റിപ്പബ്ലിക് ദിനാഘോഷത്തിന് രാഷ്ട്രീയനിറം നല്കി ബി.ജെ.പി പ്രതിഷേധം വ്യാപകം
താമരശേരി: കുരുന്നുകളെ മുതലെടുത്ത് റിപ്പബ്ലിക് ദിനാഘോഷം രാഷ്ട്രീയ പ്രചാരണ ജാഥയാക്കി മാറ്റി ബി.ജെ.പി. അങ്കണവാടിയിലെ പിഞ്ചുകുഞ്ഞുങ്ങളെയാണ് റിപ്പബ്ലിക് ആഘോഷമെന്ന പേരില്‍ ബി.ജെ.പി റോഡിലിറക്കിയത്.
കോഴിക്കോട് താമരശേരി പഞ്ചായത്തിലെ 16ാം വാര്‍ഡ് തേറ്റാമ്പുറം അങ്കണവാടിയിലാണ് റിപ്പബ്ലിക് ദിന റാലിയില്‍ ബി.ജെ.പിയുടെ ചിഹ്നമായ താമരയുടെ ചിത്രങ്ങളടങ്ങിയ പ്ലക്കാര്‍ഡ് കൈയിലേന്തി കുരുന്നുകളെ റോഡിലിറക്കി ജാഥ നടത്തിയത്. കാവി നിറത്തിലുള്ള പ്ലക്കാര്‍ഡുകളും പിടിച്ചാണ് ജാഥയുടെ മുന്‍നിരയില്‍തന്നെ കുരുന്നുകളെ അണിനിരത്തിയത്.
ബി.ജെ.പി കൊടുവള്ളി മണ്ഡലം വൈസ് പ്രസിഡന്റ് വി.പി രാജീവന് ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്. എന്നാല്‍ ദേശീയ പുഷ്പമായതിനാലാണ് താമരയുടെ ചിത്രം വിദ്യാര്‍ഥികള്‍ക്ക് നല്‍കിയതെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്. എന്നാല്‍ ജാഥയില്‍ മറ്റു ദേശീയ ചിഹ്നങ്ങളൊന്നും സ്ഥാനം പിടിക്കാത്തതും ശ്രദ്ധേയമാണ്.
എന്നാല്‍ ജാഥ നടന്നത് അങ്കണവാടിയുടെ നേതൃത്വത്തിലല്ല എന്ന് അധ്യാപിക ജയ സുപ്രഭാതത്തോട് പറഞ്ഞു. മറ്റൊരു അങ്കണവാടിയിലെ അധ്യാപികയുടെ മരണം കാരണം ഒന്‍പതരയോടെ ചടങ്ങുകള്‍ അവസാനിപ്പിച്ചിരുന്നെന്നും താന്‍ ഉള്‍പ്പെടെയുള്ളവര്‍ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി മടങ്ങിയെന്നും അധ്യാപിക വ്യക്തമാക്കി.
റിപ്പബ്ലിക് ദിന റാലിയില്‍ പാര്‍ട്ടി പ്രചാരണം നടത്തിയ ബി.ജെ.പിയ്ക്കെതിരേ ശക്തമായ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."