ട്രെയിനും വിമാനവും വളയിട്ട കൈകളില്‍ ഭദ്രം വനിതാദിനത്തില്‍ ചരിത്രം കുറിച്ച് വനിതകള്‍
തിരുവനന്തപുരം: വനിതാദിനത്തില്‍ വിമാനം നിയന്ത്രിച്ചും ട്രെയിനോടിച്ചും വനിതകള്‍. തിരുവനന്തപുരത്തിന്റെ ആകാശപരിധിയിലൂടെ കടന്നുപോയ വിമാനങ്ങളാണ് 16 പേരടങ്ങിയ വനിതാ സംഘം നിയന്ത്രിച്ചത്.
എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എ.ടി.സി) ടവറില്‍ ഇന്നലെ രാവിലെ ഏഴുമുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയുള്ള ഷിഫ്റ്റാണ് എയര്‍ ട്രാഫിക് മാനേജ്‌മെന്റ് ജോയിന്റ് ജനറല്‍ മാനേജര്‍ പി.ബി ജയന്തിയുടെ മേല്‍നോട്ടത്തില്‍ പൂര്‍ണമായും വനിതകള്‍ ഓപ്പറേറ്റ് ചെയ്തത്.
എയര്‍ ട്രാഫിക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ ജ്യോതിലക്ഷ്മി, ജയശ്രീ എന്നിവരാണ് വ്യോമപാത നിയന്ത്രണത്തിനു ചുക്കാന്‍ പിടിച്ചത്.
അസിസന്റ് ജനറല്‍ മാനേജര്‍ ചിത്രലേഖയുടെ നേതൃത്വത്തിലുള്ള സംഘം അപകടരഹിതമായ പാതയൊരുക്കേണ്ട ചുമതല നിര്‍വഹിച്ചു. പുറപ്പെടാനൊരുങ്ങുന്ന വിമാനങ്ങള്‍ക്കു വേണ്ടി റണ്‍വേയില്‍ മറ്റു വിമാനങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയത് എയറോഡ്രോം ടവറിലെ മാനേജര്‍ പദവിയിലുള്ള പി.വി പ്രസീദയുടെ നേതൃത്വത്തിലുള്ള സംഘമാണ്.
തിരുവനന്തപുരം ഏരിയ കണ്‍ട്രോളില്‍ വരുന്ന കൊച്ചി, മധുര, കോയമ്പത്തൂര്‍, തൃശ്ശിനാപ്പള്ളി, അഗത്തി, തൂത്തുക്കുടി മേഖലകളും ഇവരുടെ പരിധിയിലായിരുന്നു. ഏതു ദിശയില്‍ പറന്നുയരണം, എത്ര ഉയരത്തില്‍ പറക്കണം, കാലാവസ്ഥയിലെ വ്യതിയാനങ്ങള്‍ എന്തെല്ലാം, പറന്നിറങ്ങേണ്ടത് എങ്ങനെ എന്നെല്ലാം ഇവര്‍ പൈലറ്റുമാരോടു നിര്‍ദേശിച്ചു.
അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു ട്രെയിന്‍ പൂര്‍ണമായും വനിതകള്‍ ഓടിച്ചു. ഇന്നലെ രാവിലെ 10.15ന് എറണാകുളത്തു നിന്ന് പുറപ്പെട്ട വേണാട് എക്‌സ്പ്രസാണ് വനിതകള്‍ ഓടിച്ചത്. ലോക്കോ പൈലറ്റ്, അസി. ലോക്കോ പൈലറ്റ്, പോയിന്റ്‌സ്‌മെന്‍, ഗേറ്റ് കീപ്പര്‍, ട്രാക്ക് വുമന്‍ എന്നിവരെല്ലാം വനിതകളായിരുന്നു.
ടിക്കറ്റ് ബുക്കിങ് ഓഫീസ്, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, സിഗ്നല്‍, കാരേജ്, വാഗണ്‍ എന്നീ വിഭാഗങ്ങളും നിയന്ത്രിച്ചത് വനിതകളാണ്.
ടി.ജെ ഗോറെത്തി (ലോക്കോ പൈലറ്റ്), കെ. വിദ്യാദാസ് (അസിസ്റ്റന്റ് ലോക്കോ പൈലറ്റ്), പി.ബി ഗീതകുമാരി (ചീഫ് ടിക്കറ്റ് എക്‌സാമിനര്‍), സീനിയര്‍ പാസഞ്ചര്‍ ഗാര്‍ഡ് എം. ശ്രീജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യാത്ര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."