കേന്ദ്രീയ വിദ്യാലയത്തിലെ വാര്‍ഷിക പരീക്ഷയില്‍ സമയമാറ്റം
കോഴിക്കോട്: കേന്ദ്രീയ വിദ്യാലയത്തിലെ പരീക്ഷാ സമയത്തിലെ മാറ്റത്തില്‍ പ്രതിഷേധവുമായി രക്ഷിതാക്കളും വിദ്യാര്‍ഥികളും രംഗത്ത്. മാര്‍ച്ച് ഒന്നു മുതല്‍ 20 വരെ നടക്കുന്ന വാര്‍ഷിക പരീക്ഷയിലെ സമയമാറ്റമാണ് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും വലയ്ക്കുന്നത്.
സംസ്ഥാനത്തെ മാഹി ഒഴികെ മറ്റു ജില്ലകളുള്‍പ്പെട്ട എറണാകുളം റീജിയനില്‍ മാത്രമാണ് വിചിത്രമായ സമയമാറ്റവുമായി പരീക്ഷാ ടൈംടേബിള്‍ പുറത്തിറക്കിയിരിക്കുന്നത്. ആറ്, ഏഴ്, എട്ട് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷാ ടൈംടേബിളിലാണ് കഴിഞ്ഞ വര്‍ഷത്തേതില്‍നിന്നും വിചിത്രമായ സമയമാറ്റം നടത്തിയിരിക്കുന്നത്.
6, 8, 16 തിയതികളിലെ പരീക്ഷകള്‍ രാവിലെ ഏഴിനും, മറ്റു തിയതികളിലെ പരീക്ഷകള്‍ എട്ടിനും ആരംഭിക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. പരീക്ഷ ആരംഭിക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് വിദ്യാര്‍ഥികള്‍ പരീക്ഷാ ഹാളില്‍ റിപ്പോര്‍ട്ട് ചെയ്യുകയും വേണം. അതുകൊണ്ട് തന്നെ വിദ്യാര്‍ഥികള്‍ പുലര്‍ച്ചെ 6.30ന് പരീക്ഷ ഹാളില്‍ എത്തണമെന്നാണ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ദൂരദിക്കുകളില്‍നിന്നും സ്‌കൂള്‍ ബസുകളിലെത്തുന്ന വിദ്യാര്‍ഥികളാണ് ഇതുമൂലം ദുരിതമനുഭവിക്കുക. ഇതിനു പുറമെ ഒമ്പത്, പ്ലസ് വണ്‍ എന്നീ ക്ലാസുകളിലെ പരീക്ഷ ഉച്ചയ്ക്കുശേഷം നടത്താനാണ് മറ്റൊരു തീരുമാനം. കഴിഞ്ഞ വര്‍ഷങ്ങളില്‍ രാവിലെ 10 മുതല്‍ പരീക്ഷ ആരംഭിച്ച് ഉച്ചയോടെ അവസാനിക്കുന്നതായിരുന്നു രീതി. എന്നാല്‍ ഇത് കേന്ദ്രീയ വിദ്യാലയത്തിന്റെ പതിവില്‍നിന്നും വിപരീതമാണെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. രാജ്യത്തെ 25 റീജിയനിലും കഴിഞ്ഞ വര്‍ഷത്തേതുപോലെ തന്നെയാണ് പരീക്ഷ നടത്തുന്നതെന്നിരിക്കെയാണ് ഈ മാറ്റം.
അതേസമയം 10, 12 ക്ലാസുകളിലെ പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങളാണ് സമയമാറ്റത്തിന്റെ കാരണമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. സമയക്രമം കഴിഞ്ഞ വര്‍ഷങ്ങളിലേതുപോലെ തന്നെ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും കേന്ദ്രീയ വിദ്യാലയം അധികൃതരെയും സമീപിക്കുമെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."