നാഥനില്ലാക്കളരിയും തുരുമ്പിച്ച ആയുധങ്ങളും
കോണ്‍ഗ്രസുമായി ബന്ധപ്പെട്ട ഏറ്റവും ഒടുവിലത്തെ സുപ്രധാന വാര്‍ത്ത ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടു എന്നതാണ്. അദ്ദേഹം പാര്‍ട്ടി വിട്ടതാണോ, അതിനു നിര്‍ബന്ധിക്കപ്പെട്ടതാണോ? രാഹുല്‍ ഗാന്ധിയുടെ സ്വന്തക്കാരനും പ്രിയങ്കയുടെ അടുപ്പക്കാരനുമെല്ലാമായിട്ടും അവഗണിക്കപ്പെട്ടുവെന്നു തോന്നിയത് കൊണ്ടാണ് യുവനേതാവ് പാളയം മാറിയതെന്നു പറയുന്നവരുണ്ട്. സിന്ധ്യയുടെ അധികാരക്കൊതിയും ബി.ജെ.പിയുടെ രാഷ്ട്രീയ ഉപജാപവുമാണ് അതിനു പിന്നിലെന്ന് വിശദീകരിക്കുന്നവരുമുണ്ട്. കാരണങ്ങള്‍ പലതുമുണ്ടെങ്കിലും കോണ്‍ഗ്രസ് എന്ന ദേശീയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പരിണാമം ജനാധിപത്യ വിശ്വാസികളെ വേദനിപ്പിക്കുന്നുണ്ട്. പാര്‍ട്ടിയെ തേടി പ്രതിസന്ധിയുടെ കാലം വന്നപ്പോള്‍ കൂറും കടപ്പാടുമില്ലാതെ സ്ഥലംമാറുന്നവരുടെ ഒരു സംഘമായി ദേശീയ പ്രസ്ഥാനത്തിന്റെ പൈതൃകം അവകാശപ്പെടുന്ന പാര്‍ട്ടി മാറുകയെന്നത് ശോചനീയമാണ്. ഇനിയും രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ എങ്ങനെ കോണ്‍ഗ്രസില്‍ വിശ്വാസമര്‍പ്പിക്കും.
യു.പി മുതല്‍ ഡല്‍ഹി വരെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍നിന്ന് ഒരു പാഠവും പഠിക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ല എന്നതാണു ഇതെല്ലാം തെളിയിക്കുന്നത്. തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ മാത്രമല്ല, മതിയായതും ശരിയായതുമായ നേതൃത്വത്തിന്റെ അഭാവത്തിലും പാര്‍ട്ടി അടിപതറി നില്‍ക്കുകയാണ്. അക്ഷരാര്‍ഥത്തില്‍ ദേശീയ രാഷ്ട്രീയ ഭൂപടത്തില്‍നിന്ന് ഒരു പ്രസ്ഥാനം അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണോ എന്ന ഭയം ജനാധിപത്യ വിശ്വാസികള്‍ക്കുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ കൃത്യമായ പങ്കുവഹിച്ച, സ്വയം സമര്‍പ്പണത്തിന്റെയും ആദര്‍ശത്തിന്റെയും ഭൂതകാല മഹിമകള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയ പാര്‍ട്ടി, ഇതിലൊന്നും ഒരുപങ്കും വഹിക്കാത്ത, അല്ലെങ്കില്‍ അതിനെ തുരങ്കംവച്ച ശക്തികള്‍ക്ക് ദൈനംദിനം അടിയറവ് പറയുകയാണിപ്പോള്‍.
കോണ്‍ഗ്രസിന്റെ സ്വാതന്ത്ര്യസമര കാലത്തെ ദേശീയതയെ സംഘ്പരിവാറിന്റെ ഹിന്ദുത്വ ദേശീയത കൈയേറിയിരിക്കുന്നു. അങ്ങനെയൊരു രാഷ്ട്രീയ സ്ഥിതിവിശേഷം സംഘ്പരിവാര്‍ സംഘടനകളുടെ മിടുക്കുകൊണ്ട് മാത്രം സംജാതമായതല്ല. കോണ്‍ഗ്രസിന്റെ അടിയറവുകള്‍ കൂടി വിലയിരുത്തിയാലേ ഈ പരാജയങ്ങളുടെ ഉത്തരവാദിത്വം കോണ്‍ഗ്രസിന്റേത് കൂടിയാണെന്ന് മനസിലാകൂ. ദേശീയതലത്തില്‍ നെഹ്‌റു കുടുംബം പാര്‍ട്ടിയെ ഒന്നായി നിര്‍ത്തിയെന്നത് ഒരു പരിധിവരെ ശരിയാണ്. പക്ഷേ, അതുതന്നെയാണു കോണ്‍ഗ്രസിന്റെ ദൗര്‍ബല്യമായും പരിണമിച്ചിരിക്കുന്നത്.
2004ല്‍ പ്രണബ് മുഖര്‍ജിയെ പ്രധാനമന്ത്രി സ്ഥാനത്തു വരാതെ നോക്കിയത് രാഹുല്‍ ഗാന്ധിക്കു വേണ്ടി പ്രധാനമന്ത്രിക്കസേര തുടച്ചുവയ്ക്കുന്ന നടപടിയായിരുന്നു എന്നുപറയുന്ന കോണ്‍ഗ്രസുകാരുണ്ട്. 2004 മുതല്‍ 2014 വരെ മന്‍മോഹന്‍സിങ് ഭരിച്ചു. പക്ഷേ, ഈ 10 വര്‍ഷംകൊണ്ട് കോണ്‍ഗ്രസിന്റെ പതനം പൂര്‍ത്തിയായി. സംഘ്പരിവാറിനെയും അഴിമതിവിരുദ്ധ മുഖവുമായി അരങ്ങില്‍ വന്ന അണ്ണാ ഹസാരെയെയും പോലുള്ള ഇടനിലക്കാരും ആര്‍.എസ്.എസിന്റെ തീവ്ര വലതു രാഷ്ട്രീയവുമായി സന്ധിയാകാന്‍ കഴിയുന്ന രാഷ്ട്രീയക്കാരും ഒക്കെ ചേര്‍ന്ന് കോണ്‍ഗ്രസിന്റെ കഥ കഴിച്ചുവെന്നു തന്നെ പറയാം. അഴിമതിയും ഭരണരാഹിത്യവും യു.പി.എയെ തകര്‍ത്തു. 2014ലെ മോദിവിജയവും അമിത് ഷായുടെ അരങ്ങേറ്റവും അങ്ങനെ നടന്നു. അധികാരം ലഭിച്ചാല്‍ അത് എങ്ങനെ പ്രയോഗിക്കാമെന്ന് ആര്‍.എസ്.എസിനു നന്നായറിയാം. അതേസമയം പ്രതിപക്ഷം എങ്ങനെയിരിക്കണമെന്ന് ആലോചിക്കാന്‍ പോലും കോണ്‍ഗ്രസിനു കഴിയുന്നില്ല.
ജനാധിപത്യ മതേതര ശക്തികള്‍ക്ക് ഒന്നായി മുന്നേറാന്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയാകാനും അതിനുള്ള വിശ്വാസമാര്‍ജിക്കാനും കഴിഞ്ഞില്ലെങ്കില്‍ കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും ധാര്‍മികമായ ദൗത്യം ഏറ്റെടുക്കുന്ന കാര്യത്തിലാകും പരാജയപ്പെടുന്നത്. ജനാധിപത്യമെന്ന സംവിധാനം സ്ഥാപിത താല്‍പര്യക്കാരുടെ, സ്വാര്‍ഥമതികളുടെ പാളയവും അധികാരക്കച്ചവടക്കാരുടെ താവളവുമായി മാറുമ്പോള്‍ ഇത്തരം ദുര്‍ബലമയ ചെറുത്തുനില്‍പ്പു കൊണ്ടൊന്നും ഫലമുണ്ടാകില്ല. ദേശീയ നേതാക്കളും ഡല്‍ഹിയിലും ഉത്തരാഖണ്ഡിലും ഗോവയിലും നേതൃനിരയിലെ മുതിര്‍ന്നവരും ബി.ജെ.പി പാളയത്തിലേക്ക് ചേക്കേറിയപ്പോഴും കോണ്‍ഗ്രസ് നേതൃത്വം കിഴവന്മാരുടെ ഗ്രൂപ്പുകളിയില്‍ സമയം കളയുകയായിരുന്നു.
ഡല്‍ഹി തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കളംമാറിയ ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ ഒന്നുകൂടി ശ്രദ്ധേയമായി തോന്നുന്നു. മാധവ്‌റാവു സിന്ധ്യയോടുള്ള ആദരവു കൊണ്ടും മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയാക്കിയ ആളെന്ന നിലക്കും സിന്ധ്യ ഒരു മോശം നേതാവല്ല. അദ്ദേഹം പറഞ്ഞ കാര്യം പ്രാധാന്യമേറിയതായിരുന്നു. 'നില അതീവ ഗുരുതരം. കോണ്‍ഗ്രസ് പാര്‍ട്ടി മാറിച്ചിന്തിക്കണം. പാര്‍ട്ടിക്കു പുതിയ രീതിയും പുതിയ സമീപനവും അനിവാര്യമായിരിക്കുന്നു. നിലവിലെ സാഹചര്യം അങ്ങേയറ്റം നിരാശയുണ്ടാക്കുന്നതാണ്. കാലം മാറി, രാജ്യവും മാറിയിരിക്കുന്നു. നാം ജനങ്ങളിലേയ്ക്ക് ഇറങ്ങിയേ മതിയാവൂ'. അതായത്, മാറിച്ചിന്തിക്കണം അല്ലെങ്കില്‍ ഞാന്‍ മാറിയിരുന്ന് ചിന്തിക്കുമെന്നായിരുന്നു അദ്ദേഹം അന്നു പറഞ്ഞുവച്ചത്. നാഥനില്ലാക്കളരിയിലെ തുരുമ്പിച്ച ആയുധങ്ങള്‍ കൊണ്ട് സര്‍വായുധ വിഭൂഷിതരായി വിലസുന്ന സംഘ്പരിവാറുമായി ഒരേറ്റുമുട്ടല്‍ സാധ്യമല്ല എന്നു തന്നെയാണ് അദ്ദേഹം പറഞ്ഞത്. തോല്‍ക്കുന്ന പടയിലെ യുവരാജാവാകുന്നതിലും ഭേദം ജയിക്കുന്ന പടയിലെ പോരാളിയാകാമെന്ന് അദ്ദേഹത്തിനു തോന്നിയിരിക്കാം. രാഷ്ട്രീയസേവനം സാധ്യതകളുടെ കളിയായി കരുതുന്ന ഇക്കാലത്തെ എല്ലാവരെയും പോലെ അദ്ദേഹവും ചുവടുമാറ്റിയെന്നു മാത്രം.
സര്‍വ നേതാക്കളെയും ബി.ജെ.പിയില്‍ എത്തിച്ചേ വിരമിക്കൂ എന്നു പ്രതിജ്ഞയെടുത്ത നേതാക്കള്‍ കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ബി.ജെ.പിയുടെ കിനാവ് സാക്ഷാല്‍ക്കരിച്ചു കൊടുക്കും. അതോടെ പോരിനല്ല, പേരിനും പ്രതിപക്ഷമില്ലാത്ത ഭരണം സംഘ്പരിവാര്‍ സാധിച്ചെടുക്കുകയും ചെയ്യും. കോണ്‍ഗ്രസിന് ഇപ്പോള്‍ വേണ്ടത് ഒരു ക്രൈസിസ് മാനേജ്മന്റാണ്. ഒരുപറ്റം പല്ലുകൊഴിഞ്ഞ സിംഹങ്ങളുടെ ഗര്‍വ്വും അഹങ്കാരവും കാരണം നശിക്കുന്നത് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് മാത്രമല്ല, ജനാധിപത്യ ഇന്ത്യയുടെ ഭാവിയാണ്. രാജസ്ഥാനിലെ യുവശബ്ദം പൈലറ്റ് അടക്കം കൂടാരം വിടാന്‍ കാത്തിരിക്കുന്നവരുടെ പട്ടികയിലുണ്ട് എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ ആശങ്ക കുറച്ചൊന്നുമല്ല.
കോണ്‍ഗ്രസ് മുക്ത ഭാരതം എന്നു മോദിയും അമിത് ഷായും പറയുമ്പോള്‍ അതില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയം മാത്രമല്ല ഉള്ളത്. നിലവിലുള്ള ഭരണഘടന ഇല്ലാതാക്കുക എന്നതും അതിന്റെ അര്‍ഥപരിധിയില്‍ വരും. ഭരണഘടന വിഭാവന ചെയ്യുന്ന ജനാധിപത്യം, മതേതരത്വം, സോഷ്യലിസം, സംവരണനീതി, പ്രത്യേകാവകാശങ്ങള്‍, ന്യൂനപക്ഷ സംരക്ഷണം, ഭാഷാ വൈവിധ്യ സംരക്ഷണം, സാംസ്‌കാരിക ബഹുസ്വരത, ലിംഗനീതി, ലിംഗസമത്വം മുതലായ എല്ലാ സങ്കല്‍പങ്ങളും തകര്‍ക്കുക എന്നതുമാണത്. പ്രതിപക്ഷമില്ലാത്ത ഒറ്റകക്ഷി ഭരണം എന്നത് മാത്രവുമല്ല. ദലിതരും പിന്നാക്കക്കാരും ന്യൂനപക്ഷങ്ങളും ആദിവാസികളുമെല്ലാം ഒരു സവര്‍ണ ന്യൂനപക്ഷത്തിനു കീഴടങ്ങി ജീവിക്കുന്ന സംസ്‌കാരം ഉണ്ടാക്കുക എന്നതും ആ പദ്ധതിയുടെ ലക്ഷ്യമാണ്. എന്നാല്‍ സംഘ്പരിവാരം പുറത്തുപറയുക, കോണ്‍ഗ്രസിന്റെ കുടുംബവാഴ്ച അവസാനിപ്പിക്കും, കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ പ്രീണനം അവസാനിപ്പിക്കും എന്നൊക്കെ ആയിരിക്കുകയും ചെയ്യും. വളരെ ആസൂത്രിതമായ രീതിയില്‍ കോണ്‍ഗ്രസിന്റെ വേരറുക്കുകയാണ് ഇന്ത്യന്‍ ഫാസിസം എന്നത് ഇനിയും തിരിച്ചറിയാത്തത് കോണ്‍ഗ്രസുകാര്‍ മാത്രമാണെന്നതാണ് ദുഃഖകരം.!
പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള പോരാട്ടങ്ങളിലൊന്നും കോണ്‍ഗ്രസ് അതിന്റെ സര്‍വശേഷിയും സംഭരിച്ച് രംഗത്തുവന്നതേയില്ല. സംഘ്പരിവാറിന്റെ സംവരണവിരുദ്ധത, കശ്മിര്‍ വിഭജനം എന്നിവയിലും കടുത്ത നിലപാടുമെടുത്തില്ല. ഫാസിസത്തിനെതിരേ ഒരു നിലപാടുമില്ലാത്ത എ.എ.പി പോലൊരു ക്ഷേമരാഷ്ട്രീയത്തില്‍ മാത്രമൂന്നിയ പാര്‍ട്ടിയെ ഡല്‍ഹിയിലെ മധ്യവര്‍ഗം വലിയ ഭൂരിപക്ഷത്തോടെ ജയിപ്പിച്ചതും കോണ്‍ഗ്രസ് ഒരു വന്‍ പരാജയമായതും നാം കണ്ടതാണ്. 2015ല്‍ 70ല്‍ 67 സീറ്റിലും എ.എ.പിയെ മൃഗീയ ഭൂരിപക്ഷത്തില്‍ ജയിപ്പിച്ചു. ഇപ്പോള്‍ അതിന്റെ തൊട്ടുപിറകെ 70ല്‍ 63 സീറ്റുമേകി എ.എ.പിയെ അവര്‍ വീണ്ടും വിജയിപ്പിക്കുന്നതും നാം കണ്ടു.
അഥവാ ഇന്ത്യന്‍ ജനത ബി.ജെ.പിയിലോ സംഘ്പരിവാറിന്റെ ഫാസിസ്റ്റ് ചേരിയിലോ ഇനിയും വീണുപോയിട്ടില്ല. പകരം അവരെ വിശ്വസിപ്പിക്കാനും ആശ്വസിപ്പിക്കാനുമുള്ള രാഷ്ട്രീയ ഇച്ഛാശക്തിയെങ്കിലും കാണിച്ചാല്‍ ജനം കൂടെനില്‍ക്കും. മറിച്ച്, കോണ്‍ഗ്രസിന്റെ പ്രാദേശിക ഘടകങ്ങളെ കൂടെ നിര്‍ത്തുന്നതിനും അനുനയിപ്പിക്കുന്നതിനും നേതൃത്വം പരാജയപ്പെട്ടാല്‍ ഇന്ത്യന്‍ ഭൂപടം മുഴുക്കെ ഫാസിസത്തിന്റെ കരാളഹസ്തങ്ങളിലാകുമെന്നതില്‍ സംശയമില്ല.
കോണ്‍ഗ്രസില്‍ നെഹ്‌റുവിന്റെയോ ഇന്ദിരയുടെയോ ഗുണവും വീര്യവുമുള്ള ഒരു നേതാവ് ഉയര്‍ന്നുവരുമെന്നും ഇന്ത്യയെന്ന ആശയത്തെ മുന്നോട്ടുകൊണ്ടുപോകുന്ന രാഷ്ട്രീയ പക്വതയും ചടുലതയും തിരിച്ചുവരുമെന്നും ആശിക്കുന്നവര്‍ക്കു വേണ്ടിയെങ്കിലും ഒരല്‍പം അന്തസ് കോണ്‍ഗ്രസ് കാണിക്കണം. അല്ലെങ്കില്‍ ഈ പീടിക പൂട്ടി താക്കോല്‍ കൂടി ബി.ജെ.പിയെ ഏല്‍പ്പിക്കുന്നതാകും നല്ലത്. കോണ്‍ഗ്രസ് മുക്ത ഭാരതം എന്നത് ഒരു വലിയ പ്രൊജക്ടാണ്. അതിനു മൗനസമ്മതം മൂളുന്ന അവസ്ഥയെങ്കിലും കോണ്‍ഗ്രസ് അവസാനിപ്പിക്കണം. ഇക്കാലം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു ജീവന്മരണ പോരാട്ടത്തിന്റെ വേളയാകുന്നത് രാജ്യം ഒരു രാഷ്ട്രീയദുരന്തത്തിന്റെ വക്കില്‍ നില്‍ക്കുന്നതു കൊണ്ടാണ്. ആ ദുരന്തത്തില്‍ നിന്നൊരു മോചനത്തിനുള്ള സുവര്‍ണാവസരം കളഞ്ഞുകുളിച്ചതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികള്‍ക്കായിരിക്കും.
(യു.എ.ഇ കെ.എം.സി.സി ദേശീയ പ്രസിഡന്റാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."