ചാമക്കാലയില്‍ വ്യാപാരിയെയും ജീവനക്കാരിയെയും അക്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍
കയ്പമംഗലം: ചാമക്കാലയില്‍ വ്യാപാരസ്ഥാപനത്തില്‍ കയറി വ്യാപാരിയെയും ജീവനക്കാരിയെയും അക്രമിച്ച കേസില്‍ ഒരാളെ കൂടി കയ്പമംഗലം പൊലിസ് അറസ്റ്റ് ചെയ്തു. ചാമക്കാല സ്വദേശി പുളിക്കല്‍ വീട്ടില്‍ കിരണി(24)നെയാണ് എസ്.ഐ ജിനേഷും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ ആലുവയില്‍ നിന്നുമാണ് പൊലിസ് പിടികൂടിയത്.
ഈ കേസില്‍ പിടികൂടുന്ന ആറാമത്തെ പ്രതിയാണിയാള്‍ അഞ്ചുപേര നേരത്തെ പൊലിസ് പിടികൂടിയിരുന്നു.
2018 നവംബര്‍ പത്തിന് വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. ചാമക്കാലയില്‍ പലചരക്ക് കട നടത്തുന്ന കണക്കാട്ട് കൃഷ്ണനേയും കടയിലെ ജീവനക്കാരിയേയും ആറംഗ സംഘം മാരകായുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നു. പരിസരത്ത് കൂട്ടുകൂടി മദ്യപിക്കുകയും കടയില്‍ വരുന്നവരെ ഭീഷണിപ്പെടുത്തി മടക്കി അയക്കുന്നതും ചോദ്യം ചെയ്തതിനായിരുന്നു മര്‍ദ്ദനം.
കടയിലേക്ക് ഇരച്ചു കയറി ഇരുമ്പു പൈപ്പുകൊണ്ട് കൃഷ്ണനെ അടിച്ചു വീഴ്ത്തിയ പ്രതികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. താഴെ വീണ ഇയാളെ ഇരുമ്പു കസേര കൊണ്ടും അടിച്ചു.
സംഭവം കണ്ട് ഭയന്ന് വീട്ടിലേക്കോടിയ ജീവനക്കാരിയെ പിന്‍തുടര്‍ന്നെത്തി വീട്ടില്‍ കയറി മര്‍ദിച്ചു. തടയാനെത്തിയ ഭര്‍ത്താവിനും അടിയേറ്റു.
സംഭവത്തിനു ശേഷം മുങ്ങിയ കിരണ്‍ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഇയാളുടെ പേരില്‍ ആലുവ ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ കേസുകളുണ്ട്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."