വയനാടന്‍ ജനതയെ ഇടതുസര്‍ക്കാര്‍ വഞ്ചിച്ചു: യൂത്ത് ലീഗ്
കല്‍പ്പറ്റ: കേരളത്തില്‍ തന്നെ വ്യാപകമായി ഏറ്റവും കൂടുതല്‍ പ്രളയം ബാധിച്ച ജില്ലയില്‍ പ്രളയാനന്തര പുനര്‍നിര്‍മാണത്തില്‍ ഊന്നല്‍ നല്‍കിയുള്ള യാതൊരുവിധ പാക്കേജും പ്രഖ്യാപിക്കാതെ വയനാടന്‍ ജനതയുടെ പ്രതീക്ഷയായ മെഡിക്കല്‍ കോളജ് ഉപേക്ഷിക്കുക കൂടി ചെയ്ത് ബജറ്റിലൂടെ ഇടതു സര്‍ക്കാര്‍ വയനാടന്‍ ജനതയെ വഞ്ചിച്ചിരിക്കുകയാണെന്ന് യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് കെ. ഹാരിസ്, ജനറല്‍ സെക്രട്ടറി സി.കെ ഹാരിഫ് എന്നിവര്‍ പറഞ്ഞു.
വയനാട് മെഡിക്കല്‍ കോളജിനായി മടക്കിമലയില്‍ ഏറ്റെടുത്ത 50 ഏക്കര്‍ ഭൂമിയില്‍ കോളജിന്റെ നിര്‍മാണം ഉപേക്ഷിക്കുകയാണെന്ന പ്രഖ്യാപനം തീര്‍ത്തും നിരുത്തരവാദപരമാണ്. പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്നും കോളജിന് വേണ്ടി മറ്റൊരു ഭൂമി കണ്ടെത്തുമെന്നുള്ള പ്രഖ്യാപനം നടക്കില്ലെന്നും ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണെന്നും ഇവര്‍ ആരോപിച്ചു.
കാടിക്കണക്കിന് രൂപയുടെ മരവും, മണ്ണും, കല്ലും, ഒടുവില്‍ കാപ്പിയും കടത്തികൊണ്ട് പോയിട്ടും അധികൃതര്‍ക്ക് യാതൊരു അനക്കവുമില്ലായിരുന്നെന്നും, കോളജ് ഈ ഭൂമിയില്‍ നിന്ന് മാറ്റാനുള്ള തീരുമാനം വളരെ മുമ്പേ എടുത്തതിന്റെ സൂചനയാണെന്ന് സംശയിക്കേണ്ടിയിരുക്കുന്നുവെന്നും യൂത്ത്‌ലീഗ് ചൂണ്ടിക്കാട്ടി.
വയനാടന്‍ ജനതയോട് സി.പി.എമ്മും, എംഎല്‍.എമാരും മറുപടി പറയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളജ് ഉപേക്ഷിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ ഇന്ന് പ്രതിഷേധ പ്രകടനം നടത്തുമെന്നും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."