കാട്ടാക്കടയിലേക്ക് രാത്രി ബസ് സര്‍വിസ്; ആവശ്യം ശക്തമാകുന്നു
കാട്ടാക്കട: രാത്രി കാലങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ബസ് കിട്ടാതെ ദീര്‍ഘദൂര യാത്രക്കാരും തലസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ജോലി നോക്കുന്ന ജീവനക്കാരും ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ വലയുന്നു. നിലവില്‍ തമ്പാനൂരില്‍നിന്നു രാത്രി 9.00ന് വെള്ളറട ഫാസ്റ്റ്, 9.25ന് കാട്ടാക്കട ഫാസ്റ്റ് എന്നിവയും 10.10ന് കൂട്ടപ്പൂ, 10.50ന് നെയ്യാര്‍ഡാം ഓര്‍ഡിനറി ബസുകളുമാണുള്ളത്.
അതേസമയം രാത്രി പതിനൊന്നു മണിയോടെ തമ്പാനൂരില്‍ എത്തുന്ന ട്രെയിന്‍ യാത്രക്കാരും ദീര്‍ഘദൂര ബസ്‌യാത്രക്കാരും ഉള്‍പ്പെടെ ഗ്രാമീണമേഖലയിലേക്ക് ബസ് കിട്ടാതെ ദുരിതത്തിലാകുന്നു. ഇവര്‍ക്ക് കാട്ടാക്കട ഭാഗത്തേക്ക് പോകണമെങ്കില്‍ പുലര്‍ച്ചെ ഗുരുവായൂരില്‍നിന്നെത്തുന്ന ബസിനെ കാക്കണം. ക്ഷീണിച്ച് അവശരായി കുട്ടികളും ഉള്‍പ്പടെ എത്തുന്നവര്‍ പലപ്പോഴും മണിക്കൂറുകള്‍ കാത്തിരിക്കേണ്ട ദുരവസ്ഥ ഓര്‍ത്ത് ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഇതാകട്ടെ മൂന്നുപേരില്‍ കൂടുതലുണ്ടെങ്കില്‍ കാട്ടാക്കടയില്‍ വരെ എത്താന്‍ ആയിരംരൂപവരെ നല്‍കേണ്ട അവസ്ഥയാണ്.
കാട്ടാക്കടയില്‍നിന്നു മറ്റിടങ്ങളിലേക്ക് പോകേണ്ടവര്‍ക്കു ഭീമമായ തുക തന്നെ ഇതിനായി മുടക്കേണ്ടി വരും. യൂബര്‍ ടാക്‌സി ആശ്രയിച്ചാലും വലിയവിള വരെ കുറഞ്ഞ തുകയും ശേഷം കിലോമീറ്ററിന് കണക്കാക്കി കാട്ടാക്കടയില്‍ എത്തുമ്പോള്‍ അഞ്ഞൂറിലധികം രൂപയും നല്‍കേണ്ടി വരും. ഇത്തരക്കാരുടെ ബുദ്ധിമുട്ടുകള്‍ക്ക് വിരാമമിടാന്‍ മലയോര മേഖലയിലേക്കു രാത്രികാല ബസ് സര്‍വിസ് വേണമെന്ന ആവശ്യത്തിന് അധികൃതരുടെ ഭാഗത്തുനിന്ന് അവഗണന മാത്രമാണുണ്ടാകുന്നത്.
വര്‍ഷങ്ങളായി കാട്ടാക്കട ഭാഗത്തേയ്ക്ക് രാത്രി 10.50നുശേഷം കെ.എസ്.ആര്‍.ടി.സി സര്‍വിസ് വേണമെന്ന ആവശ്യം രേഖാമൂലം നല്‍കിയിട്ടും നടപ്പാക്കാന്‍ അധികൃതര്‍ വിമുഖത കാണിക്കുകയാണ് എന്ന പരാതിയുമുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് നടപ്പാക്കിയ ഷെഡ്യൂള്‍ സമയം ക്രമീകരിച്ചാല്‍ ഒരു പരിധിവരെ പരിഹാരം കാണാമെന്ന നിര്‍ദേശമുണ്ടായിരുന്നെങ്കിലും ഇതു പ്രാവര്‍ത്തികമല്ല. കൂടാതെ പത്തുമണിക്കുശേഷം കാട്ടാക്കടയില്‍നിന്ന് ഒരു സര്‍വിസ് നടത്തിയാല്‍ തിരികെ പതിനൊന്നു മണി കഴിഞ്ഞ് കാട്ടാക്കട വരെയോ ആര്യനാട്, വെള്ളനാട് കുറ്റിച്ചല്‍, മണ്ഡപത്തിന്നകടവ് ഒറ്റശേഖരമംഗലം വരെയോ നീളുന്ന സര്‍വിസ് ആവശ്യവുമുണ്ടായിരുന്നു. ഇതെല്ലം കളക്ഷന്‍ കുറവായിരിക്കുമെന്ന ന്യായം പറഞ്ഞാണ് മുടക്കുന്നത്.
അതേസമയം കാട്ടാക്കടനിന്ന് രാവിലെ 8.20നു തിരിച്ച് 3.30ന് മൂവാറ്റുപുഴ എത്തുകയും ഇവിടെനിന്നു വൈകുന്നേരം 6.30നു തിരിച്ച് തമ്പാനൂരില്‍ രാത്രി 12.10ന് എത്തുകയും, ഇവിടെ പരമാവധി അരമണിക്കൂര്‍ പിടിച്ചിട്ടാലും 12.45ഓടെ കാട്ടാക്കടയിലേക്ക് എത്തുകയും ചെയ്യുന്ന തരത്തില്‍ ഒരു ഫാസ്റ്റ് പാസഞ്ചര്‍ സര്‍വിസിനു നിര്‍ദേശം പോയെങ്കിലും കെ.എസ്.ആര്‍.ടി.സി ചീഫ് ഓഫീസ് ഈ അപേക്ഷയില്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതേ അവസ്ഥയാണ് തേക്കടി സര്‍വിസ് കാട്ടാക്കട ഡിപ്പോയ്ക്കായി വേണമെന്ന ആവശ്യവും. ഇതും പന്ത്രണ്ടു മണിക്ക് കാട്ടാക്കടയിലേക്ക് തിരിക്കുന്ന സമയത്താണ്. എന്നാല്‍ ഇതിപ്പോള്‍ രാത്രിസമയത്ത് ഇതര സംസ്ഥാന ബസുകള്‍ ഉള്‍പ്പടെയുള്ള റൂട്ടായ നെയ്യാറ്റിന്‍കരയിലേക്ക് കൊടുത്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."