കൊവിഡിന് ചികിത്സ: മോഹനന്‍ വൈദ്യര്‍ അറസ്റ്റില്‍
തൃശൂര്‍: കോവിഡ്-19ന് ഫലപ്രദ ചികിത്സ എന്നവകാശപ്പെട്ട് രോഗികളെ പരിശോധിക്കുകയും ചികിത്സിക്കുകയും ചെയ്തതിന് മോഹനന്‍ വൈദ്യരെ പീച്ചി പൊലിസ് അറസ്റ്റ് ചെയ്തു.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കീഴിലുള്ള കൊറോണ കണ്‍ട്രോള്‍ സെല്ലിലേക്കു ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്ന് പീച്ചി പൊലിസും ആയുര്‍വേദ, അലോപ്പതി ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് മോഹനന്‍ വൈദ്യര്‍ പിടിയിലായത്. പീച്ചി പൊലിസ് സ്റ്റേഷന്‍ പരിധിയിലെ പരബ്രഹ്മ ആയുര്‍വേദിക് റിസര്‍ച്ച് സെന്റര്‍ എന്ന സ്ഥാപനത്തിലാണ് ഇയാള്‍ രഹസ്യമായി ചികിത്സ നടത്തിയിരുന്നത്. മോഹനന്‍ വൈദ്യര്‍ ചികിത്സ നടത്താന്‍ എത്തിയിട്ടുണ്ടെന്നും മരുന്നുകള്‍ നല്‍കുന്നുവെന്നുമുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലിസുദ്യോഗസ്ഥരും ഡി.എം.ഒ ഡോ. കെ.ജെ റീന അടക്കമുള്ള ഡോക്ടര്‍മാരുടെ സംഘവും പരിശോധനയ്‌ക്കെത്തിയപ്പോള്‍ ധാരാളം ആളുകള്‍ ചികിത്സ തേടി എത്തിയതായി കണ്ടു. താന്‍ ആരെയും ചികിത്സിക്കുകയോ മരുന്നുകള്‍ കുറിച്ചുനല്‍കുകയോ ചെയ്യുന്നില്ലെന്നാണ് മോഹനന്‍ വൈദ്യര്‍ പറഞ്ഞത്.
എന്നാല്‍ ചികിത്സ തേടിയെത്തിയവര്‍ മോഹനന്‍ വൈദ്യരാണ് തങ്ങളെ ചികിത്സിക്കുന്നതെന്ന് വ്യക്തമാക്കി.
സ്ഥാപനത്തില്‍ രണ്ടു വനിതാ ആയുര്‍വേദ ഡോക്ടര്‍മാരെ നിയമിച്ചിട്ടുണ്ടെങ്കിലും ഇവരുടെ മറവില്‍ മോഹനന്‍ വൈദ്യര്‍ നേരിട്ടു തന്നെയാണ് ചികിത്സ നടത്തുന്നതെന്ന് മെഡിക്കല്‍ സംഘത്തിനു ബോധ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."