പൈപ്പുകള്‍ പൊട്ടിത്തുടങ്ങി താളംതെറ്റി 10 കോടിയുടെ കുടിവെള്ള പദ്ധതി
ചേലേമ്പ്ര: നിര്‍മാണ പ്രവൃത്തിയിലെ അപാകത മൂലം ചേലേമ്പ്ര പഞ്ചായത്തില്‍ 10 കോടിയുടെ ജലനിധി കുടിവെള്ള പദ്ധതി താളം തെറ്റി. പരീക്ഷണ പമ്പിംഗ് തുടങ്ങിയതോടെ തന്നെ പലയിടത്തും പൈപ്പുകള്‍ പൊട്ടി തുടങ്ങി, നിര്‍മ്മാണത്തിന് ഗുണമേന്‍മയില്ലാത്ത പൈപ്പുകളാണ് ഉപയോഗിച്ചതെന്ന ആരോപണമാണ് ഉയരുന്നത്. ബന്ധപ്പെട്ട ഉദ്യാഗസ്ഥരുടേയും ഗ്രാമ പഞ്ചായത്ത് അധികൃതരുടെയും വീഴ്ചയാണ് പദ്ധതി ഈ അവസ്ഥയിലെത്താന്‍ കാരണമായതെന്ന പരാതിയാണ് ഗണഭോക്താക്കള്‍ ഉന്നയിക്കുന്നത്. വെള്ളം പമ്പ് ചെയ്യുമ്പോഴേക്കും പൈപ്പ് പൊട്ടി വിവിധയിടങ്ങളില്‍ ചോര്‍ച്ചയുള്ളതിനാല്‍ റോഡുകള്‍ പലതും തകര്‍ന്ന അവസ്ഥയാണ്.
പൊട്ടിയ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനായി പുതുതായി ടാറിംഗ് പ്രവൃത്തി പൂര്‍ത്തീകരിച്ച റോഡുകള്‍ ഉള്‍പ്പെടെ നിരവധിയിടത്താണ് റോഡുകള്‍ വെട്ടി പൊളിച്ചത്. എന്നാല്‍ കുഴിയെടുത്ത് തകര്‍ന്ന റോഡുകള്‍ പലയിടത്തും ഇപ്പോഴും നന്നാക്കാതെ തകര്‍ന്ന നിലയില്‍ തന്നെയാണ്. ഇതും ശക്തമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പൈപ്പുകള്‍ ഉള്‍പ്പെടെ ഗുണമേന്‍മയില്ലാത്ത നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ച് പ്രവൃത്തി നടത്തിയത് കാരണം പഞ്ചായത്തിലെ 3008 കുടുംബങ്ങള്‍ക്ക് വെള്ളമെത്തിക്കുന്നതിനുള്ള പദ്ധതിയാണ് ഇതോടെ പ്രതിസന്ധിയിലായത്.
നിലവില്‍ പ്രവൃത്തി നടത്തിയ പദ്ധതി പൂര്‍ത്തിയായാലും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്ന 108 കുടുംബങ്ങള്‍ക്ക് ഈ പദ്ധതിയില്‍ നിന്നും വെള്ളമെത്തിക്കാനാകില്ല. ഇവര്‍ക്ക് ബദല്‍ സംവിധാനം ഒരുക്കിയിരിക്കുകയാണ്. കാക്കഞ്ചേരി കിന്‍ഫ്ര ടെക്‌നോ പാര്‍ക്കില്‍ ഇതിനായുള്ള സംഭരണി നിര്‍മിക്കുന്നതിനായി 12 സെന്റ സ്ഥലം കിന്‍ഫ്ര സൗജന്യമായി നല്‍കിയിട്ടുണ്ട്. ഇതിന്റെ അനുബന്ധ പ്രവൃത്തികള്‍ നടന്നു വരുന്നുണ്ട്. എന്നാല്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളം എത്തിക്കാനാകാത്ത സാഹചര്യവും നിലവിലുണ്ടെന്നാണ് വിവരം. ജലനിധിയുമായി ബന്ധപ്പെട്ട നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിശോധിക്കുന്നതിനും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനുമായി ജലനിധി ജില്ലാ സാങ്കേതിക വിഭാഗം നാളെ ചേലേമ്പ്രയിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."