പഴയ വീഞ്ഞ് തന്നെയോ പുതിയ കുപ്പിയില്‍?
ഞങ്ങള്‍ ഇവിടെ ആരുടേയും ഭൃത്യന്മാരല്ല, വന്നത് നാടുഭരിക്കാനാണ് (ഹം യഹാം നൗകര്‍ നഹി, ശാസക് ബനേ ആയേ ഹൈം). കാന്‍ഷിറാമിന്റെ ജന്മദിനമായ മാര്‍ച്ച് 15നു പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ വേണ്ടി വിളിച്ചു കൂട്ടിയ സമ്മേളനത്തില്‍ ചന്ദ്രശേഖര്‍ ആസാദ് ആത്മവിശ്വാസത്തോടെ പറഞ്ഞ വാക്കുകളാണിത്. ദലിതര്‍ക്കും മറ്റു അധ:സ്ഥിതര്‍ക്കും വേണ്ടി പുതിയ ഒരു പാര്‍ട്ടിക്ക് രൂപം നല്‍കുന്ന സന്ദര്‍ഭത്തില്‍ ആസാദിന്റെ ആത്മവിശ്വാസം സ്വാഭാവികമാണ്. ഭീം ആര്‍മി എന്ന പാര്‍ട്ടിക്കും ചന്ദ്രശേഖര്‍ ആസാദ് എന്ന നേതാവിനും അടുത്ത കാലത്തുണ്ടായ സ്വീകാര്യതയുടേയും ജനസമ്മതിയുടേയും പശ്ചാത്തലത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞേ പറ്റൂ. പൗരത്വ നിയമ ഭേദഗതിക്കെതിരായി നടന്ന പ്രക്ഷോഭങ്ങളില്‍ വഹിച്ച ധീരോദാത്തമായ അദ്ദേഹത്തിന്റെ പങ്ക് ഹീറോയുടെ പരിവേഷം ആസാദിന് ഉണ്ടാക്കിക്കൊടുത്തു. അത്ര അത്ഭുതകരമായാണ് അദ്ദേഹം ഡല്‍ഹി ജുമാ മസ്ജിദ് പരിസരത്ത് സമരത്തിന് നേതൃത്വം നല്‍കിയത്. മുസ്‌ലിംകള്‍ അതോടെ വ്യാപകമായി ആസാദിന്റെ അനുയായികളോ ആരാധകരോ ആയി.
ആസാദ് സമാജ് പാര്‍ട്ടി എന്ന പുതിയ രാഷ്ട്രീയ കക്ഷിയുടെ ഉദ്ഘാടനച്ചടങ്ങിലും ഹീറോ എന്ന പ്രതിഛായ നിലനിര്‍ത്താന്‍ ആസാദിന് സാധിച്ചിട്ടുണ്ട്. ഉദ്ഘാടനച്ചടങ്ങിന് നോയ്ഡയിലെ ഗൗതം ബുദ്ധ നഗര്‍ ഭരണകൂടം അനുമതി നിഷേധിച്ചു. പറഞ്ഞ കാരണം കൊറോണ. പൊലിസുമായി ഇത്തിരി കശപിശയൊക്കെ ഉണ്ടായെങ്കിലും ചന്ദ്രശേഖറിന്റ ആത്മവിശ്വാസം എല്ലാം നേരെയാക്കി. താന്‍ ആരുടേയും ദാസ്യവേല ചെയ്യാനില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ അദ്ദേഹത്തെ തങ്ങളുടെ വംശാഭിമാനത്തിന്റെ പ്രതീകമായി കാണുകയാണ് ദലിതുകള്‍. ഈ ആത്മവിശ്വാസം അവിടെ എത്തിച്ചേര്‍ന്ന ആയിരക്കണക്കിന് ഭീം ആര്‍മി പ്രവര്‍ത്തകരിലേക്ക് അദ്ദേഹം പ്രസരിപ്പിച്ചത് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്ലാന്‍ അവതരിപ്പിച്ചു കൊണ്ടാണ്. ബിഹാര്‍ അസംബ്ലി തെരഞ്ഞെടുപ്പിലായിരിക്കും നമ്മുടെ തുടക്കം. ഇക്കൊല്ലം അവസാനം ഉത്തര്‍പ്രദേശില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നു. അതിലും നാം ഒരു കൈ നോക്കും എന്ന്. അതായത് ചന്ദ്രശേഖര്‍ ആസാദ് കൃത്യമായ ദിശാബോധവുമായാണ് രംഗത്ത് വരുന്നത്.
അടിമകളായി നില്‍ക്കുകയല്ല ദലിതരുടെ മുമ്പിലുള്ള വഴി എന്ന് ഊന്നിപ്പറയുകയാണദ്ദേഹം. നാട് ഭരിക്കുക തന്നെയാണ് ലക്ഷ്യം. അതിനു വേണ്ടി ഒരു ഐക്യനിര കെട്ടിപ്പടുക്കുന്ന കാര്യത്തില്‍ അദ്ദേഹം ഏറെ മുന്നോട്ട് സഞ്ചരിക്കുകയും ചെയ്തിരിക്കുന്നു. ബി.ജെ.പിക്ക് കൃത്യമായ ബദലായി വര്‍ത്തിക്കുന്നതില്‍ കോണ്‍ഗ്രസിന് അടിക്കടി നേരിട്ടു കൊണ്ടിരിക്കുന്ന പരാജയം പുതിയ ബദലിനെക്കുറിച്ച് ചിന്തിക്കാന്‍ ആസാദിനെ പ്രേരിപ്പിക്കുന്നു. പുതിയ കാലത്ത് മുസ്‌ലിം വോട്ടിലാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. അതായത് ബിഹാര്‍ എന്നും യു.പി എന്നും വെറുതെ പറഞ്ഞതല്ല ആസാദ്, രണ്ടിടത്തും കോണ്‍ഗ്രസ് സ്‌പെന്റ് ഫോഴ്‌സ് ആണ്. മുസ്‌ലിംകള്‍ തുണച്ചാല്‍ ഭീം ആര്‍മിക്ക് ആസാദിന്റെ വീര താരപരിവേഷത്തിന്റെ ബലത്തില്‍ ശക്തി തെളിയിക്കാന്‍ സാധിച്ചു കൂടായ്കയില്ല. ഇത് ആര്‍.ജെ.ഡിയുടേയും ജനതാദള്‍ യുവിന്റെയും മുമ്പില്‍ ഉറച്ചു നിന്ന് കാര്യങ്ങള്‍ പറയാനും വിലപേശാനും ആസാദിന്റെ പാര്‍ട്ടിയെ പ്രാപ്തമാക്കും. ഇതൊ ക്കെയാവാം സാധ്യതകളെ കുറിച്ചുള്ള കണക്കുകൂട്ടല്‍. രാഷ്ട്രീയം സാധ്യതകളുടെ കലയാണല്ലോ.
ഈ സമയത്ത് ഒരു ചോദ്യം ഉയരുന്നു. ഈ രാഷ്ട്രീയ സാഹചര്യത്തില്‍ എവിടെയാണ് മായാവതിയുടെ ബി.എസ്.പിക്കു സ്ഥാനം? അംബേദ്ക്കര്‍ പ്രചരിപ്പിച്ച ദര്‍ശനങ്ങളുടെ പിന്മുറക്കാര്‍ എന്ന നിലയിലാണ് ഇന്ത്യയില്‍ ദലിത് രാഷ്ട്രീയം സമൂര്‍ത്തത സ്ഥാപിച്ചെടുത്തത്. എന്നാല്‍ അംബേദ്കറുടെ പ്രവര്‍ത്തനമേഖലയെന്ന് പറയാവുന്ന മഹാരാഷ്ട്രയില്‍ പോലും അതിന് രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. അംബേദ്കറുടെ പിന്മുറക്കാര്‍ പോലും ഈ ശ്രമത്തില്‍ പരാജയപ്പെടുകയാണുണ്ടായത്. ബി.എസ്.പിയുടെ സ്ഥാപകനായ കാന്‍ഷിറാം ആണ് അംബേദ്കറുടെ ആശയങ്ങളെ ഒരതിരുവരെയെങ്കിലും പ്രായോഗിക രാഷ്ട്രീയത്തില്‍ സഫലമാക്കിയത്. യഥാര്‍ഥത്തില്‍ അംബേദ്കറുടെ രാഷ്ട്രീയ പിന്‍ഗാമിയവേണ്ടയാളല്ല കാന്‍ഷിറാം. സിക്ക് ചമര്‍ ജാതിയില്‍പ്പെട്ട അദ്ദേഹം ജാതീയമായ ഉച്ചനീചത്വങ്ങള്‍ അനുഭവിച്ചതായും അറിയില്ല. പൂനെയില്‍ ഡിഫന്‍സ് വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം സാഹചര്യങ്ങളുടെ ചില പ്രത്യേക നിര്‍ബന്ധങ്ങളാല്‍ ആക്ടിവിസത്തിന്റെ വഴിയിലേക്ക് വരികയായിരുന്നു. ബാം സെഫ് എന്ന പേരില്‍ പട്ടികജാതി വര്‍ഗ ന്യൂനപക്ഷ സമുദായക്കാരായ ഉദ്യോഗസ്ഥരുടെ ഒരു സംഘടന അദ്ദേഹം സ്ഥാപിക്കുകയും അവകാശ സമരങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു.
ഭാവനാ പൂര്‍ണമായ പ്രവര്‍ത്തനങ്ങളിലൂടെ അദ്ദേഹം അംബേദ്കര്‍ ചിന്തയെ മധ്യവര്‍ഗ ദലിത് ബുദ്ധിജീവികളിലേക്ക് സന്നിവേശിപ്പിച്ചു. തങ്ങള്‍ അര്‍ഹിക്കുന്നതില്‍ കുറഞ്ഞ യാതൊന്നു കൊണ്ടും തൃപ്തരാവാത്ത രണ്ടും മൂന്നും തലമുറകളിലെ ദലിത് ചെറുപ്പക്കാരാണ് കാന്‍ഷിറാമിന്റെ വഴികള്‍ പിന്തുടര്‍ന്നത്. അംബേദ്കറുടെ പിന്തുടര്‍ച്ച അവര്‍ അദ്ദേഹത്തില്‍ കണ്ടു. 1984 ലാണ് അദ്ദേഹം ബി.എസ്.പി സ്ഥാപിക്കുന്നത്. ബി.എസ്.പിക്ക് പല നൂതന വഴികളും അദ്ദേഹം കണ്ടെത്തി നല്‍കിയിരുന്നു. എന്നാല്‍ പ്രായോഗിക രാഷ്ട്രീയത്തില്‍ ആ വഴികള്‍ വേണ്ട രീതിയില്‍ ഫലപ്രദമായില്ല. തന്റെ പിന്‍ഗാമിയായി കാന്‍ഷിറാം വാഴിച്ച മായാവതിയാകട്ടെ ഒരു നിലയിലും കാന്‍ഷിറാമിന്റെ കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പരിമിത വിഭവക്കാരിയുമായിരുന്നു. താല്‍ക്കാലിക രാഷ്ട്രീയ നേട്ടങ്ങളായിരുന്നു എന്നും അവരുടെ മുന്‍ഗണനാ വിഷയങ്ങള്‍. അതുകൊണ്ടാണ് ബി.ജെ.പി അവര്‍ക്ക് അസ്പൃശ്യമല്ലാതായത്. ഹിന്ദി ഹൃദയഭൂമിയില്‍ ദലിത് രാഷ്ട്രീയം ഒട്ടും ശക്തമല്ലാതായതിന് മായാവതിയാണ് കാരണക്കാരി. അവരുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മിക്ക സമയത്തും പാളി. ജാതീയമായ ജനപിന്തുണ ഉണ്ടായിരുന്ന സമയത്തു പോലും ബി.എസ്.പി തെരഞ്ഞെടുപ്പുകളില്‍ സംപൂജ്യരായി. ഇപ്പോള്‍ കാര്യമായി സ്വന്തം സമുദായമായ ജാതവരുടെ പിന്തുണ മാത്രമേ മായാവതിക്കുള്ളൂ.
ബി.എസ്.പിയുടെ സംഘടനാ സംവിധാനവും വളരെ ദുര്‍ബലമാണ്. യുവജന വിഭാഗമോ മഹിളാ വിഭാഗമോ പാര്‍ട്ടിക്കില്ല. രണ്ടാംനിര നേതൃത്വവുമില്ല. പോരാത്തതിന് കുടുംബ വാഴ്ചയ്ക്ക് മായാവതി അടിത്തറയുമിട്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ചന്ദ്രശേഖര്‍ ആസാദിന്റെ രംഗപ്രവേശം. ആസാദിന്റെ ഭീം ആര്‍മി ഏകതാ മിഷനെ മായാവതി തുടക്കം മുതല്‍ക്കു തന്നെ എതിര്‍ത്തത് അദ്ദേഹം തന്റെ രാഷ്ട്രീയ ശത്രുവായി വരും എന്ന ഭീതി മൂലമാണ്. ബി.ജെ.പിയുടെ ഏജന്റാണ് ആസാദ് എന്നത്രേ മായാവതിയുടെ വാദം. പക്ഷേ ബി.എസ്.പിയിലെ യുവതലമുറ ഇത് വിശ്വസിക്കുന്നില്ല. വാക്കുകളില്‍ മാത്രമേ മായാവതിക്ക് കാന്‍ഷിറാമിന്റെ പിന്തുടര്‍ച്ചയുള്ളൂ എന്നാണ് അവര്‍ കരുതുന്നത്. അതിനാല്‍ രാഷ്ട്രീയപ്പാര്‍ട്ടിയായ ഭീം ആര്‍മിക്ക് ബി.എസ്.പിയുടെ വോട്ടുബാങ്കില്‍ വിള്ളലുകളുണ്ടാക്കാന്‍ കഴിഞ്ഞേക്കും. യു.പിയിലേയും ബി.എസ്.പിക്ക് കുറച്ചെങ്കിലും സ്വാധീനമുള്ള ബിഹാര്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേയും ദലിത് രാഷ്ട്രീയത്തിന്റെ സജീവ മുഖമാവാന്‍ ആസാദിന് കഴിയും. കാരണം അദ്ദേഹം സൃഷ്ടടിച്ചെടുത്ത ഇമേജിന് പ്രക്ഷോഭകാരിയുടെ ഉള്‍ബലമുണ്ട്. വിട്ടുകൊടുക്കാന്‍ തയാറാവാത്ത വിപ്ലവകാരിയുടെ പ്രതിഛായയാണത്. ഡല്‍ഹി പ്രക്ഷോഭം അദ്ദേഹത്തിന് ഉണ്ടാക്കിക്കൊടുത്ത പ്രതിഛായ തിളക്കമാര്‍ന്നതാണ്. ആരാണ് ബദല്‍ എന്നു ചോദിച്ചാല്‍ ചന്ദ്രേശേഖര്‍ ആസാദ് എന്ന് പറയുന്നവര്‍ ധാരാളം. ഈ പ്രതിഛായയുടെ ബലത്തില്‍ ആസാദ് സമാജ് പാര്‍ട്ടിക്ക് വളരാന്‍ മണ്ണൊരുങ്ങിയാല്‍ അത്ഭുതപ്പെടേണ്ടതില്ല.
എന്നാല്‍ ഇതിനെയെല്ലാം അസ്ഥാനത്താക്കുന്ന നിരവധി ദൗര്‍ബല്യങ്ങള്‍ ആസാദിന്റെ പാര്‍ട്ടിക്കുണ്ട്. പ്രധാനമായും അതൊരു വ്യക്തി കേന്ദ്രീകൃത പാര്‍ട്ടിയാണ് എന്നുള്ളതാണ്. പാര്‍ട്ടിയുടെ പേരില്‍ പോലും അങ്ങനെയൊരു സൂചനയുണ്ട്. പോരാത്തതിന് ചന്ദ്രശേഖര്‍ ആസാദ് പക്വമതിയായ രാഷ്ട്രീയ പ്രവര്‍ത്തകനല്ല. കുറ്റമറ്റ പാര്‍ട്ടി സംവിധാനം അദ്ദേഹത്തിനില്ലതാനും. വികാരാവേശത്താല്‍ നയിക്കപ്പെടുന്ന ഒരാള്‍ക്ക് എങ്ങനെ അതൊക്കെ സുസാധ്യമാവും. ഇന്ത്യയില്‍ ദലിത് രാഷ്ട്രീയത്തിന്റെ നാള്‍വഴികള്‍ വിലയിരുത്തുമ്പോള്‍ അത് അകപ്പെട്ട പ്രതിസന്ധികള്‍ കാണാതിരിക്കരുത്. അതിനാല്‍ പുതിയ പാര്‍ട്ടി പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയ അനുഭവമാണോ ഉണ്ടാക്കുകയെന്ന് സംശയിക്കാന്‍ സാധ്യതകള്‍ ഏറെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."