വാഴാലിപ്പാടം ഉരുക്ക് തടയണ സംരക്ഷണത്തിന് ജനകീയ സന്നദ്ധ സേനക്ക് രൂപം നല്‍കി
ചെറുതുരുത്തി: സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം നടന്ന സംസ്ഥാനത്തെ പ്രഥമ ഉരുക്ക് തടയണ സംരക്ഷിക്കുന്നതിന് കര്‍മ്മ പദ്ധതിയുമായി പാഞ്ഞാള്‍ പഞ്ചായത്ത്. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നാട്ടുകാരുടേയും, പൊലിസ്, ജനപ്രതിനിധികളുടെയും യോഗത്തില്‍ ജനകീയ സന്നദ്ധ സേനക്ക് രൂപം നല്‍കി.
തടയണക്കെട്ടിന് താഴെയുള്ള സുരക്ഷാ കമ്പികള്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് അറുത്ത് മാറ്റിയ നിലയില്‍ കണ്ടെത്തിയത് സുപ്രഭാതമാണ് പുറത്ത്‌കൊണ്ടു വന്നത്. റിപ്പോര്‍ട്ട് വന്ന ഉടന്‍ യു.ആര്‍ പ്രദീപ് എം.എല്‍.എ സ്ഥലം സന്ദര്‍ശിക്കുകയും തടയണ സംരക്ഷണത്തിന് നടപടി കൈകൊള്ളുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് പാഞ്ഞാള്‍ പഞ്ചായത്തിന്റെ നടപടി. തടയണയുടെ ഉയര ക്രമീകരണത്തിന് മുകളിലൂടെ വെള്ളം ഒഴുകുമ്പോള്‍ താഴെക്ക് കുത്തനെ പതിക്കുന്നത് മൂലം താഴെ സ്ഥാപിച്ചിട്ടുള്ള കല്ല് പാളികള്‍ ഇളകാതിരിക്കുന്നതിനും, ഇതു മൂലം തടയണക്ക് ബലക്ഷയം ഉണ്ടാകാതിരിക്കുന്നതിനും വേണ്ടിയാണ് യൂറോപ്പില്‍ നിന്ന് ഇറക്കുമതി ചെയ്ത വില കൂടിയ പ്രത്യേകതരം കമ്പികള്‍ സ്ഥാപിച്ചിരുന്നത്.
മഴ ശക്തമായതോടെ തടയണ നിറഞ്ഞൊഴുകാന്‍ തുടങ്ങിയിട്ടുണ്ട്. ഇതോടെ മീന്‍ പിടുത്തക്കാരും രാത്രിയും പകലും തടയണ പരിസരത്ത് വിലസുകയാണ്. തടയണക്കെട്ടിന് മുകളിലൂടെ ചാടുന്ന മീനുകള്‍ കമ്പികള്‍ക്കുള്ളില്‍ കുടുങ്ങുകയാണ്. ഈ മീനുകളെ സ്വന്തമാക്കുന്നതിന് വേണ്ടിയാണ് കമ്പികള്‍ അറുത്ത് മാറ്റുന്നത്. ഇത് മൂലം തടയണയുടെ സുരക്ഷ തന്നെ ആശങ്കയുടെ വക്കിലായിരുന്നു.
തടയണയിലെ ജല സമ്പന്നത കാണാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പേരാണ് വാഴാലിപ്പാടത്ത് എത്തുന്നത്. അതുകൊണ്ടു തന്നെ ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കേണ്ടതിന്റെ ആവശ്യവും പരിഗണിച്ചാണ് സന്നദ്ധ സേന രൂപീകൃതമായത്.
യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണി മണിച്ചിറ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ.യു ആരിഫ, ടി.കെ വാസുദേവന്‍, രാജന്‍ വെട്ടത്ത്, പി.എം മുസ്തഫ, പി.ശങ്കരനാരായണന്‍, കെ.കെ അബ്ദുള്ള, എന്‍.എം റസാക്ക്, കെ.കെ രാജേഷ്, കെ.കെ അസീസ്, പി.ജി ഹരിദാസ്, ചെറുതുരുത്തി എസ്.ഐ ജിബിന്‍ ജോസഫ്, എ.എസ്.ഐ വിത്സന്‍ ചെറിയാന്‍ തുടങ്ങിയര്‍ പങ്കെടുത്ത് സംസാരിച്ചു. പി.മുസ്തഫ (ചെയര്‍മാന്‍), പി.ജി ഹരികൃഷ്ണന്‍ (കണ്‍വീനര്‍), കെ.കെ അസീസ് (ക്യാപ്റ്റന്‍) എന്നിവരടങ്ങുന്ന 20 അംഗ കമ്മറ്റിക്കാണ് രൂപം നല്‍കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."