പുസ്തകങ്ങള്‍ കൊണ്ടൊരു വായനശാലാ കെട്ടിടം
പയ്യന്നൂര്‍: കെട്ടിട നിര്‍മാണത്തിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമാവുകയാണ് പയ്യന്നൂര്‍ കാരയിലെ ലാല്‍ ബഹാദൂര്‍ വായനശാല. വായനക്കാര്‍ക്ക് ഏറെ പരിചിതമായ പുസ്തകങ്ങള്‍ അടുക്കിവച്ച രീതിയിലാണ് വായനശാലാ കെട്ടിടം സംഘാടകര്‍ നിര്‍മിച്ചത്. വായനക്കാര്‍ക്കു സുപരിചതമായ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ഏതേതോ സരണികളില്‍, ലോസ്റ്റ് നോളജ് രാമായണം, ഗീതാഞ്ജലി, ഐതീഹ്യമാല തുടങ്ങിയ പുസ്തകങ്ങളുടെ പുറംചട്ടകളുടെ മാതൃകയില്‍ ചിത്രം വരച്ചാണ് കെട്ടിടത്തിനു പ്രൗഢി കൂട്ടിയത്.
റോഡ് വികസനത്തിനായി 10 വര്‍ഷം മുന്‍പ് പഴയ കെട്ടിടം പൊളിച്ചുമാറ്റിയതിനെ തുടര്‍ന്നു വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വായനശാലക്കായി മൂന്നുവര്‍ഷം മുന്‍പ് അഞ്ചു സെന്റ് സ്ഥലം സ്വന്തമായി വാങ്ങുകയും കെട്ടിട നിര്‍മാണ ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. പിരിവെടുത്ത് കെട്ടിട നിര്‍മാണം ആരംഭിച്ചപ്പോള്‍ എന്തെങ്കിലും വ്യത്യസ്തത വേണമെന്ന ആഗ്രഹം വായനശാലയുമായി ബന്ധപ്പെട്ടവര്‍ക്ക് ഉണ്ടായത്. തുടര്‍ന്ന് ശില്പി കെ.കെ.ആര് വെങ്ങര മുന്നോട്ടുവച്ച ആശയമാണു പുസ്തകവീട് എന്നത്. ആശയം പ്രാവര്‍ത്തികമാക്കിയത് വായനശാലാ പ്രവര്ത്തകന് കൂടിയായ സി.വി ശ്രീധരനാണ്.
കെട്ടിടം മൂന്നിന് വൈകിട്ട് അഞ്ചിന് സാഹിത്യകാരന് എന്‍. പ്രഭാകരന് ഉദ്ഘാടനം ചെയ്യും. വായനശാലയുടെ മുന്നില്‍ സ്ഥാപിക്കുന്ന ലാല്‍ബഹദൂര്‍ ശാസ്ത്രിയുടെ അര്‍ധകായ പ്രതിമ നഗരസഭാ ചെയര്മാന് ശശി വട്ടക്കൊവ്വല്‍ അനാവരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."