HOME
DETAILS
MAL
നെഞ്ചിടറി വിശ്വാസികൾ: സഊദിയടക്കം ഗൾഫ് നാടുകളിൽ വിശ്വാസികൾ ജുമുഅക്ക് പകരം വീടുകളിൽ വെച്ച് ദുഹ്ർ നിസ്കരിച്ചു തൃപ്തിയടഞ്ഞു
backup
March 20 2020 | 16:03 PM
മക്ക: സഊദി അറേബ്യയടക്കം വിവിധ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് വിശ്വാസികൾക്ക് നെഞ്ചിടറിയ ദിനമായിരുന്നു. പലർക്കും ജീവിതത്തിൽ തന്നെ ആദ്യമായുണ്ടായ നീറുന്ന അനുഭവവും. കൊവിഡ് 19 വ്യാപന പശ്ചാത്തലത്തിൽ പള്ളികളിലെ അഞ്ചു നേരത്തെ സംഘടിത നിസ്കാരത്തോടൊപ്പം ജുമുഅ നിസ്കാരവും പാടെ നിർത്തി വെച്ചതിനാൽ വിശ്വാസികൾ ഇന്നലെ വിങ്ങുന്ന ഹൃദയത്തോടെ വീടുകളിലും റൂമുകളിലും വെച്ച് ദുഹ്ർ നിസ്കരിച്ചു സംതൃപ്തി അടയുകയായിരുന്നു. വെള്ളിയാഴ്ചകളിൽ വളരെ നേരത്തെ പള്ളികളിൽ ഇടം പിടിച്ചു വിവിധ സുന്നത്തുകളും ഔറാദുകളും വർഷങ്ങളായി പതിവാക്കിയവർക്ക് ഏറെ വേദനാജനകമായിരുന്നു ഇന്നലത്തെ വെള്ളിയാഴ്ച ദിനം.
ഇസ്‌ലാമിക രാജ്യങ്ങളായതിനാൽ ഗൾഫ് നാടുകളിൽ ചെറുതും വലുതുമായ ആയിരക്കണക്കിന് പള്ളികളാണുള്ളത്. അവിടങ്ങളിൽ ഒന്നും തന്നെ ഇന്നലെ ജുമുഅ നിസ്കാരം നടന്നിരുന്നില്ല. ആകെ നടന്നത് വിശുദ്ധ മക്കയിലെയും മദീനയിലും ഹറം പള്ളികളിൽ മാത്രമായിരുന്നു. അത് തന്നെ വളരെ കർശനമായി ചുരുങ്ങിയ ആളുകളെ മാത്രമായിരുന്നു കടത്തി വിട്ടത്. ആളുകളെ കൂടുന്നത് ഒഴിവാക്കാനായി ഇവിടങ്ങളിൽ മുറ്റത് വെച്ചുള്ള നിസ്കാരങ്ങളും ഒഴിവാക്കിയിരുന്നു. സഊദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, യു എ ഇ എന്നീ രാജ്യങ്ങള്‍ പള്ളികളാണ് അധികൃതർ താത്കാലികമായി അടച്ചിട്ടത്.
കോവിഡ് 19 കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് ഗള്‍ഫ് രാജ്യങ്ങളെ നയിച്ചത്. വിവിധ രാജ്യങ്ങളിലെ ഇസ്‌ലാമിക ഔഖാഫ് മന്ത്രാലയങ്ങളും ഇസ്‌ലാമിക പണ്ഡിത സഭകളുമാണ് ഇത് പ്രഖ്യാപിച്ചത്. വൈറസ് വ്യാപനം ശക്തമായ കുവൈത്ത് ഒരാഴ്ച മുമ്പെ ഈ മാതൃക പിന്തുടര്‍ന്നു. പിന്നീടാണ് വിവിധ രാജ്യങ്ങളിൽ ഇത് നടപ്പിലാക്കിയത്. സാധാരണ ബാങ്കുവിളിക്കിടെ 'സ്വല്ലൂ ഫി ബുയൂതിക്കും' (നിങ്ങളുള്ള സ്ഥലങ്ങളില്‍ തന്നെ നമസ്‌ക്കരിക്കുക) ചേര്‍ത്താണ് ഇപ്പോൾ ഈ രാജ്യങ്ങളിൽ ബാങ്ക് വിളിക്കുന്നത്. പലയിടത്തും മുഅദിനുകൾ കണ്ഡമിടറിയാണ് ഇത് വിളിച്ചു പറയുന്നത്.
അതേസമയം, മക്കയിലും മദീനയിലും സാധാരണ രീതിയിൽ തന്നെ ജുമുഅ നിസ്കാരവും പ്രാർത്ഥനയും നടന്നു. ശക്തമായ നിയന്ത്രണത്തോടെ കുറഞ്ഞ ആളുകളാണ് പങ്കെടുത്തത്. മക്കയിൽ ഡോക്ടർ ശൈഖ് ഉസാമത് ബിൻ അബ്ദുല്ലാഹ് അൽ ഖയാതുംമദീനയിൽ ഇമാം ഡോക്ടർ അഹ്‌മദ് ബിൻ ത്വാലിബും ജുമുഅ ഖുത്വുബ നിസ്കാരങ്ങൾക്ക് നേതൃത്വം നൽകി. നിലവിലെ സാഹചര്യങ്ങൾ നീങ്ങുന്നതിനു ഖുതുബയിൽ പ്രത്യേകം പ്രാർത്ഥനയും ഉൾകൊള്ളിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."