ട്രഷറിയില്‍ ശുചിമുറി: ഇല്ലെങ്കില്‍ വാടകക്കരാര്‍ റദ്ദാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം: ജില്ലാ ട്രഷറി പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ സ്റ്റാച്യുവിലെ ബഹുനില മന്ദിരത്തില്‍ പൊതുജനങ്ങള്‍ക്കായി ശുചിമുറി ഒരുക്കിയില്ലെങ്കില്‍ ട്രഷറി മാറ്റി സ്ഥാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിച്ച ശേഷം 28ന് രാവിലെ 11 ന് കമ്മിഷന്‍ ഓഫിസില്‍ നടക്കുന്ന സിറ്റിങ്ങില്‍ എസ്.ബി.റ്റി ജനറല്‍ മാനേജര്‍ വിശദീകരണം ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവിട്ടു.സ്വീകരിച്ച നടപടികളെ കുറിച്ച് ജില്ലാ ട്രഷറി ഓഫിസറും റിപ്പോര്‍ട്ട് ഹാജരാക്കണം. കെ.ബി ശ്രീലതാ ദേവി സമര്‍പ്പിച്ച പരാതിയിലാണ് ശുചിമുറി നിര്‍മിക്കാന്‍ ഉത്തരവായത്. ശുചിമുറിക്ക് സ്ഥലമില്ലെന്നാണ് ബാങ്ക് അറിയിച്ചത്. ട്രഷറിയില്‍ വരുന്ന വയോധികര്‍ക്ക് ശുചിമുറി ഇല്ലെന്ന് പറയുന്നത് മനുഷ്യാവകാശ ലംഘനമാണ്. അങ്ങനെയാണെങ്കില്‍ ബാങ്ക് പ്രവര്‍ത്തനം നിര്‍ത്തണമെന്നും ജസ്റ്റിസ് ജെ.ബി. കോശി ആവശ്യപ്പെട്ടു. ഒന്നാം നിലയിലുള്ള ബാങ്ക് ഹാള്‍ വഴി ബാങ്കിലേക്ക് പൊതുജനങ്ങള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന പരാതിക്കാരിയുടെ ആവശ്യം പരിഗണിക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു. അതേസമയം സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലിനെ തുടര്‍ന്ന് ജില്ലാ ട്രഷറിയിലേക്ക് പോകാന്‍ ലിഫ്റ്റ് സ്ഥാപിക്കാന്‍ നടപടികള്‍ ആരംഭിച്ചു. ജേര്‍ണലിസ്റ്റ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യക്കു വേണ്ടി ദേശീയ പ്രസിഡന്റ് പൂവച്ചല്‍ സദാശിവന്‍ ഫയല്‍ ചെയ്ത കേസിലാണ് ട്രഷറി കെട്ടിടത്തില്‍ ലിഫ്റ്റ് സ്ഥാപിക്കാന്‍ കമ്മിഷന്‍ നിര്‍ദേശം നല്‍കിയിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."