ധബോല്‍ക്കര്‍ വധം: പിസ്റ്റള്‍ മുങ്ങിയെടുത്ത് സി.ബി.ഐ
ബംഗളൂരു: നരേന്ദ്ര ധബോല്‍ക്കര്‍ വധക്കേസില്‍ സുപ്രധാന മുന്നേറ്റം. കൊലപാതകത്തിന് ഉപയോഗിച്ചതെന്നു കരുതപ്പെടുന്ന പിസ്റ്റള്‍ സി.ബി.ഐ മുംബൈ ഖോരേഗാവ് കടലില്‍ നിന്ന് കണ്ടെടുത്തു. നോര്‍വീജിയന്‍ ആഴക്കടല്‍ മുങ്ങല്‍ വിദഗ്ധരുടെയും സാങ്കേതികവിദ്യയുടെയും സഹായത്തോടെയാണ് പിസ്റ്റള്‍ കണ്ടെടുത്തത്.
മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ്, യുക്തിവാദി എം.എം കല്‍ബുര്‍ഗി, അന്ധവിശ്വാസ വിരുദ്ധ പ്രവര്‍ത്തകന്‍ നരേന്ദ്ര ധബോല്‍ക്കര്‍, സി.പി.ഐ നേതാവ് ഗോവിന്ദ് പന്‍സാരെ എന്നിവരുടെ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ക്കായുള്ള തിരച്ചിലിലാണ് കര്‍ണാടക സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം, സി.ബി.ഐ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിസ്റ്റള്‍ കണ്ടെത്തിയത്. ആയുധം ധബോല്‍ക്കറുടെ കൊലയ്ക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്നു കണ്ടെത്താന്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ആയുധം കണ്ടെത്താന്‍ മുംബൈയിലെ താനെയ്ക്കടുത്തുള്ള ഖോരേഗാവ് ക്രീക്കില്‍ കടലില്‍ മുങ്ങിത്തപ്പേണ്ടതുണ്ടെന്ന് സി.ബി.ഐ 2019 ഓഗസ്റ്റില്‍ പൂനെ കോടതിയെ അറിയിച്ചിരുന്നു. ഇ.എന്‍.ടി സര്‍ജന്‍ വീരേന്ദ്ര ടഡെ, അഭിഭാഷകന്‍ സഞ്ജീവ് പുനാലേക്കര്‍, വിക്രം ഭാവേ, ശരദ് കലാസ്‌കര്‍, സച്ചിന്‍ അന്ധുരെ എന്നിവരുള്‍പ്പെടെ ഏഴു പേരാണ് കൊലപാതകക്കേസില്‍ പ്രധാന പ്രതികളെന്ന് സി.ബി.ഐ നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രഭാത നടത്തത്തിനിടെയാണ് ധബോല്‍ക്കറെ വെടിവച്ചു കൊന്നത്. ധബോല്‍ക്കറുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ ബുള്ളറ്റിന്റെ വലുപ്പം, തരം എന്നിവ പരിശോധിക്കും. സി.ബി.ഐയുടെ ആവശ്യപ്രകാരം ദുബൈ ആസ്ഥാനമായുള്ള എന്‍വിടെക് മറൈന്‍ കണ്‍സള്‍ട്ടന്റ്‌സ് ആയുധം കണ്ടെത്തുന്നതിനായി നോര്‍വേയില്‍ നിന്ന് യന്ത്രങ്ങള്‍ കൊണ്ടുവന്നു.
ഇലക്ട്രോണിക് ഡിസ്റ്റന്‍സ് മെഷറിങ്, ആംഗിള്‍ മെഷര്‍മെന്റ്, ലെവല്‍ മെഷര്‍മെന്റ് തുടങ്ങി നിരവധി രീതികള്‍ പരിശോധനയ്ക്കായി ഉപയോഗിച്ചു. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിക്കുന്നതു മുതല്‍ പരിസ്ഥിതി അനുമതി നേടുന്നതു വരെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ക്രമീകരിച്ചു. തോക്ക് കണ്ടെത്താനുള്ള യത്‌നത്തിന്റെ ചെലവ് 7.5 കോടി രൂപയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."