ചരിത്ര സന്ദര്‍ശനത്തിനായി മാര്‍പാപ്പ യു.എ.ഇയില്‍
അബൂദബി: ചരിത്ര സന്ദര്‍ശനത്തിനായി പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ യു.എ.ഇയിലെത്തി. ഇന്നലെ രാത്രി പത്തിന് അബൂദബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ എത്തിയ മാര്‍പാപ്പക്ക് രാജകീയ വരവേല്‍പ്പ് നല്‍കി. ഇതോടെ അറബ് രാഷ്ട്രം സന്ദര്‍ശിക്കുന്ന ആദ്യത്തെ മാര്‍പാപ്പയായി അദ്ദേഹം മാറി.
അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായദ് അല്‍ നഹ്‌യാന്റെ ക്ഷണപ്രകാരം സഹിഷ്ണുതാ സമ്മേളത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്.
മാര്‍പാപ്പയുടെ നേതൃത്വത്തില്‍ നാളെ നടക്കുന്ന കുര്‍ബാനയില്‍ 1,20,000 പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യമനിലെ മനുഷ്യക്കുരുതിയെ സംബന്ധിച്ച് വത്തിക്കാനില്‍നിന്ന് യാത്ര പുറപ്പെടും മുന്‍പ് മാര്‍പാപ്പ സൂചിപ്പിച്ചു. ദീര്‍ഘമായി നടക്കുന്ന സംഘര്‍ഷത്താല്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പ്രയാസപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.
യു.എ.ഇ കൂടി പങ്കാളികളായി യമനില്‍ നടത്തുന്ന ആക്രമണങ്ങളെ അദ്ദേഹം അപലപിച്ചു. യു.എ.ഇയില്‍ പത്ത് ലക്ഷത്തോളം റോമന്‍ കത്തോലിക്ക വിഭാഗങ്ങളാണുള്ളത്. ഭൂരിഭാഗവും ഫിലിപ്പൈന്‍സ്, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. യു.എ.ഇ സന്ദര്‍ശിക്കുന്നതോടെ മതങ്ങളുമായുള്ള ബന്ധങ്ങളില്‍ പുതിയ ചരിത്ര അധ്യായം തുറക്കാനാവുമെന്നതില്‍ വളരെയധികം സന്തുഷ്ടനാണെന്ന് മാര്‍പാപ്പ കഴിഞ്ഞ ദിവസം വിഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു.
ദൈവത്തിലുള്ള വിശ്വാസം ഒന്നിക്കാനാണ്. വ്യത്യസ്തതകളുണ്ടെങ്കിലും വിശ്വാസം നമ്മെ അടുപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കെയ്‌റോ അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് മോസ്‌ക് ഇമാം ശൈഖ് അഹമ്മദ് അല്‍ ത്വയ്യിബുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."