വിദ്യാഭ്യാസയജ്ഞം ഫലം കണ്ടു; പഠനം ആഘോഷമാക്കി കുതിക്കുന്നു ഒരു വിദ്യാലയം
ഏരിയാല്‍: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രവര്‍ത്തനങ്ങളുടെ ഊര്‍ജം സ്വീകരിച്ച് നാട്ടുകാരും അധ്യാപകരും ഉണര്‍ന്നു പ്രവര്‍ത്തിച്ചതോടെ പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ് ഒരു സര്‍ക്കാര്‍ വിദ്യാലയം. സ്വകാര്യ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളുടെ കടന്നു വരവില്‍ പ്രതിസന്ധിയിലായ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ എരിയാലില്‍ സ്ഥിതി ചെയ്യുന്ന കാവുഗോളി ഗവ. എല്‍.പി സ്‌കൂളിലാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെ തുടര്‍ന്ന് പഠനം ആഘോഷമാവുന്നത്.
1927ല്‍ കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിനടുത്ത് (സി.പി.സി.ആര്‍.ഐ) പിറവിയെടുത്ത ഈ വിദ്യാലയം സ്വാതന്ത്ര്യസമരപോരാട്ടങ്ങളിലേക്കിറങ്ങിയ, ചരിത്രം രേഖപ്പെടുത്താത്ത ഒട്ടേറെ സമരപോരാളികളെ സമ്മാനിച്ചിരുന്നു. എഴുത്താശാന്മാര്‍ വിദ്യ പകര്‍ന്നു നല്‍കിയിരുന്ന അക്കാലത്ത് ഈ സ്‌കൂളില്‍ ആദ്യഗുരുനാഥനായി എത്തിയത് മമ്മുഞ്ഞി മാസ്റ്ററായിരുന്നു. 1950ല്‍ ഒന്നാം ക്ലാസുമുതല്‍ അഞ്ചു വരെ പഠനം നടത്തിയിരുന്നെങ്കിലും കാലക്രമേണ നാലു വരെയുള്ള എല്‍.പി സ്‌കൂളായി നിജപ്പെടുത്തുകയായിരുന്നു.
1951ല്‍ വില്ലേജ് ഓഫിസറും നാട്ടുകാരനുമായിരുന്ന പട്ടേലിയുടെ സ്വകാര്യസ്ഥലത്തായിരുന്നു വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നത്. സ്ഥലപരിമിതിയും മറ്റു അസൗകര്യങ്ങളും ബോധ്യപ്പെട്ട പട്ടേലിയുടെ മകനും അന്നത്തെ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ശങ്കര്‍നായ്ക്ക് സൗജന്യമായി നല്‍കിയ എരിയാലിലെ 17 സെന്റ് സ്ഥലത്താണ് വിദ്യാലയം നിലവില്‍ പ്രവര്‍ത്തിക്കുന്നത്.
മേഖലയിലെ പ്രമുഖ ഗാന്ധിയനായ ശങ്കര്‍ നായ്ക്ക് വാര്‍ധക്യ സഹജമായ പ്രയാസങ്ങള്‍ അവഗണിച്ച് ഇന്നും സ്‌കൂളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സജീവമായി ഇടപെടുന്നുണ്ട്.
മൂന്ന്, നാല് ക്ലാസുകള്‍ക്കായി ആവിഷ്‌കരിച്ച മലയാളത്തിളക്കം, മധുര കന്നഡ പദ്ധതികള്‍ക്ക് നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് പ്രധാനാധ്യാപിക എം. സുമതി പറഞ്ഞു. ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുന്നതിന് 'ഹലോ ഇംഗ്ലീഷ്' പദ്ധതിയും ഗണിതശാസ്ത്ര പഠനങ്ങള്‍ എളുപ്പമാക്കുന്നതിന് 'ശ്രദ്ധ' പഠന പദ്ധതിയും പുരോഗമിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഗണിത മേള, ക്യാംപുകള്‍, സിനിമാ പ്രദര്‍ശനം, ഡോക്യുമെന്ററി പ്രദര്‍ശനം പഠനയാത്രകള്‍ എന്നിങ്ങനെ നിരവധി പാഠ്യേതര പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
എരിയാല്‍ യൂത്ത് കള്‍ച്ചറല്‍ സെന്ററിന്റെ(ഇ.വൈ.സി.സി) നേതൃത്വത്തില്‍ പൊതുജനങ്ങളുടെ പിന്തുണയോടെ ഈ വിദ്യാലയത്തില്‍ ഒരു സ്മാര്‍ട്ട് ക്ലാസ് റൂമും പഞ്ചായത്തിന്റെ സഹകരണത്തോടെ ഒരു ഹൈടെക് ക്ലാസ് മുറിയും സജ്ജീകരിച്ചിട്ടുണ്ട്.
വിദ്യാര്‍ഥികളില്ലാതെ ഡിവിഷനുകള്‍ കുറഞ്ഞിരുന്ന സാഹചര്യത്തില്‍നിന്നു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ പുരോഗതി പ്രാപിക്കുന്ന സര്‍ക്കാര്‍ വിദ്യാലയത്തിന്റെ ഉത്തമോദാഹരണമാണ് കാവുഗോളി എല്‍.പി സ്‌കൂള്‍ പറഞ്ഞു തരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."