പെരിങ്ങാവിലെ കിണറുകളില്‍ ജലനിരപ്പുയര്‍ന്ന സംഭവം: കാരണം ചീക്കോട് കുടിവെള്ള വിതരണക്കുഴലിലെ ചോര്‍ച്ച തന്നെ
കൊണ്ടോട്ടി: ചെറുകാവ് പെരിങ്ങാവിലെ കിണറുകളില്‍ ജലനിരപ്പുയരുന്നത് ചീക്കോട് കുടിവെള്ള പദ്ധതിയുടെ വിതരണക്കുഴലില്‍ നിന്നുള്ള ചോര്‍ച്ചയാണെന്ന് സ്ഥിരീകരിച്ചു. ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ നടത്തിയ വിശദ പരിശോധനയിലാണ് ഇതു കണ്ടെത്തിയത്. മേഖലയിലൂടെ കടന്നുപോകുന്ന കുഴലിലെ മര്‍ദ്ദം കുറച്ച് വെള്ളം പമ്പ് ചെയ്തപ്പോള്‍ കിണറുകളിലെ ജലനിരപ്പ് ഉയരുന്നത് കുറഞ്ഞു. രാമനാട്ടുകരയില്‍ വെള്ളമെത്തുന്ന അളവിലും കുറവ് അനുഭവപ്പെട്ടു.ഇതോടെയാണ് കുഴലിലെ ചോര്‍ച്ച മൂലമാണ് മേഖലയിലെ കിണറുകളിലും കുളത്തിലും വയലിലും ജലനിരപ്പുയരാന്‍ കാരണമെന്ന് സ്ഥിരീകരിച്ചത്.
ചോര്‍ച്ച അടയ്ക്കുന്നതിനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. കുഴലുകള്‍ക്കിടയിലെ ജോയന്റുകളിലേതെങ്കിലും വേര്‍പെട്ടതാകാമെന്നാണ് നിഗമനം. പെരിങ്ങാവ് വാഴയൂര്‍ റോഡിന്റെ ഇടതുഭാഗത്ത് കുന്നിന് ചെരുവില്‍ വയലിനോട് ചേര്‍ന്ന സ്ഥലത്തെ പത്തോളം കിണറുകളിലാണ് ജലനിരപ്പുയര്‍ന്നത്. പല കിണറുകളിലും ഒരു മീറ്ററിലധികം വെള്ളം കൂടുകയും സമീപത്തുള്ള കൊടുവണ്ടിപ്പാടത്തെ കുളം നിറഞ്ഞു കവിഞ്ഞൊഴുകുകയുമാണ്.
കോഴിക്കോട് സി.ഡബ്ല്യു.ആര്.ഡി.എമ്മിലെ ശാസ്ത്ര്ജ്ഞര് സ്ഥലത്തെത്തിയാണ് കുഴലിലെ ചോര്‍ച്ചയാകാമെന്ന് വിലയിരുത്തിയതിനെ തുടര്‍ന്നാണ് ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."