ഉദ്യോഗസ്ഥര്‍ ചുമട്ടുകാരായി; പാഴായിയില്‍ വയോധികക്ക് വീടൊരുങ്ങി
പുതുക്കാട്: പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്നു വീണ വീടാണ് സഹകരണവകുപ്പിലെ ജീവനക്കാരുടെ കൈതാങ്ങോടെ പുനര്‍നിര്‍മിക്കുന്നത്. നെന്‍മണിക്കര പാഴായി അയ്യപ്പത്ത് മുളങ്ങില്‍ ഭാസ്‌കരന്റെ ഭാര്യ 83 വയസുള്ള രാധയുടെ വീട് നിര്‍മാണത്തിനാണ് ജീവനക്കാര്‍ ഒത്തുകൂടിയത്. പ്രളയത്തില്‍ തകര്‍ന്ന ജീവിതം സ്വരുകൂട്ടുന്നതിനിടെയാണ് രണ്ടാഴ്ച മുന്‍പ് രാധയുടെ ഭര്‍ത്താവ് ഭാസ്‌കരന്‍ മരണമടഞ്ഞത്. ഭര്‍ത്താവിന്റെ വിയോഗവും കയറി കിടക്കാന്‍ വീടില്ലാതായതും ഈ വൃദ്ധമാതാവിനെ ഏറെ ദുരിതത്തിലാക്കി. ഇവരുടെ ദുരവസ്ഥയറിഞ്ഞ തലോര്‍ സഹകരണ ബാങ്കാണ് കെയര്‍ ഹോം പദ്ധതിയില്‍ വീട് നിര്‍മിച്ചു നല്‍കുന്നത്. വീട് നിര്‍മിക്കാന്‍ പണം ലഭിച്ചെങ്കിലും വീട് പണിക്കുള്ള സാമഗ്രികള്‍ കൊണ്ടുവരുന്ന വാഹനങ്ങള്‍ക്ക് എത്താനുള്ള വഴിയില്ലാത്തത് ഈ കുടുംബത്തിന് തിരിച്ചടിയായി. കട്ടയും മണലും ഉള്‍പ്പടെയുള്ള സാമഗ്രികള്‍ വീടിന് സമീപത്തുള്ള റെയില്‍വേ ട്രാക്കിന് അപ്പുറത്ത് ഇറക്കണം. ഇതെല്ലാം തലചുമടായി റെയില്‍വേ ട്രാക്ക് മറികടന്ന് വേണം വീട്ടിലെത്തിക്കാന്‍. ഇതിനുള്ള ചുമട്ടുകൂലിയുടെ അമിതഭാരം കുറക്കാനാണ് സഹകരണ വകുപ്പിലെ ജീവനക്കാര്‍ ചുമട്ടുകാരായി മാറിയത്.
മുകുന്ദപുരം താലൂക്ക് അസി. രജിസ്ട്രാര്‍ ഓഫിസ്,അസി.ഡയരക്ടര്‍ ഓഫിസ്,തലോര്‍ സഹകരണ ബാങ്ക് എന്നിവിടങ്ങളിലെ 40 ഓളം ജീവനക്കാരാണ് ശ്രമദാനത്തില്‍ പങ്കാളികളായത്. ഇന്‍സ്‌പെക്ടര്‍മാരും ഓഡിറ്റര്‍മാരും സഹകരണ ബാങ്കിലെ ജീവനക്കാരും ഇതില്‍പെടുന്നു. വീടു നിര്‍മാണത്തിനുള്ള രണ്ട് ലോഡ് കട്ട റെയില്‍വേ പാതകള്‍ മറികടന്ന് ഇവര്‍ വീട്ടിലെത്തിച്ചു. രണ്ടുവരി പാത മുറിച്ചു നിന്നാണ് ഓരോരുത്തരും സിമന്റ് കട്ടകള്‍ കൈമാറിയത്. ഇവര്‍ക്ക് പിന്തുണയായി നാട്ടുകാരും പഞ്ചായത്ത് അംഗങ്ങളും എത്തിയിരുന്നു. ഇടക്കിടെ വന്നിരുന്ന ട്രെയിനുകള്‍ ഇവരുടെ ജോലിക്ക് തടസം സൃഷ്ടിച്ചെങ്കിലും രണ്ടു മണിക്കൂറിനുള്ളില്‍ എല്ലാ കട്ടകളും വീട്ടിലെത്തിച്ചാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.
അസി. രജിസ്ട്രാര്‍ എം.സി അജിത്, അസി.ഡയരക്ടര്‍ മോഹന്‍ മോം പി.ജോസഫ്, തലോര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ സന്തോഷ്, സെക്രട്ടറി സാജ്കുമാര്‍, കെ.എ അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. മുകുന്ദപുരം താലൂക്കിന് കീഴില്‍ മൂന്നാമത്തെ വീടാണ് ഈ സംഘത്തിന്റെ സഹകരണത്തോടെ നിര്‍മാണം പുരോഗമിക്കുന്നത്.
സഹകരണ വകുപ്പിലെ ജീവനക്കാര്‍ ഇത്തരം പ്രവൃത്തികളില്‍ മുന്നിട്ടിറങ്ങുന്നതുപോലെ ഇതര വകുപ്പുകളിലെ ജീവനക്കാര്‍കൂടി രംഗത്തെത്തിയാല്‍ നവകേരള സൃഷ്ടിക്ക് വേഗം കൂടുമെന്നാണ് ഇവരുടെ പ്രത്യാശ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."