മുല്ലപ്പെരിയാര്‍: മുഖ്യമന്ത്രി ദുരഭിമാനം വെടിയണമെന്ന് ഉമ്മന്‍ചാണ്ടി
വണ്ടിപ്പെരിയാര്‍(ഇടുക്കി): മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ദുരഭിമാനം വെടിഞ്ഞ് കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനും ജനങ്ങളെ സംരക്ഷിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാകണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ടും മുഖ്യമന്ത്രി പിണറായിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ചും പീരുമേട് നിയോജകമണ്ഡലം യു.ഡി.എഫ് കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ധര്‍ണയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുല്ലപ്പെരിയാര്‍ വിഷയം പരിഹരിക്കുന്നതിന് കേരള നിയമസഭ പാസാക്കിയ നിയമം മുഖ്യമന്ത്രി മനസിലാക്കണം. നിയമസഭയില്‍ പ്രമേയം പാസാക്കിയപ്പോള്‍ താന്‍ അംഗമായിരുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളിയാണ്. നിയമസഭ പാസാക്കിയ പ്രമേയം കേരളത്തിലെ എല്ലാവര്‍ക്കും ബാധകമാണ്. മുല്ലപ്പെരിയാര്‍ സമരപ്പന്തലില്‍ എത്തി 'മരണം, മരണം' എന്ന് വിളിച്ചുപറഞ്ഞു വിലപിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പിണറായിയുടെ അഭിപ്രായത്തെപ്പറ്റി വിശദീകരണം നല്‍കണം. മുല്ലപ്പെരിയാര്‍ സമരത്തില്‍ പങ്കെടുത്ത ഇ.എസ്. ബിജിമോള്‍ ഉള്‍പ്പെടെയുള്ള അന്നത്തെ പ്രതിപക്ഷത്തെ എം.എല്‍.എമാരും നേതാക്കളും ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കണം. സത്യം മനസിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കഴിയണം. അതിനു സാധിച്ചില്ലെങ്കില്‍ മുല്ലപ്പെരിയാറില്‍ നിന്നു തിരുവനന്തപുരം വരെയും കാസര്‍കോട് വരെയും മനുഷ്യച്ചങ്ങല സംഘടിപ്പിച്ച് 10 വര്‍ഷം മുന്‍പ് താന്‍ പറഞ്ഞതു തെറ്റാണെന്നു വിളിച്ചുപറയാനുള്ള ചങ്കൂറ്റമെങ്കിലും കാണിക്കണം. ഭരണമല്ല ജനങ്ങളുടെ സുരക്ഷിതത്വമാണ് യു.ഡി.എഫിന്റെ ലക്ഷ്യമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ വി.എ.ജോസഫിന്റെ അധ്യക്ഷതയില്‍ രാവിലെ ഒന്‍പതിന് വണ്ടിപ്പെരിയാറില്‍ ആരംഭിച്ച ധര്‍ണ മുന്‍മന്ത്രി പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നേതാക്കളായ റോഷി അഗസ്റ്റിന്‍ എം.എല്‍.എ, റോയി കെ.പൗലോസ്, ഇ.എം ആഗസ്തി, അഡ്വ. എസ്.അശോകന്‍, അഡ്വ. അലക്‌സ് കോഴിമല, അഡ്വ. ഡീന്‍ കുര്യാക്കോസ്, കൊച്ചുത്രേസ്യ പൗലോസ്, എം.ടി തോമസ്, അഡ്വ. ജോയി തോമസ്, പ്രൊഫ. എം.ജെ ജേക്കബ്, ഇബ്രാഹിംകുട്ടി കല്ലാര്‍, സേനാപതി വേണു, അഡ്വ. സിറിയക് തോമസ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."