ചരക്ക് നീക്കത്തില്‍ കൊച്ചി തുറമുഖത്തിന് റെക്കോര്‍ഡ് മുന്നേറ്റം
കൊച്ചി: ചരക്ക്, കണ്ടെയ്നര്‍ നീക്കത്തില്‍ കൊച്ചി തുറമുഖത്തിനു വീണ്ടും മുന്നേറ്റം. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടുമാസം മാത്രം ബാക്കിനില്‍ക്കെ ജനുവരിയില്‍ കൊച്ചി തുറമുഖം വഴിയുള്ള ചരക്കു കയറ്റിറക്ക് 2.857 മില്യണ്‍ മെട്രിക് ടണ്‍ (എം.എം.ടി) ആയി ഉയര്‍ന്നു. തുറമുഖത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണു പ്രതിമാസം ചരക്കു കൈകാര്യം ഇത്രയും ഉയരുന്നത്. 2018 ജനുവരിയിലെ 2.825 എം.എം.ടിയായിരുന്നു ഇതിന് മുന്‍പുണ്ടായിരുന്ന ഏറ്റവും ഉയര്‍ന്ന നിരക്ക്. 2018 ഏപ്രില്‍ മുതല്‍ ജനുവരി വരെ കൊച്ചി തുറമുഖത്തെ മൊത്തം ചരക്കു നീക്കത്തിലും കാര്യമായ വര്‍ധന രേഖപ്പെടുത്തി. ഈ കാലയളവില്‍ 26.148 എം.എം.ടി ചരക്കു നീക്കം നടന്നു. 2017 ഏപ്രില്‍- 2018 ജനുവരി കാലയളവിനേക്കാള്‍ എട്ടു ശതമാനം വര്‍ധനവാണിത്.
കണ്ടെയ്നറുകളുടെ നീക്കത്തിലും കൊച്ചി തുറമുറഖം നേട്ടം കൊയ്തു. തുറമുഖത്തെ രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍ഷിപ്പ്മെന്റ് ടെര്‍മിനല്‍ (ഐ.സി.ടി.ടി) ജനുവരിയില്‍ 55,953 ടി.ഇ.യു കണ്ടെയ്നര്‍ കൈകാര്യം ചെയ്തു. 2018 മാര്‍ച്ചിലെ 52,476 ടി.ഇ.യു ആയിരുന്നു ഇതേവരെ ഏറ്റവും ഉയര്‍ന്ന കണ്ടെയ്നര്‍ നീക്കം. 2018 ഏപ്രില്‍ മുതല്‍ 2019 ജനുവരി വരെ കാലയളവില്‍ മൊത്തം 482,880 ടി.ഇ.യു കണ്ടെയ്നര്‍ നീക്കം നടന്നു.
തുറമുഖത്തെ കണ്ടെയ്നര്‍ ഫ്രെയ്റ്റ് സ്റ്റേഷന് (സി.എഫ്.എസ്) കൈകാര്യം ചെയ്യുന്ന കണ്ടെയ്നറുകളിലും കാര്യമായ വര്‍ധനവുണ്ട്. ജനുവരിയില്‍ 391 ടി.ഇ.യു കണ്ടെയ്നറുകള്‍ തുറമുഖം വഴി കടന്നു പോയി. 2018 ജനുവരിയിലേതിനേക്കാള്‍ 13.66 ശതമാനം അധികം. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആഡംബര കപ്പലുകള്‍ (ക്രൂസ്) എത്തുന്നതും കൊച്ചി തുറമുഖത്താണ്. ജനുവരിയില്‍ എട്ടു ക്രൂസുകള്‍ എത്തി. 2018-19 സാമ്പത്തിക വര്‍ഷം 50 ആഡംബര കപ്പലുകള്‍ തുറമുഖം സന്ദര്‍ശിക്കുമെന്നു കണക്കാക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."