വീട് പൂര്‍ണമായും കത്തിനശിച്ചു; ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി
മണ്ണഞ്ചേരി: കയര്‍ തൊഴിലാളി കുടുംബം വാടകയ്ക്ക് താമസിച്ചിരുന്ന വീട് പൂര്‍ണമായും കത്തിനശിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ ഗ്യാസ് സിലണ്ടറുകള്‍ പൊട്ടിത്തെറിച്ചത് നാട്ടില്‍ പരിഭ്രാന്തിപരത്തി. ആര്യാട് പഞ്ചായത്തില്‍ 14 -ാം വാര്‍ഡില്‍ പൊക്കലയില്‍ വീട്ടില്‍ ഷിബുവും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്ന വീടാണ് ഇന്നലെ വൈകിട്ട് നാലോടെ പൂര്‍ണമായും കത്തിയമര്‍ന്നത്. സംഭവസമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.
ഈ സമയത്ത് ഷിബുവും ഭാര്യ രജിമോളും ജോലി സ്ഥലത്തും മക്കളായ നിഖില്‍, നിമിഷ എന്നിവര്‍ സ്‌കൂളിലുമായിരുന്നു. കുടുംബാംങ്ങള്‍ ഉടുത്തിരുന്ന വസ്ത്രങ്ങളും കുട്ടികള്‍ സ്‌കൂളില്‍ കൊണ്ടുപോയ പുസ്തകങ്ങളും ഒഴിച്ച് ഈ കുടുംബത്തിന്റെ ബാക്കിയെല്ലാം അഗ്നിക്കിരയായി. ആര്യാട് വഴിത്തലയ്ക്കല്‍ രമണിയുടെ ഉടമസ്ഥതയിലുള്ള വീടാണിത്. ഷിബുവിന് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട വീട് ലഭിച്ചതിനെതുടര്‍ന്ന് താമസിച്ചിരുന്ന വീട് പൊളിച്ച് പുതിയ അടിത്തറ നിര്‍മിച്ചിരുന്നു.
തുടര്‍ന്നാണ് രമണിയുടെ വീട് വാടകയ്‌ക്കെടുത്തത്. വീട്ടിനുള്ളില്‍ നിന്ന് പുകയുയരുന്നത് കണ്ട് സമീപത്ത് തൊഴിലുറപ്പ് ജോലിയില്‍ ഉള്‍പ്പെട്ടിരുന്നവര്‍ ഓടിക്കൂടിയിരുന്നു. ഇതിനിടയിലാണ് പാചകവാതക സിലണ്ടറുകള്‍ തുടര്‍ച്ചയായി പൊട്ടിത്തെറിച്ചത്.
സ്‌പോടനശബ്ദം കേട്ട് ഭയചികിതരായ സ്ത്രീകള്‍ കൂട്ടത്തോട് ഓടിയപ്പോള്‍ ചിലര്‍ക്ക് വീണ് പരുക്കേറ്റു. എല്ലാം നഷ്ടപ്പെട്ട ഷിബുവിന്റെ കുടുംബത്തെ സഹായിക്കാന്‍ പഞ്ചായത്ത് അംഗം അജിതകുമാരിയുടെ നേതൃത്വത്തില്‍ സഹായധനം സ്വരൂപിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
സമീപവാസിയായ മേനിത്തറയില്‍ ഉണ്ണി തന്റെ വീട്ടില്‍ ഷിബുവിനും കുടുംബത്തിനും താമസിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. വിവരം അറിഞ്ഞ് ആലപ്പുഴയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് സംഘം എത്തിയിരുന്നു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടുത്തത്തിന്റെ കാരണമെന്നാണ് പ്രാധമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."