ഇശ്രത്ത് കേസ്: അന്വേഷണ ഉദ്യോഗസ്ഥന്‍ സാക്ഷിയെ സ്വാധീനിക്കുന്ന ഫോണ്‍രേഖ പുറത്ത്
ന്യൂഡല്‍ഹി: ഇശ്രത്ജഹാന്‍ കേസ് രേഖകള്‍ കാണാതായ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ സംഭവത്തിലെ സാക്ഷിയെ സ്വാധീനിക്കുന്നതിന്റെ ഫോണ്‍രേഖകള്‍ പുറത്തായി. അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലില്‍ ഇശ്രത് രേഖകള്‍ കണ്ടിരുന്നോയെന്നു താന്‍ ചോദിക്കുമെന്നും കണ്ടിട്ടില്ലെന്നു മറുപടി പറയണമെന്നും അന്വേഷണസംഘത്തലവനായ ബി.കെ.പ്രസാദ് ആഭ്യന്തരമന്ത്രാലയത്തിലെ മുന്‍ ഉദ്യോഗസ്ഥനായിരുന്ന അശോക്കുമാറിനോട് ഫോണില്‍ ആവശ്യപ്പെടുന്നതാണ് ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ടത്.
ആഭ്യന്തരമന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറിയാണ് പ്രസാദ്. ഇശ്രത് കേസ് കൈകാര്യം ചെയ്തിരുന്ന ആഭ്യന്തരമന്ത്രാലയത്തിലെ ആഭ്യന്തരസുരക്ഷാ വിഭാഗം മുന്‍ഡയറക്ടര്‍ കൂടിയാണ് ഇദ്ദേഹം. ഇശ്രത് ജഹാന്‍ കേസുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ മന്ത്രാലയത്തില്‍ നിന്നു കാണാതായതിനെ കുറിച്ച് അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് മാര്‍ച്ച് 10ന് പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചിരുന്നു. കാണാതായ രേഖകളെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും നല്‍കാത്ത തന്റെ അന്വേഷണ റിപ്പോര്‍ട്ട് പ്രസാദ് ഇന്നലെ മന്ത്രാലയത്തിന് സമര്‍പ്പിച്ചെന്നാണു റിപ്പോര്‍ട്ട്. എന്നാല്‍ ഈ അന്വേഷണത്തിന്റെയും അന്തിമറിപ്പോര്‍ട്ടിന്റെയും സത്യാവസ്ഥയെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തല്‍ ഗുരുതരമായ ചോദ്യങ്ങളാണുയര്‍ത്തുന്നത്.
ചൈനീസ് വിമതനേതാവ് ദുല്‍കുന്‍ ഈസക്ക് വിസ നിഷേധിച്ചതുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രതികരണമാരാഞ്ഞ് ഏപ്രില്‍ 25ന് എക്‌സ്പ്രസ് റിപ്പോര്‍ട്ടര്‍ പ്രസാദിനെ വിളിച്ചിരുന്നു. എന്നാല്‍ ഈ കോള്‍ ഹോള്‍ഡ് ചെയ്ത് പ്രസാദ് അശോക്കുമാറുമായി മറ്റൊരു സംഭാഷണം നടത്തി. പ്രസാദുമായുള്ള തന്റെ സംഭാഷണം റെക്കോര്‍ഡ് ചെയ്ത റിപ്പോര്‍ട്ടറുടെ ഫോണില്‍ പ്രസാദും അശോകും തമ്മിലുള്ള സംഭാഷണവും റെക്കോര്‍ഡ് ആകുകയായിരുന്നു. ഈ സംഭാഷണമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. 'രേഖകള്‍ താങ്കള്‍ കണ്ടിരുന്നോ' എന്നതുകൂടാതെ, 'പ്രസ്തുതരേഖകള്‍ പ്രത്യേകം സൂക്ഷിക്കാന്‍ വേണ്ടി ആരെങ്കിലും താങ്കളെ സമീപിച്ചിരുന്നോ' എന്ന ചോദ്യവും താന്‍ ചോദിക്കുമെന്നും ഇതിന് 'തനിക്ക് ആരും ഇത്തരത്തില്‍ രേഖകള്‍ തന്നിട്ടില്ല' എന്നു മറുപടി പറയണമെന്നും പ്രസാദ് അശോകിനോട് പറയുന്നുണ്ട്. ഇതല്ലാത്ത ഒരു മറുപടി തരുന്നതു രേഖകള്‍ കാണാതായതില്‍ അശോകിന് പങ്കുണ്ടെന്ന തരത്തിലുള്ള സംശയം ഉയര്‍ത്തുമെന്ന മുന്നറിയിപ്പും സംഭാഷണത്തിനിടെ പ്രസാദ് അശോകിനു നല്‍കുന്നുണ്ട്. താന്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണമാണ് നടത്തിയതെന്നും മുഴുവന്‍ സാക്ഷികള്‍ക്കും അവര്‍ക്ക് തോന്നിയകാര്യം പ്രകടിപ്പിക്കാനുള്ള അവസരം നല്‍കിയിരുന്നെന്നും റിപ്പോര്‍ട്ടിനോടുള്ള പ്രതികരണത്തില്‍ പ്രസാദ് പറഞ്ഞു.
എന്തായാലും പ്രസാദ് ബുധനാഴ്ച മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന അശോകിന്റെ മൊഴികള്‍ ഇപ്പോള്‍ പുറത്തു വന്ന വാര്‍ത്തയെ സാധൂകരിക്കുന്നതാണെന്നാണു റിപ്പോര്‍ട്ട്. ഇശ്രത് കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ താന്‍ കൈകാര്യം ചെയ്തിട്ടില്ലെന്നും ഒരിക്കല്‍ പോലും അവ കണ്ടിട്ടില്ലെന്നും അവ ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നും അശോക് മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."