കൊവിഡും നമ്മെ പാഠം പഠിപ്പിക്കില്ലേ!
കേരളം കിടുങ്ങിപ്പോയ സംഭവമായിരുന്നു 2018 ലെ ആദ്യപ്രളയം. മരണം ഏതു ഭാഗത്തുനിന്ന് ഏതു രൂപത്തിലാണു വരുന്നതെന്നറിയാതെ ജനം പരക്കം പാഞ്ഞു. വളരെ സുരക്ഷിതമെന്നു കരുതി പതിറ്റാണ്ടുകളായി നിരവധി പേര്‍ താമസിച്ച വീടുകള്‍ മലവെള്ളപ്പാച്ചിലില്‍ നിമിഷനേരം കൊണ്ടു തുടച്ചുനീക്കപ്പെട്ടു. ആ വീടുകളില്‍ അന്തിയുറങ്ങിയിരുന്നവര്‍ മണ്ണിനടിയില്‍ എവിടെയൊക്കെയോ കുഴിച്ചുമൂടപ്പെട്ടു.
കൊച്ചി നഗരത്തില്‍ സമ്പന്നര്‍ മാത്രം താമസിച്ചിരുന്ന വില്ലകളിലൊന്നില്‍ താമസിച്ച മലയാളത്തിലെ ഒരു പ്രശസ്ത നടി പ്രളയജലത്തില്‍ നിന്നു രക്ഷ നേടാന്‍ രക്ഷാപ്രവര്‍ത്തകര്‍ കൊണ്ടുവന്ന വട്ടളത്തില്‍ കയറുന്ന ചിത്രം അക്കാലത്തു മാധ്യമങ്ങളില്‍ വന്നിരുന്നു. പ്രളയജലം മുക്കിയ വീട്ടില്‍ നിന്നു ബോട്ടില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നവര്‍ക്കു ചവിട്ടിക്കയറാന്‍ സ്വന്തം മുതുകു കുനിച്ചു കൊടുക്കുന്ന യുവാവിന്റെ ചിത്രവും ജനശ്രദ്ധയാകര്‍ഷിച്ചതാണ്.
ഒന്നാംപ്രളയം മൂലം പറഞ്ഞറിയിക്കാനാവാത്തത്ര കഷ്ടനഷ്ടങ്ങള്‍ വ്യക്തികള്‍ക്കും നാടിനും ഭരണകൂടത്തിനുമുണ്ടായി. ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും മറ്റും എത്രയോ പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു. ആയിരക്കണക്കിനു വീടുകള്‍ പൂര്‍ണമായും പതിനായിരക്കണക്കിനു വീടുകള്‍ ഭാഗികമായും തകര്‍ന്നു. കോടിക്കണക്കിനു രൂപയുടെ കൃഷി നശിച്ചു.
അതേ സമയം, പ്രളയം ഒരു നന്മയുടെ പാഠവുമായാണു വന്നതെന്നു പറയാതിരിക്കാന്‍ വയ്യ. രാഷ്ട്രീയം, മതം, ജാതി, സമ്പത്ത് എന്നിവയുടെ പേരില്‍ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും വച്ചു പുലര്‍ത്തിയവര്‍ പ്രളയത്തിന്റെ ആദ്യദിനത്തില്‍ തന്നെ ഒരു കാര്യം തിരിച്ചറിഞ്ഞു, തങ്ങള്‍ മനസ്സില്‍ കെട്ടിയുണ്ടാക്കിയ മതിലുകളും വേലികളുമൊക്കെയും അപ്രസക്തങ്ങളും അനാവശ്യങ്ങളും സാമൂഹ്യവിരുദ്ധങ്ങളുമാണെന്ന്. സമ്പന്നതയ്ക്കു നടുവിലാണെന്ന് അഹങ്കരിച്ച പലരെയും രക്ഷപ്പെടുത്താന്‍ അതുവരെ കാണുകയും കേള്‍ക്കുകയുമൊന്നും ചെയ്യാത്ത, ഏതോ നാട്ടില്‍ നിന്നു കരുണാര്‍ദ്രമായ മനസ്സുമായി ഓടിയെത്തിയ മത്സ്യത്തൊഴിലാളികളും മറ്റും വേണ്ടിവന്നു.
എത്ര കഷ്ടനഷ്ടങ്ങള്‍ വരുത്തിയാലും കേരളം കണ്ട ആദ്യപ്രളയം അടങ്ങിയത് 'മനുഷ്യന് ഈ ഭൂമിയില്‍ അഹങ്കരിക്കാന്‍ ഒന്നുമില്ലെന്ന മഹത്തായ പാഠം' പഠിപ്പിച്ചുകൊണ്ടാണ്. കോടിയിലേറെ രൂപ ചെലവഴിച്ചു നിര്‍മിച്ച വെണ്‍മാടത്തിന്റെ മുകളിലെ നില പ്രൗഢഗംഭീരമായി തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ താഴത്തെ നില മുഴുവന്‍ മലവെള്ളപ്പാച്ചില്‍ നക്കിത്തുടച്ചതു നാം കണ്ടു. പ്രളയം തകര്‍ത്ത ആ കൊട്ടാരസദൃശമായ വീടിനു തെല്ലകലെ പോറല്‍ പോലുമേല്‍ക്കാതെ ഒരു കൊച്ചുകുടിലും കണ്ടു. ആദ്യപ്രളയ ദുരിതം അനുഭവിച്ചവര്‍ ഇനിയെങ്കിലും സമ്പൂര്‍ണമനുഷ്യരായി, മനുഷ്യസ്‌നേഹികളായി, മതഭ്രാന്തും ജാതിഭ്രാന്തും രാഷ്ട്രീയഭ്രാന്തും ബാധിക്കാത്തവരായി ജീവിക്കുമെന്നു പ്രതീക്ഷിച്ചതു തെറ്റി. ആദ്യപ്രളയം കഴിഞ്ഞു ദിവസങ്ങളേറെ കഴിയുംമുമ്പു തന്നെ പ്രളയം മുതലെടുപ്പിനുള്ള ആയുധമാക്കി രാഷ്ട്രീയക്കാര്‍ പരസ്പരം കടിച്ചുകീറി. മറ്റുള്ളവര്‍ക്കു ചവിട്ടിക്കയറാന്‍ മുതുകു വളച്ചുകൊടുത്ത യുവാവിന്റെ ജാതിയും മതവും ആ സമയത്തു നോക്കാതിരുന്നവര്‍ പില്‍ക്കാലത്തു മതഭ്രാന്തില്‍ ഉറഞ്ഞുതുള്ളി.
കേരളത്തില്‍ മനുഷ്യത്വം അണഞ്ഞിട്ടില്ലെന്നു വീണ്ടും തെളിയാന്‍ മറ്റൊരു പ്രളയം കൂടി വേണ്ടിവന്നു. ആദ്യപ്രളയത്തേക്കാള്‍ രൂക്ഷമായിരുന്നു അത്. അപ്പോഴും ഇതു ദൈവത്തിന്റെ നാടുതന്നെയാണെന്നു തെളിയിക്കാന്‍ മത്സ്യത്തൊഴിലാളികളും കലാലയ വിദ്യാര്‍ഥികളും തൊഴില്‍രഹിതരായ യുവാക്കളും രംഗത്തുണ്ടായിരുന്നു. അവരുടെ സേവനപ്രവര്‍ത്തനങ്ങള്‍ കാര്യലാഭത്തിനു വേണ്ടിയായിരുന്നില്ല. തങ്ങളാണ് ദൈവത്തിന്റെ പ്രതിപുരുഷന്മാരെന്ന് അവര്‍ സ്വപ്രവൃത്തിയിലൂടെ തെളിയിച്ചു.
ആദ്യപ്രളയം പോലെ രണ്ടാംപ്രളയവും പിന്തിരിഞ്ഞത് അഹങ്കാരവും അനാവശ്യമത്സരവും ഒഴിവാക്കി പരസ്പര സ്‌നേഹത്തോടെ, സാഹോദര്യത്തോടെ നല്ല മനുഷ്യരായി ജീവിക്കണമെന്ന നല്ല പാഠം നല്‍കിക്കൊണ്ടാണ്. പക്ഷേ, അതും നാം കേട്ടില്ല. കേരളത്തിലെ, ഇന്ത്യയിലെ, ലോകത്തിലെ ജനങ്ങളില്‍ മഹാഭൂരിപക്ഷവും മൃഗീയമായ മനസ്സുമായാണു ജീവിക്കുന്നതെന്നു പറഞ്ഞാല്‍ മൃഗങ്ങള്‍ പ്രതിഷേധിക്കും. ഇത്രമേല്‍ കണ്ണില്‍ച്ചോരയില്ലാത്തവരാകാന്‍ മൃഗങ്ങള്‍ക്കു കഴിയില്ലല്ലോ.
നോക്കൂ, എത്ര ഭീഷണമായ സംഭവങ്ങളാണ് നമ്മുടെ രാജ്യത്ത്, ഈ ലോകത്താകമാനം നടമാടിക്കൊണ്ടിരിക്കുന്നത്. ജീവിതത്തിന്റെ ഒടുക്കം എവിടെവച്ച്, എങ്ങനെ എന്നൊന്നും പറയാനാവാത്ത നിസ്സഹായാവസ്ഥയിലാണ് എല്ലാ ജീവികളും. ഈ ഭൂമിയില്‍ ജീവിക്കാന്‍ അനുവദിച്ചു കിട്ടിയ സമയമത്രയും മറ്റാര്‍ക്കും ശല്യമാകാതെ, പരമാവധി സന്തോഷത്തോടെ സാമൂഹ്യപ്രതിബദ്ധതയോടെ കഴിയുകയെന്നതു മാത്രമാണ് ഓരോരുത്തരുടെയും കടമ. മറ്റുള്ളവനു നാശമുണ്ടാക്കാതെ സ്വന്തം ജീവിതം സന്തോഷപ്രദവും സുഖപ്രദവുമാക്കാന്‍ അധികമൊന്നും പ്രയത്‌നിക്കേണ്ടതില്ല.
എന്നാല്‍, ഹിറ്റ്‌ലര്‍ക്കും മുസോളിനിക്കും തുല്യമായ മനസ്സുമായി ജീവിക്കുന്ന പകയുടെ മൂര്‍ത്തികളുടെ എണ്ണം അനുദിനം പെരുകിക്കൊണ്ടിരിക്കുകയാണ്. 'നിങ്ങള്‍ ഇന്ന മതത്തില്‍ പെട്ടവനാണ്. അതിനാല്‍ ഇവിടെ ജീവിക്കാന്‍ അവകാശമില്ല. പോകൂ അതിര്‍ത്തിക്കപ്പുറത്തേയ്ക്ക്. അതിര്‍ത്തിക്കിപ്പുറമുള്ള ഈ മണ്ണ് ഞങ്ങളുടേതു മാത്രമാണ്.' ഇത്തരം ആക്രോശങ്ങള്‍ കൂടിക്കൂടി വരികയാണ്, ഇന്ത്യയിലായാലും അമേരിക്കയിലായാലും.
പകയുടെ തത്വശാസ്ത്രം അതിഭീകരമായി ഫണം വിരിച്ചാടുന്ന ഘട്ടത്തിലാണ് കൊവിഡ് - 19 തിരനോട്ടം നടത്തിയത്. ആദ്യം അതു തലപൊക്കിയത് ചൈനയിലെ വുഹാന്‍ എന്ന ചെറുപട്ടണത്തില്‍. എത്രയോ കാതമകലെ ഒരു വൈറസ് രോഗം വന്നുവെങ്കില്‍ പണ്ടു കാലത്തു ലോകത്തിന്റെ ഇതര ഭാഗങ്ങളിലുള്ളവര്‍ ഭയക്കേണ്ട കാര്യമില്ല. ഇപ്പോഴത്തെ സ്ഥിതി അതല്ല. ലോകം ഒരു ഗ്രാമം പോലെ (ഗ്ലോബല്‍ വില്ലേജ്) ചുരുങ്ങിയിരിക്കുകയാണ്. ദൂരത്തിനും അതിരിനും ഭാഷയ്ക്കും മതത്തിനും ഒന്നും എവിടെയും വേലി കെട്ടാനാവില്ല. വുഹാനില്‍ തലപൊക്കിയ വൈറസ് അവിടെ നൂറുകണക്കിനാളുകളുടെ ജീവന്‍ കവര്‍ന്നെടുക്കുമ്പോഴേയ്ക്കും കൊവിഡ് - 19 ലോകത്തെങ്ങും വ്യാപിച്ചു കഴിഞ്ഞിരുന്നു. ചൈനയില്‍ രോഗം ശക്തമായി ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തിലും രോഗികളുണ്ടായി. വുഹാനില്‍ നിന്നെത്തിയ മലയാളികളായ വിദ്യാര്‍ഥികളായിരുന്നു രോഗികള്‍. ഇറ്റലി, ഇറാന്‍, ഫ്രാന്‍സ്, യു.എസ്, ബ്രിട്ടന്‍ തുടങ്ങി ലോകത്തെ 80 ശതമാനം രാജ്യങ്ങളിലും രോഗം പടര്‍ന്നു പിടിച്ചു.
മാരകമായ രോഗത്തിനു മുന്നില്‍ അതിര്‍ത്തി പ്രശ്‌നമല്ലെന്നു കൊവിഡ് തെളിയിച്ചു. സാമ്പത്തികാവസ്ഥ ഒരു പരിഗണനയേ അല്ലെന്നു തെളിയിച്ചു. അധികാരത്തിന്റെ ഉത്തുംഗാവസ്ഥയില്‍ ഇരിക്കുന്നവനെയും വൈറസ് പാഞ്ഞുപിടിക്കുമെന്നു തെളിയിച്ചു. ഇംഗ്ലണ്ടിലെ ആരോഗ്യവകുപ്പു മന്ത്രിയും കാനഡയിലെ ഭരണാധികാരിയുടെ പത്‌നിയും ലോകപ്രശസ്ത സിനിമാതാരവുമെല്ലാം ഇത്രയും ദിവസത്തിനുള്ളില്‍ കൊവിഡ് ബാധിതരായി.
അതേ, ലോകചരിത്രത്തില്‍ ലോകജനതയെ മുഴുവന്‍ ഭീതിയിലാക്കിയ രോഗമാണ് കൊവിഡ് - 19. ഇതുവരെയുള്ള കണക്കു പ്രകാരം അയ്യായിരത്തിലേറെ പേര്‍ കൊവിഡ് മൂലം മരിച്ചു. 121 രാജ്യങ്ങളില്‍ ഈ വൈറസ് സംഹാരതാണ്ഡവമാടുകയാണ്. ഒന്നരലക്ഷത്തോളം പേര്‍ രോഗബാധിതരായി. 'മന്നവനാട്ടെ... യാചകനാട്ടെ... വന്നിടുമൊടുവില്‍ വന്‍ ചിത നടുവില്‍' എന്ന പാട്ടുപോലെ പോലെ ആരും ഈ രോഗത്തിന്റെ പിടിയില്‍ നിന്നു മുക്തരാക്കപ്പെടുമെന്ന അവസ്ഥയിലല്ല.അതുതന്നെയാണ് കൊവിഡ് നല്‍കുന്ന ഗുണപാഠം.'വല്ലാതെ അഹങ്കരിക്കാതിരിക്കുക.'കൊവിഡ് ഭീഷണി വൈകാതെ ഒഴിഞ്ഞുപോകുമെന്നുറപ്പാണ്.
അപ്പോഴും ഓര്‍മയിലുണ്ടാകണം ഈ പാഠം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."