അഭയാര്‍ഥി നയം: യൂറോപ്യന്‍ യൂനിയന്റെ സഹായം വേണ്ടെന്ന് എം.എസ്.എഫ്
ജനീവ: രാജ്യാതിര്‍ത്തികള്‍ക്കതീതമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന മെഡിസിന്‍ സാന്‍സ് ഫ്രന്‍ണ്ടിയേഴ്‌സ് (എം.എസ്.എഫ്) എന്ന സംഘടന യൂറോപ്യന്‍ യൂനിയനില്‍ (ഇ.യു) നിന്ന് സഹായം സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ചു. യൂറോപ്യന്‍ യൂനിയന്റെ അഭയാര്‍ഥി നയത്തോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് എം.എസ്.എഫ് സെക്രട്ടറി ജനറല്‍ ജെറോം ഒബിറിറ്റി പറഞ്ഞു. തുര്‍ക്കിയില്‍ നിന്ന് കടല്‍ കടന്നെത്തിയ അഭയാര്‍ഥികളെ തിരികെ കൊണ്ടുപോകാന്‍ തുര്‍ക്കിയുമായി യൂറോപ് ഈയിടെ കരാറുണ്ടാക്കിയിരുന്നു. ഇതാണ്് എം.എസ്.എഫിന്റെ പ്രതിഷേധത്തിന് കാരണമായത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഏറ്റവും കൂടുതല്‍ അഭയാര്‍ഥികള്‍ യൂറോപ്പിലേക്ക് പലായനം ചെയ്തത് സിറിയന്‍ ആഭ്യന്തരയുദ്ധത്തിലാണ്. അഭയാര്‍ഥികളെ സ്വീകരിക്കുന്ന കാര്യത്തില്‍ യൂറോപ് മുഖംതിരിക്കുന്ന നയമാണ് പലപ്പോഴായി സ്വീകരിച്ചത്. ഫ്രാന്‍സിലെ ബൈഫ്രാന്‍ യുദ്ധത്തെ തുടര്‍ന്നാണ് എം.എസ്.എഫ് രൂപംകൊണ്ടത്.
രാജ്യാതിര്‍ത്തികള്‍ പരിഗണിക്കാതെ ആതുരസേവനം നടത്തുന്ന ഈ സംഘടനയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരും നഴ്‌സുമാരും സേവനം ചെയ്യുന്നുണ്ട്. യുദ്ധമുഖങ്ങളില്‍ ആതുരസേവനം ചെയ്തതിന് നൊബേല്‍ സമ്മാനം ഇവരെ തേടിയെത്തിയിട്ടുണ്ട്.60 ദശലക്ഷം ഡോളറാണ് കഴിഞ്ഞ വര്‍ഷം ഇവര്‍ യൂറോപ്യന്‍ യൂനിയനില്‍ നിന്ന് സ്വീകരിച്ചത്. നിയമവിരുദ്ധമായ അഭയാര്‍ഥി പ്രവാഹമായാണ് സിറിയയില്‍ നിന്നുള്ള അഭയാര്‍ഥി പലായനത്തെ യൂറോപ് കാണുന്നത്. അഭയാര്‍ഥികളെ തുര്‍ക്കിയിലേക്ക് തിരിച്ചയക്കാനുള്ള യുറോപിന്റെ ശ്രമത്തിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."