പ്രളയ അതിജീവനത്തിന്റെ പുതുചരിത്രം; പുതുമോടിയോടെ മോഹനേട്ടന്റെ കട
വടക്കാഞ്ചേരി: മഹാ പ്രളയത്തിനിടയിലെ ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ കുറാഞ്ചേരി പ്രളയ അതിജീവനത്തിന്റെ പാതയിലാണ്. കന്നുകുഴിയില്‍ മോഹനന്റെയും കുടുംബത്തിന്റെയും സ്മരണാര്‍ഥം പുതുമോടിയോടെ മോഹനേട്ടന്റെ കട കുറാഞ്ചേരിയില്‍ വീണ്ടും ഉയര്‍ന്നു കഴിഞ്ഞു. പുതു പ്രതീക്ഷയുടേയും അതിജീവനത്തിന്റേയും സ്മാരകമായാണ് മോഹനന്‍ നടത്തിയിരുന്ന വ്യാപാര സ്ഥാപനം പുനര്‍നിര്‍മിച്ചത്. കുറാഞ്ചേരിയില്‍ സംസ്ഥാന പാതയോടു ചേര്‍ന്നു നിര്‍മാണം പൂര്‍ത്തീകരിച്ച പച്ചക്കറി വ്യാപാര സ്ഥാപനം ഇനി പ്രവര്‍ത്തിക്കുക ജീവകാരുണ്യത്തിന്റെ സന്ദേശവുമായാണ്.
ലാഭത്തേക്കാളുപരി കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് മികച്ച ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നു മോഹനന്റെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.
മോഹനേട്ടന്റെ കടയെന്നാണ് സ്ഥാപനത്തിന്റെ പേര്. ഈമാസം ആറിനാണ് ഉദ്ഘാടനം. കടയ്ക്കു മുന്‍പിലെ ബോര്‍ഡില്‍ മോഹനന്‍, ഭാര്യ ആശാ ദേവി, മക്കളായ അഖില്‍ (വിഷ്ണു), അമല്‍ എന്നിവരുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.വടക്കാഞ്ചേരി നഗരസഭയുടെ കൃത്യമായ ഇടപെടലുകളും സഹായങ്ങളും കടപുനര്‍നിര്‍മാണത്തിന്റെ ആക്കം കൂട്ടി. നവ കുറാഞ്ചേരി നിര്‍മാണവും അതിവേഗം പുരോഗമിക്കുകയാണ്. തെക്കുംകര പഞ്ചായത്ത് നടത്തുന്ന കുറാഞ്ചേരി നായരങ്ങാടി റോഡ് നിര്‍മാണവും ദ്രുതഗതിയിലാണ്.
സംസ്ഥാന പാതയോട് തൊട്ട് റെയില്‍വേ നിര്‍മാണ പ്രവര്‍ത്തനങ്ങളും അവസാന ഘട്ടത്തിലാണ്. ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് പുതിയ ഭവനങ്ങള്‍ നിര്‍മിക്കുന്ന പ്രവര്‍ത്തനവും യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."