ബാബരി: ഗൂഢാലോചകര്‍ ശിക്ഷിക്കപ്പെടണം
ലോകമനസ്സാക്ഷിയെ ഞെട്ടിച്ച ദുരന്തമായിരുന്നു 1992 ഡിസംബര്‍ 6ന് ഉണ്ടായ ബാബരി മസ്ജിദ് ധ്വംസനം. മഹാത്മാഗാന്ധിയുടെ വധത്തിന് ശേഷം ഇന്ത്യ കണ്ട മറ്റൊരു വലിയ ദുരന്തത്തിന് നേതൃത്വം നല്‍കിയത് ആര്‍.എസ്.എസുകാരും സംഘ്പരിവാറും ആയിരുന്നു. ഇന്ത്യ അതുവരെ പുലര്‍ത്തിപ്പോന്ന മതേതരത്വമാണ് ബാബരിയുടെ നാഴികക്കുടങ്ങള്‍ക്കൊപ്പം തകര്‍ന്നുവീണത്. പി.വി നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ ബാബരി മസ്ജിദ് തകര്‍ക്കാനുള്ള ഗൂഢാലോചന നടന്നത്. ഭരണവും ഭരണാധികാരികളും മാറിവന്നപ്പോള്‍ ബാബരി മസ്ജിദ് തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയ എല്‍.കെ അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും ഉമാഭാരതിയെയും യു.പി മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിങിനെയും വിചാരണ കോടതി സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു ഒഴിവാക്കി. 2012ല്‍ അലഹബാദ് ഹൈക്കോടതി ഇത് ശരിവയ്ക്കുകയും ചെയ്തു. ഈ വിധിക്കെതിരേയാണ് കഴിഞ്ഞ ദിവസം സുപ്രിംകോടതി ഗൂഢാലോചന കേസ് പുനഃപരിശോധിക്കാനുള്ള നിലപാടെടുത്തത്.
തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യംവച്ച് മൃദു ഹിന്ദുത്വനയം കൈകൊണ്ട പ്രധാനമന്ത്രി രാജീവ് ഗാന്ധി ബാബരി മസ്ജിദിനകത്ത് ഹിന്ദുത്വ ശക്തികള്‍ പ്രതിഷ്ഠിച്ചിരുന്ന രാമവിഗ്രഹം തൊഴാനും പൂജിക്കാനും മസ്ജിദിന്റെ കവാടങ്ങള്‍ തുറന്നുകൊടുത്തതിനെ തുടര്‍ന്നാണ് രാജ്യം കണ്ട ഏറ്റവും വലിയ വര്‍ഗീയ കലാപവും ബാബരി മസ്ജിദിന്റെ തകര്‍ച്ചയും സംഭവിച്ചത്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ പ്രധാനമന്ത്രി വി.പി സിങ് ഒരുക്കം തുടങ്ങിയപ്പോള്‍ അവസരം മുതലെടുത്ത് എല്‍.കെ അദ്വാനി രഥയാത്ര സംഘടിപ്പിക്കുകയായിരുന്നു.
മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് തടയുക എന്നതായിരുന്നു സവര്‍ണഫാസിസ്റ്റുകളുടെ ലക്ഷ്യം. അതിനായി അവര്‍ കണ്ടെത്തിയത് രാമജന്മഭൂമി വീണ്ടെടുക്കുക എന്ന വ്യാജമുദ്രാവാക്യമായിരുന്നു. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാവുകയാണെങ്കില്‍ സവര്‍ണര്‍ കൈയടക്കിവച്ചിരിക്കുന്ന അധികാരസ്ഥാനങ്ങളില്‍ പലതിലും പിന്നാക്ക വിഭാഗങ്ങള്‍ക്ക് അവസരം ലഭിക്കുമെന്ന് കണ്ടറിഞ്ഞതിനെ തുടര്‍ന്നായിരുന്നു എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ രാമജന്മഭൂമി വിഷയത്തിന്റെ പേരില്‍ രഥയാത്ര സംഘടിപ്പിച്ചത്. മണ്ഡല്‍ കമ്മീഷനെതിരേ പ്രത്യക്ഷത്തില്‍ സമരം നടത്തിയാല്‍ പിന്നാക്ക വിഭാഗങ്ങളുടെ സഹകരണം ഉണ്ടാവുകയില്ല എന്നതിനാലാണ് രാമജന്മഭൂമി വിഷയം സംഘ്പരിവാര്‍ കൊണ്ടുവന്നത്.
പിന്നാക്ക വിഭാഗങ്ങള്‍ ഈ കെണിയില്‍ വീഴുകയും സവര്‍ണ താല്‍പര്യം സംരക്ഷിക്കുവാന്‍ അവര്‍ കൂലിപ്പട്ടാളമായി ബാബരി മസ്ജിദ് തകര്‍ക്കുകയും ചെയ്തു. പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭ്യമാകേണ്ട മണ്ഡല്‍ ആനുകൂല്യങ്ങള്‍ അവരാല്‍ തന്നെ നഷ്ടപ്പെടുകയും ചെയ്തു.
ഇതാണ് ബി.ജെ.പി സവര്‍ണ നേതൃത്വം ആവിഷ്‌കരിച്ച തന്ത്രം. എല്ലാത്തിനും നേതൃത്വം നല്‍കിയ അദ്വാനിക്ക് പക്ഷേ, ഇന്ത്യയുടെ പ്രധാനമന്ത്രിസ്ഥാനം സ്വപ്നം കാണാനേ കഴിഞ്ഞുള്ളൂ. രഥയാത്രയില്‍ അദ്ദേഹത്തോടൊപ്പംസഞ്ചരിച്ച നരേന്ദ്രമോദി പ്രസ്തുത സ്ഥാനം നേടിയെടുക്കുകയും ചെയ്തു. പള്ളിക്ക് സമീപം തമ്പടിച്ച് ബാബരി മസ്ജിദ് തകര്‍ക്കുവാന്‍ എല്‍.കെ അദ്വാനി അടക്കമുള്ള നേതാക്കള്‍ പ്രോത്സാഹിപ്പിച്ചുവെന്നത് അംഗീകരിക്കപ്പെട്ട കാര്യമാണ്. ഗൂഢാലോചന കേസ് ഒഴിവാക്കിയ കീഴ്‌കോടതി വിധിക്കെതിരേ വൈകിയാണെങ്കിലും കേസ് അന്വേഷിച്ച സി.ബി.ഐ അപ്പീല്‍ പോവുകയായിരുന്നു. ഹാജി മെഹ്ബൂബ് അഹമ്മദും ഇതോടൊപ്പം അപ്പീല്‍ സമര്‍പ്പിച്ചിരുന്നു.
കേന്ദ്രത്തിലെ ഭരണമാറ്റത്തെ തുടര്‍ന്നായിരുന്നു സി.ബി.ഐ മെല്ലെപ്പോക്ക് നടത്തിയത്. നീതിക്കു വേണ്ടിയുള്ള പോരാട്ടം വിജയത്തിന്റെ പാതയിലെത്തുമെന്ന പ്രതീക്ഷയാണ് സുപ്രിംകോടതി ഇടപെടല്‍ നല്‍കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ ശക്തിസ്തംഭങ്ങളായ മതേതരത്വവും ജനാധിപത്യവും എല്ലാ വെല്ലുവിളികളെയും അതിജീവിക്കുമെന്ന പ്രത്യാശയും സുപ്രിംകോടതി വിധി നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."