസം മാത്രമായ തങ്ങളുടെ സഹപ്രവര്‍ത്തകന് തങ്ങളുടെ സമ്മാനമാണ് ഇതെന്നാണ് ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."