മലപ്പുറത്തും പക്ഷിപ്പനി; രോഗവ്യാപനം തടയാനായി നാലായിരത്തോളം കോഴികളെ കൊല്ലേണ്ടിവരും
പരപ്പനങ്ങാടി (മലപ്പുറം): കോഴിക്കോടിന് പുറമെ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു.
പാലത്തിങ്ങലിലെ ഒരു വീടിനു പുറകിലെ ചെറിയ ഫാമില്‍ കോഴികള്‍ ചത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പ്രദേശത്ത് നിന്ന് കണ്ടെത്തിയ ചത്ത കാക്കയുടെയും ഫാമില്‍ ചത്ത രണ്ട് കോഴികളുടെയും സാംപിളുകള്‍ ഞായറാഴ്ച പരിശോധനകള്‍ക്കായി പാലക്കാട്ടേക്ക് അയച്ചിരുന്നു.
ഇവിടെ നിന്നുമുള്ള പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ഇവ ഭോപ്പാലിലേക്ക് അയച്ചു. ഈ സാംപിളുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പരിശോധനക്കയച്ച കാക്കയുടെ സാംപിളില്‍ ഫലം നെഗറ്റീവായിരുന്നു.
പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ തുടര്‍നടപടിയുടെ ഭാഗമായി ഒരു കിലോമീറ്റര്‍ ചുറ്റളവിലെ കോഴികളെയും വളര്‍ത്തു പക്ഷികളെയും കൊന്നൊടുക്കാനുള്ള നടപടികളും സ്വീകരിച്ചുവരുന്നുണ്ട്. രോഗവ്യാപനം തടയാനായി നാലായിരത്തോളം കോഴികളെ കൊല്ലേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഒരു മാസം മുന്‍പ് ചെട്ടിപ്പടി കൊയംകുളത്ത് കാക്കകളും കോഴികളും കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.
ഇതിന് ഒരാഴ്ചക്ക് ശേഷം വീണ്ടും പുത്തന്‍പീടിക ഭാഗത്ത് ഒരു വീട്ടിലെ 27 വളര്‍ത്തു കോഴികളും കൊടപ്പാളി മണ്ണാറ ഭാഗത്തെ ചില വീടുകളിലും കോഴികള്‍ ചത്തൊടുങ്ങി. ഇതില്‍ പുത്തന്‍പീടികയില്‍ ചത്ത കോഴികളില്‍ ഒന്നിനെ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയപ്പോള്‍ വിഷം അകത്തു ചെന്നതാണ് കാരണമെന്ന് കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."