സെന്‍സസ് നടപടികള്‍ നീട്ടിവയ്ക്കണമെന്ന് മുസ്‌ലിം ലീഗ്
തിരുവനന്തപുരം: സംസ്ഥാനത്ത് സെന്‍സസ് നടപടികള്‍ നീട്ടിവയ്ക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ടു. സി.എ.എയുടെ പശ്ചാത്തലത്തില്‍ സെന്‍സസിന്റെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങള്‍ എന്‍.പി.ആറിനും എന്‍.ആര്‍.സിക്കും വേണ്ടി ഉപയോഗപ്പെടുത്തുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
ഇത് സംബന്ധിച്ച വ്യക്തത വരുത്താതെ സെന്‍സസ് നടപടികളുമായി മുന്നോട്ടുപോകരുതെന്നാണ് മുസ്‌ലിം ലീഗ് സംഘം മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടത്. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍, മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
സെന്‍സസ് വഴി ശേഖരിക്കുന്ന വിവരങ്ങള്‍ ദുരുപയോഗം ചെയ്‌തേക്കാം എന്ന് സംശയമുള്ളതിനാല്‍ ഡല്‍ഹിയടക്കമുള്ള സംസ്ഥാനങ്ങള്‍ സെന്‍സസ് നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. രാജ്യത്തെ പത്തോളം സര്‍ക്കാരുകളുടെ ഈ നിലപാട് കേരള സര്‍ക്കാരും മാതൃകയാക്കണമെന്നും കൊറോണയുടെ സാഹചര്യത്തില്‍ സെന്‍സസ് നടപടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാരിന് ബുദ്ധിമുട്ടുണ്ടാവില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."