നന്ദിയാണ് വിശ്വാസിയുടെ അടയാളം
അല്ലാഹു മനുഷ്യന് നല്‍കിയ അനുഗ്രഹങ്ങളോട് സദാ നന്ദിയുള്ളവനായിരിക്കും വിശ്വാസി. ജീവിതവും അതിന്റെ വിഭവങ്ങളും എല്ലാം ഒരുക്കിത്തന്ന സ്രഷ്ടാവിനെ മറന്നുകൊണ്ടുള്ള നിലപാട് അവന്റെ ജീവിതത്തില്‍ ഒരിക്കലും ഉണ്ടാകില്ല. അനുഗ്രഹങ്ങളെ സ്മരിക്കാത്തവന്‍ നന്ദികെട്ടവനാണെന്ന് ഖുര്‍ആന്‍ പറയുന്നത് കാണാം.
'നിങ്ങള്‍ അവനോട് ആവശ്യപ്പെട്ടതില്‍ നിന്നെല്ലാം നിങ്ങള്‍ക്ക് അവന്‍ നല്‍കിയിരിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്ക് അതിന്റെ കണക്കെടുക്കാന്‍ ആവില്ല. തീര്‍ച്ചയായും മനുഷ്യന്‍ മഹാ അക്രമകാരിയും വളരെ നന്ദികെട്ടവനും തന്നെ. (വി.ഖുര്‍ആന്‍. 14:34)
പ്രവാചകന്‍മാരുടെ ജീവിതം പരിശോധിച്ചാല്‍ അവര്‍ വളരെയധികം നന്ദിയുള്ളവരായിരുന്നു എന്ന് കാണാന്‍ കഴിയും. നൂഹ് നബി (അ) യെ കുറിച്ച് അല്ലാഹു പറയുന്നത്. 'തീര്‍ച്ചയായും അദ്ദേഹം നന്ദിയുള്ള അടിമയായിരുന്നു' (വി.ഖുര്‍ആന്‍. 17:3) എന്നാണ്. ഖലീലുല്ലാഹി ഇബ്‌റാഹീം (അ) അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുന്നവനായിരുന്നു.' (വി.ഖുര്‍ആന്‍. 16:121) തന്റെ കാലുകളില്‍ നീരുവരുന്നതുവരെ രാത്രി നിന്നുകൊണ്ട് നിസ്‌കരിക്കാറുണ്ടായിരുന്നുവെന്നും അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഞാന്‍ നന്ദിയുള്ള ഒരടിമയാവേണ്ടേ? എന്നു പറഞ്ഞതായും ചരിത്രത്തില്‍ നമുക്കു കാണാം.
സുലൈമാന്‍ നബി (അ) തന്റെ മുമ്പില്‍ ബല്‍ഖീസ് രാജ്ഞിയുടെ സിംഹാസനം സ്ഥിതിചെയ്യുന്നത് കണ്ടപ്പോള്‍ പറഞ്ഞു. 'ഞാന്‍ നന്ദി കാണിക്കുമോ അതല്ല നന്ദികേട് കാണിക്കുമോ എന്ന് പരീക്ഷിക്കുവാനായി എന്റെ രക്ഷിതാവ് എനിക്കു നല്‍കിയ അനുഗ്രഹത്തില്‍പ്പെട്ടതാകുന്നു ഇത്.' (വി.ഖുര്‍ആന്‍ 27 : 40).
നാം റബ്ബിനോട് നന്ദി കാണിക്കുന്നതോടൊപ്പം നമ്മുടെ മാതാപിതാക്കളോടും നന്ദിയുള്ളവരാവണം. നമ്മുടെ വളര്‍ച്ചയുടെയും പുരോഗതിയുടെയും പിന്നില്‍ നമ്മുടെ മാതാപിതാക്കളുടെ കഠിനാധ്വാനവും ത്യാഗവും ഉണ്ടെന്ന കാര്യം നാം ഒരിക്കലും മറക്കരുത് . അല്ലാഹു പറയുന്നു. 'മനുഷ്യന് തന്റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം നിര്‍ദേശം നല്‍കി. അവന്റെ മാതാവ് ഏറെ ക്ഷീണത്തോടെയാണ് അവനെ ഗര്‍ഭം ചുമന്നത്. അവന്റെ മുലകുടി നിര്‍ത്തുന്നതാവട്ടെ രണ്ട് വര്‍ഷംകൊണ്ടുമാണ്. അതിനാല്‍ നീ എന്നോടും നിന്റെ മാതാപിതാക്കളോടും നന്ദിയുള്ളവനായി തീരുക. മടക്കം എന്റെ അടുക്കലേക്കത്രെ.' (വി.ഖുര്‍ആന്‍. 31:14).
സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യം അവര്‍ അവരുടെ ഭര്‍ത്താക്കന്മാരോടുള്ള ബാധ്യതകള്‍ നിര്‍വഹിക്കുന്നവരും നന്ദി കാണിക്കുന്നവരും ആവണം. സ്ത്രീകള്‍ നരകത്തില്‍ പ്രവേശിക്കാന്‍ കാരണം ഭര്‍ത്താക്കന്മാരോടുള്ള നന്ദികേടാണെന്ന് പ്രവാചക വചനത്തില്‍ നമുക്ക് കാണാം.
നാം നന്ദിയുള്ളവരായി ജീവിച്ചാല്‍ അതിന്റെ ഫലം ഇരു ലോകത്തും നമുക്ക് ലഭിക്കും. നാം നന്ദികെട്ടവരാണെങ്കില്‍ കഠിനമായ നരകശിക്ഷ നാം അനുഭവിക്കേണ്ടിവരും. 'നിങ്ങള്‍ നന്ദി കാണിക്കുന്നുവെങ്കില്‍ നാം കൂടുതല്‍ അനുഗ്രഹങ്ങള്‍ നല്‍കും. നന്ദികേട് കാണിക്കുന്നുവെങ്കില്‍ എന്റെ ശിക്ഷ അതികഠിനമായിരിക്കുമെന്ന് നിങ്ങളുടെ നാഥന്‍ വിളംബരം ചെയ്ത സന്ദര്‍ഭം സ്മരണീയമത്രെ.' (വി.ഖുര്‍ആന്‍. 14:7).
പ്രവാചക തിരുമേനി (സ്വ) പറയുന്നത് നോക്കൂ : നാല് കാര്യങ്ങള്‍ നല്‍കപ്പെട്ടവന് ഇഹപരലോകങ്ങളിലെ ഏറ്റവും ഉത്തമമായത് നല്‍കപ്പെട്ടിരിക്കുന്നു. നന്ദിയുള്ള ഹൃദയം, ദൈവസ്മരണയുള്ള നാവ്, പരീക്ഷണങ്ങള്‍ സഹിക്കുന്ന ശരീരം, മനസ്സിലോ ധനത്തിലോ പാപം ആഗ്രഹിക്കാത്ത ഇണ തുടങ്ങിയവയാണവ. നന്ദിയില്ലാത്തവന് ഒരിക്കലും മനസ്സമാധാനം ലഭിക്കില്ല. ജീവിതത്തിന്റെ അര്‍ഥം മനുഷ്യന് ഉണ്ടാകുന്നത് അല്ലാഹു അവന് നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദിയുണ്ടാകുമ്പോഴാണ്. അല്ലാഹു നമുക്ക് നന്ദിയുള്ള ഹൃദയം നല്‍കട്ടെ , ആമീന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."