ചിരട്ട കയറ്റുമതി കുതിക്കുന്നു കര്‍ഷകര്‍ കിതയ്ക്കുന്നു
കോഴിക്കോട്: ചിരട്ട കയറ്റുമതിയില്‍ വന്‍ വര്‍ധനവുണ്ടാകുമ്പോഴും കേര കര്‍ഷകര്‍ക്ക് ദുരിതംതന്നെ. ചിരട്ടയൊന്നിന് 25 പൈസ മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. നാളികേരത്തിനാകട്ടെ ദിനംപ്രതി വില കുറയുകയുമാണ്.
ചിരട്ടക്കരിയില്‍ നിന്നുണ്ടാക്കുന്ന ആക്റ്റിവേറ്റഡ് കാര്‍ബണ്‍ (ഉത്തേജിത കരി) ആണവ വികിരണത്തെ പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്നതിനാലാണ് കയറ്റുമതിയില്‍ വന്‍ വര്‍ധനവുണ്ടായത്. ചിരട്ടയില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന കരി ഗാര്‍ഹിക, വ്യാവസായിക ആവശ്യങ്ങള്‍ക്ക് നേരത്തേതന്നെ ഉപയോഗിക്കാറുണ്ട്. ചിരട്ടക്കരിയെ നീരാവി ഉപയോഗിച്ച് ഉത്തേജിപ്പിച്ചുണ്ടാക്കുന്ന ഉല്‍പന്നമാണ് ആക്ടിവേറ്റഡ് കാര്‍ബണ്‍. തൊണ്ണൂറുകള്‍ക്കുശേഷമാണ് ആക്ടിവേറ്റഡ് കാര്‍ബണ്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യാന്‍ തുടങ്ങിയത്. ജപ്പാന്‍, അമേരിക്ക, ജര്‍മ്മനി, കൊറിയ, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കൂടുതലായും കയറ്റിയയക്കുന്നത്. നാടന്‍ ശൈലിയിലാണ് ഇപ്പോഴും കേരളത്തില്‍ കരിയുണ്ടാക്കുന്നത്. ഇതിലൂടെയുണ്ടാകുന്ന അന്തരീക്ഷ മലിനീകരണത്തിന്റെ പേരില്‍ പലയിടങ്ങളിലും കരി നിര്‍മാണം നിര്‍ത്തിവച്ചിരിക്കുകയാണ്.
കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലായി 14ഓളം ആക്ടിവേറ്റഡ് കാര്‍ബണ്‍ നിര്‍മാണ യൂനിറ്റുകളാണ് നിലവിലുള്ളത്.
15,000 മെട്രിക് ടണ്‍ വാര്‍ഷിക ഉല്‍പാദനശേഷിയുള്ള ഇന്‍ഡോ ജര്‍മന്‍ കമ്പനിയാണ് കേരളത്തിലെ ഏറ്റവും വലിയ നിര്‍മാണ യൂനിറ്റ്. ഇവിടെനിന്ന് ഉല്‍പാദിപ്പിക്കുന്ന കരിയുടെ 80 ശതമാനവും വിദേശങ്ങളിലേക്കാണ് കയറ്റിയയക്കുന്നത്. വെള്ളം, പഞ്ചസാര,സ്വര്‍ണം, പഴച്ചാറുകള്‍ തുടങ്ങിയ വസ്തുക്കള്‍ ശുദ്ധീകരിക്കാനും ചിരട്ടക്കരി ഉപയോഗിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."