കൃഷ്ണവേണി വധക്കേസ്: പ്രതിക്ക് ജീവപര്യന്തം
ഇരിങ്ങാലക്കുട: ഭര്‍തൃമതിയും രണ്ടുകുട്ടികളുടെ മാതാവുമായ കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് താഴത്തുവീട്ടില്‍ ചന്ദ്രികയുടെ മകള്‍ കൃഷ്ണവേണിയെ (35) ബൈക്കിന്റെ പിറകില്‍ നിന്നും തട്ടിയിട്ടു കൊലപ്പെടുത്തിയ കേസില്‍ പടിഞ്ഞാറെ വെമ്പല്ലൂര്‍ പണിക്കശ്ശേരി ജ്യോതി രാജനെ (33) ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ഇരിങ്ങാലക്കുട അഡിഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ജി. ഗോപകുമാര്‍ ഉത്തരവിട്ടു. 2015 ഫെബ്രുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട കൃഷ്ണവേണിയെ ജോലി ചെയ്തിരുന്ന തൃപ്രയാര്‍ ലാമിയ സില്‍ക്‌സ് എന്ന സ്ഥാപനത്തില്‍ നിന്നും വൈകിട്ട് ഏഴോടെ മോട്ടോര്‍ സൈക്കിളില്‍ കയറ്റികൊണ്ടുപോയി ദേശീയപാത 17ല്‍ എസ്.എന്‍ പുരം 25-ാം കല്ല് എന്ന സ്ഥലത്തെത്തിയപ്പോള്‍ കൃഷ്ണവേണിയുടെ കാലില്‍ പിടിച്ചുപൊക്കി ബൈക്കില്‍ നിന്നും തട്ടിയിട്ടു. തുടര്‍ന്ന് വാഹനം നിര്‍ത്താതെ പോയി. ഗുരുതരമായി പരുക്കേറ്റ കൃഷ്ണവേണി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. സംഭവത്തിനു ശേഷം മത്സ്യബന്ധനത്തിനു കടലില്‍ പോയി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലിസ് അറസ്റ്റു ചെയ്തു. കൊടുങ്ങല്ലൂര്‍ പൊലിസ് സബ് ഇന്‍സ്പക്ടറായിരുന്ന കെ.ജെ പീറ്റര്‍ രജിസ്റ്റര്‍ ചെയ്ത കേസ് സബ് ഇന്‍സ്പക്ടറായിരുന്ന എം.കെ രമേഷ് ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. മരണപ്പെട്ട കൃഷ്ണവേണിയുടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ലീഗല്‍ സര്‍വിസ് അതോരിറ്റിക്ക് കോടതി നിര്‍ദേശം നല്‍കി. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 24 സാക്ഷികളെ വിസ്തരിക്കുകയും 35 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ ജോബി, അഭിഭാഷകരായ ജിഷ ജോബി, എബിന്‍ ഗോപുരന്‍, വി.എസ് ദിനല്‍ എന്നിവര്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."