വിശ്രമമെന്നാല്‍ മറ്റൊരു ശ്രമം
പ്രായമേറെയായ ഒരു കര്‍ഷകന്‍.. അദ്ദേഹത്തിന്റെ ശരീരാവയവങ്ങളെല്ലാം ചുക്കിച്ചുളിഞ്ഞൊട്ടിയിട്ടുണ്ട്. വേച്ചുവേച്ചാണ് എവിടേക്കും നടക്കുക. കൈകള്‍ക്ക് എപ്പോഴും ഒരു വിറയലായിരിക്കും. എന്നാലും പൊരിവെയിലുംകൊണ്ട് പാടത്ത് പണിയെടുക്കും. അതു നിര്‍ത്തിവച്ചൊരു ജീവിതം അയാള്‍ക്ക് അചിന്ത്യമാണ്.
ഒരിക്കല്‍, തന്റെ വീട്ടുമുറ്റത്ത് മാവിന്‍തൈകള്‍ നട്ടുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. അപ്പോഴാണ് സര്‍ക്കാര്‍ സര്‍വിസില്‍നിന്ന് വിരമിച്ച ഒരു ഉദ്യോഗസ്ഥന്‍ അതുവഴി കടന്നുവന്നത്. വൃദ്ധന്റെ വേല കണ്ടപ്പോള്‍ അയാള്‍ക്ക് വല്ലാത്ത കൗതുകം തോന്നി.
അദ്ദേഹം ചോദിച്ചു: ''ഇതെന്തു കഥയാണച്ഛോ. ഈ മാവിന്‍തൈകള്‍ വളര്‍ന്നുവലുതായി ഫലം കായ്ക്കുമ്പോഴേക്കും അങ്ങ് ഈ ഭൂമിയില്‍ ജീവിച്ചിരിക്കുമോ? ആര്‍ക്കുവേണ്ടിയാണ് ഈ പ്രായമായ കാലത്ത് നിങ്ങളിങ്ങനെ കഷ്ടപ്പെടുന്നത്?''
ഉദ്യോഗസ്ഥന്റെ ചോദ്യം കേട്ടപ്പോള്‍ കര്‍ഷകന്‍ മോണകാട്ടിയൊരു ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു: ''ഞാനനുഭവിക്കുന്നതൊക്കെ ഞാനുണ്ടാക്കിയതാണോ? എന്റെ മുന്‍ഗാമികള്‍ ചെയ്തുവച്ചതാണ് ഞാനനുഭവിക്കുന്നത്. ഇനി എന്റെ പിന്‍ഗാമികള്‍ക്ക് അനുഭവിക്കാന്‍ എന്തെങ്കിലും ചെയ്തുവയ്ക്കണ്ടേ. ഈ തൈകളുടെ ഫലം അനുഭവിക്കാന്‍ എനിക്ക് വിധിയില്ലെങ്കില്‍ വേണ്ടാ, തൈകള്‍ നട്ടതിന്റെ പ്രതിഫലം എനിക്കു കിട്ടുകയില്ലേ. തിന്നുന്നതാരായാലും പ്രതിഫലം എനിക്കാണുള്ളതെങ്കില്‍ അതിലെന്തു നഷ്ടം..?''
കര്‍ത്തവ്യത്തിന് പ്രായപരിധി നിശ്ചയിക്കുന്നത് സ്വന്തത്തോടു കാണിക്കുന്ന ക്രൂരതയാണ്. A man is as old as he feels എന്നാണല്ലോ ആപ്തവാക്യം. എനിക്കിപ്പോള്‍ നാല്‍പതു കഴിഞ്ഞു, ഞാനിനി ജോലിക്കുപോകുന്നില്ലെന്നു കരുതിയാല്‍ അയാള്‍ നാല്‍പതാം വയസില്‍ വൃദ്ധനാവുകയാണ്. എനിക്ക് വിശ്രമിക്കാന്‍ നേരമായിട്ടില്ലെന്ന് തൊണ്ണൂറാം വയസിലും ഒരാള്‍ക്കു തോന്നുന്നുവെങ്കില്‍ തൊണ്ണൂറിന്റെ നിറവിലും അയാള്‍ യുവാവായിരിക്കും, തൊണ്ണൂറു കഴിഞ്ഞ യുവാവ്. ആദ്യത്തെയാള്‍ നാല്‍പതു കഴിഞ്ഞ വൃദ്ധന്‍. അപ്പോള്‍ യുവത്വവും വാര്‍ധക്യവും പുറത്തല്ല, അകത്താണെന്നു വരുന്നു.
പുറമേ യുവാവായവന്‍ ചിലപ്പോള്‍ അകമേ വൃദ്ധനായിരിക്കും. അയാളാണ് യഥാര്‍ഥ വൃദ്ധന്‍. പുറമേ വൃദ്ധനായവന്‍ ചിലപ്പോള്‍ അകമേ യുവാവായിരിക്കും. അയാളാണ് ശരിക്കും യുവാവ്.
സ്വപ്നങ്ങളുടെ സ്ഥാനം സന്താപങ്ങള്‍ കൈയടക്കുമ്പോഴല്ലാതെ ഒരാള്‍ വൃദ്ധനാകില്ലെന്ന് നെപ്പോളിയന്‍ പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
'നിങ്ങള്‍ക്ക് പറക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഓടിക്കോളൂ. ഓടാന്‍ കഴിയുന്നില്ലെങ്കില്‍ നടന്നോളൂ. നടക്കാനാകുന്നില്ലെങ്കില്‍ ഇഴഞ്ഞോളൂ.. എന്തു ചെയ്യുകയാണെങ്കിലും മുന്നോട്ട് ചലിച്ചുകൊണ്ടേയിരിക്കണം' മാര്‍ട്ടിന്‍ ലൂതര്‍ കിങിന്റെ ഈ അനശ്വരവചസുകള്‍ക്ക് നൂറില്‍ നൂറു മാര്‍ക്കു നല്‍കാം.
ഖുര്‍ആന്‍ പറഞ്ഞല്ലോ: ''അതുകൊണ്ട് താങ്കള്‍ ഒഴിവായാല്‍ അധ്വാനിച്ചുകൊള്ളുക.''(94: 7)
സത്യത്തില്‍ വിശ്രമം എന്നത് ഒരു ശ്രമത്തില്‍നിന്ന് മറ്റൊരു ശ്രമത്തിലേക്കുള്ള മാറ്റത്തിന്റെ പേരാണ്. അല്ലാതെ ഒരു ശ്രമം കഴിഞ്ഞാല്‍ നിഷ്‌ക്രിയനായിരിക്കുക എന്നതിന്റെ പേരല്ല. ഇനി ഞാന്‍ വിശ്രമിക്കട്ടെയെന്നു പറഞ്ഞ് നിഷ്‌ക്രിയത്വത്തിന്റെ ഇരുട്ടറിയില്‍ ചെന്നിരിക്കുന്നത് തികഞ്ഞ ആലസ്യമാണ്. മനുഷ്യന്റെ ഏറ്റവും വലിയ ശത്രുക്കളിലൊരാളായ ആലസ്യം. ജോലിയില്‍നിന്ന് വിരമിക്കാന്‍ പ്രായം നിശ്ചയിച്ച വ്യവസ്ഥിതിക്ക് ഇങ്ങനെയൊരു നിഷേധാത്മകവശമുണ്ടെന്നു പറയാതെ വയ്യ.
നോക്കൂ, നൂറ്റാണ്ടുകളുടെ പഴക്കമാണുള്ളതെങ്കിലും ആരോഗ്യമുണ്ടെങ്കില്‍ സസ്യങ്ങള്‍ ഉയരങ്ങള്‍ താണ്ടിക്കൊണ്ടിരിക്കും. വളര്‍ന്നുവളര്‍ന്ന് നിലത്തേക്ക് മൂക്കുകുത്തിവീഴാനായാല്‍ പോലും ദൗത്യം നിര്‍ത്തുകയില്ല. നിലത്തുവീഴുംവരെ വളര്‍ച്ച തുടരും. ചിലപ്പോള്‍ നിലത്തുവീണാല്‍പോലും തളരില്ല. അവിടെ കിടന്നും ദൗത്യം പുനരാരംഭിക്കും.
ഇത്ര പ്രായമായാല്‍ വെറുതെയിരിക്കാം എന്നൊരു വ്യവസ്ഥിതി മൃഗങ്ങള്‍ക്കിടയില്‍ മഷിയിട്ടു തിരഞ്ഞാല്‍പോലും കാണില്ല. ആവതുള്ള കാലമത്രയും അവര്‍ തങ്ങളുടെ മേഖലയില്‍ സജീവരാണ്. സൂര്യചന്ദ്രനക്ഷത്രാദികളെല്ലാം എത്ര കാലമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഇനി ഞാന്‍ വിശ്രമിക്കട്ടെ എന്നു പറഞ്ഞ് ഏതെങ്കിലുമൊരു നക്ഷത്രം ദൗത്യം നിര്‍ത്തിയ ചരിത്രം കേട്ടിട്ടുണ്ടോ? പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളും ജനിച്ചതുമുതല്‍ മരണം വരെ തങ്ങളിലര്‍പ്പിതമായ ദൗത്യനിര്‍വഹണത്തിലാണ്. പ്രായം പറഞ്ഞ് ദൗത്യം നിര്‍ത്തുന്ന ഏതെങ്കിലും ഒരു ജീവിയുണ്ടെങ്കില്‍ അതു മനുഷ്യനാണ്; മനുഷ്യന്‍ മാത്രം...!
പെന്‍ഷന്‍ പ്രായവുമായി വല്ലാത്ത പ്രണയത്തിലാണ് പലരും. ലൈലയുമായി സന്ധിക്കുന്ന ഒരു ദിനം സ്വപ്നം കണ്ടു ജീവിതം നയിക്കുന്ന മജ്‌നുവിനെപോലെ പല ജീവനക്കാരും ആ 'സുദിനം' ദാഹിച്ചുമോഹിച്ചു കഴിയുന്നു..! നിലവിലെ പെന്‍ഷന്‍ പ്രായം ചുരുക്കിയിരിക്കുന്നു എന്ന പ്രഖ്യാപനം വന്നാല്‍ നിറഞ്ഞ് സന്തോഷിക്കുന്നവര്‍ ബഹുഭൂരിപക്ഷമായിരിക്കും. എന്നാല്‍ ആ പ്രായം വീണ്ടും കൂട്ടിയെന്നു കേട്ടാലോ, നനാ കോണുകളില്‍നിന്നും പ്രതിഷേധങ്ങള്‍ ഉയരാന്‍ തുടങ്ങും.
വെറുതെയിരുന്ന് പണം വാങ്ങാനുള്ള മനുഷ്യന്റെ കൊതിയും പൂതിയും അപാരം തന്നെ. ഉത്തരവാദിത്തത്തിലല്ല, അവകാശത്തിലാണ് മിക്കയാളുകളുടെയും കണ്ണ്.
ജോലിയില്‍നിന്ന് വിരമിക്കാം. വിരമിക്കുന്നത് മറ്റൊരു ജോലിയുമായി രമിക്കാനാകണമെന്നു മാത്രം. വെറുതെയിരിക്കാനാണെങ്കില്‍ അന്നുമുതല്‍ അവന്റെ വാര്‍ധക്യം ആരംഭിക്കുകയായി. പിന്നീടവന് കൂടുതല്‍ കാലം ജീവിക്കാന്‍ കഴിയില്ല. പ്രായമായില്ലേ, ഇനി ജോലിക്കാവില്ലെന്നു ചിന്തിക്കുന്ന അവന്റെ മനസ് പോലെ ശരീരവും ശോഷണത്തിനു വഴിമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."