കുഞ്ഞിരാമന്റെ കടലവണ്ടി കൗതുകവണ്ടി
കാലിക്കടവ്: വറച്ചട്ടിയില്‍ ചട്ടുകം കൊണ്ടുള്ള താളം കേള്‍ക്കുമ്പോഴാണ് പലപ്പോഴും കടലവില്‍പനക്കാരന്റെ സാന്നിധ്യം നമ്മളറിയുന്നത്. എന്നാല്‍ ചട്ടുകത്തിനു പകരക്കാരനായി ഇവിടെയും യന്ത്രമെത്തിക്കഴിഞ്ഞു. അധ്വാനം ലഘൂകരിക്കുന്നതിനായാണ് കാലിക്കടവിലെ കടല വില്‍പനക്കാരനായ കുഞ്ഞിരാമന്‍ പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ചൂടായ പൂഴിയിലേക്ക് നിലക്കടല ഇട്ടുകഴിഞ്ഞാല്‍ പാകമാകുന്നതുവരെ അത് നന്നായി ഇളക്കണം. കടലവില്‍പനക്കാരനെ സംബന്ധിച്ചിടത്തോളം ഏറെ ആയാസകരമായ ജോലിയാണിത്. എന്നാല്‍ ബാറ്ററിയില്‍ പ്രവൃത്തിക്കുന്ന പുതിയ സംവിധാനം വറച്ചട്ടിക്ക് മുകളില്‍ ഉറപ്പിച്ചതോടെ ഈ ജോലി ഇനിയില്ല.
കടല പൂഴിയിലേക്ക് ഇട്ടുകഴിഞ്ഞാല്‍ പാകമാകുമ്പോള്‍ വാങ്ങി വച്ചാല്‍ മതി. പയ്യന്നൂര്‍ കണ്ടോത്തെ സുധാകരനാണ് ഇത് നിര്‍മിച്ചുനല്‍കിയത്. പന്ത്രണ്ടായിരത്തോളം രൂപ ചെലവ് വന്നു. ചന്തേര സ്വദേശിയായ കുഞ്ഞിരാമന്‍ 16 വര്‍ഷമായി കാലിക്കടവില്‍ കടല കച്ചവടം നടത്തുന്നു.
ഇദ്ദേഹത്തിന്റെ കടല വണ്ടി എന്നും എല്ലാവര്‍ക്കും കൗതുകം സമ്മാനിച്ചിട്ടുണ്ട്. വഴിയോരങ്ങളില്‍ കാത്തുനില്‍ക്കുന്ന പക്ഷികള്‍ക്കെല്ലാം വയറുനിറയെ കടല നല്‍കിയാല്‍ മാത്രമേ ഈ നല്ല മനുഷ്യന്‍ കാലിക്കടവിലെ തന്റെ കച്ചവട സ്ഥലത്തെത്തുകയുള്ളൂ.
ചന്തേരയിലെ വീട്ടില്‍നിന്നു തൃക്കരിപ്പൂര്‍-പയ്യന്നൂര്‍ റോഡിലൂടെയാണ് കടലവണ്ടിയുമായുള്ള കുഞ്ഞിരാമേട്ടന്റെ യാത്ര. വില്‍പനയ്ക്കുള്ളതിനേക്കാള്‍ ഒന്നോ രണ്ടോ കിലോ കടല നിത്യവും അധികം കരുതും. ഇത് വീട്ടില്‍ നിന്ന് തന്നെ വറുത്തെടുക്കും. ഇവ പക്ഷികള്‍ക്കുള്ളതാണ്. വണ്ടിക്കുള്ളിലേക്ക് കടന്നു കടലകള്‍ കൊത്തിയെടുക്കുന്ന ശീലം പക്ഷികള്‍ക്കില്ല. പക്ഷെ ചിലര്‍ക്ക് കൈയിലിരുന്നു തന്നെ കടല തിന്നണമെന്നത് നിര്‍ബന്ധമാണ്.
ഇങ്ങനെ കുഞ്ഞിരാമന്റെ യാത്ര എല്ലാവര്‍ക്കും കൗതുകമാണ്. ഇതോടൊപ്പം പുതിയ സംവിധാനം ഒരുക്കിയതിലൂടെ മറ്റൊരു കൗതുകം സമ്മാനിച്ചിരിക്കുകയാണ് ഇദ്ദേഹം .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."