സദസിനെ കൈയിലെടുത്ത് കൊച്ചിയിലും രാഹുല്‍ മാജിക്
#സുനി അല്‍ഹാദി
കൊച്ചി: തന്റെ പ്രത്യേക ശൈലിയിലൂടെ സദസിനെ കൈയിലെടുത്ത് കൊച്ചിയിലും രാഹുല്‍ മാജിക്. കൊച്ചിയിലെ പരിപാടിയില്‍ പങ്കെടുത്തതില്‍ പകുതിയിലേറെയും വനിതകളായിരുന്നു.
ഇത് കണക്കിലെടുത്ത് സ്ഥലത്തെ വനിതയായ ബൂത്തുതല നേതാവിനെ അപ്രതീക്ഷിതമായി വേദിയിലേക്ക് വിളിച്ചുകയറ്റി ഷാള്‍ അണിയിച്ചുകൊണ്ടാണ് രാഹുല്‍ തന്റെ ജനകീയ ശൈലി പുറത്തെടുത്തത്. ഇതോടെ നിലക്കാത്ത കരഘോഷവുമായി സദസ് ഒപ്പംചേര്‍ന്നു.
തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ സീറ്റുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചും വനിതാ മനസ് കൈയിലെടുത്തു. അധികാരത്തിലെത്തിയാല്‍ വനിതാ സംവരണബില്‍ പാസാക്കുമെന്ന് പറഞ്ഞതോടെ സ്ത്രീപക്ഷത്തുനിന്ന് നിലയ്ക്കാത്ത കൈയടിയും ഉയര്‍ന്നു. പിന്നീട് പ്രസംഗത്തിലുടനീളം കരഘോഷത്തിനുള്ള അവസരം ഒരുക്കിക്കൊണ്ടായിരുന്നു മുന്നേറ്റം. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രകടനം എങ്ങനെയായിരിക്കണമെന്ന് സാധാരണ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം സമര്‍പ്പിക്കാവുന്ന 'ശക്തി' ആപ്പില്‍ കേരളത്തില്‍നിന്ന് നിര്‍ദേശം അയച്ചവരുടെ പേരുകള്‍ എടുത്തുപറഞ്ഞുകൊണ്ട് അദ്ദേഹം വീണ്ടും സദസിനെ കൈയിലെടുത്തു.താന്‍ പറഞ്ഞ പേരുകള്‍ പറയാന്‍ പരിഭാഷകന്‍ വിട്ടുപോയപ്പോള്‍ വീണ്ടും ആവര്‍ത്തിക്കുകയും ചെയ്തു. ശബ്ദക്രമീകരണത്തിലെ പിഴവുകാരണം പരിഭാഷ പലപ്പോഴും പാളിയപ്പോഴും പരിഭാഷകനായ വി.ഡി സതീശനെ ചേര്‍ത്തുപിടിച്ചും ഒപ്പംനിര്‍ത്തിയും അദ്ദേഹത്തിന് മനസിലാകാത്ത വാക്കുകള്‍ ആവര്‍ത്തിച്ച് ക്ഷമയോടെ കാത്തുനിന്നതും ശ്രദ്ധേയമായി. കൊച്ചിയിലെത്തിയ രാഹുല്‍ ആദ്യമെത്തിയത് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എം.ഐ ഷാനവാസിന്റെ വസതിയിലാണ്.
എറണാകുളം നോര്‍ത്തിലെ വസതിലെത്തിയ രാഹുല്‍ ഷാനവാസിന്റെ കുടുംബവുമായി 15 മിനിട്ടോളം ചെലവഴിച്ചു. ഷാനവാസിന് കരള്‍ പകുത്തുനല്‍കിയ മകള്‍ അമീനയ്ക്ക് മുന്നില്‍ കൈകൂപ്പി വികാരനിര്‍ഭരമായിട്ടാണ് രാഹുല്‍ തന്റെ സ്‌നേഹം പങ്കുവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."