HOME
DETAILS
MAL
റിക്കവറി നടപടികള്‍ നീട്ടിവയ്ക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രിം കോടതി റദ്ദാക്കി
backup
March 21 2020 | 05:03 AM
ന്യൂഡല്‍ഹി; കൊവിഡ്-19 വ്യാപകമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ബാങ്ക് റിക്കവറി നടപടികള്‍, നികുതി റിക്കവറി നടപടികള്‍ തുടങ്ങിയവ ഏപ്രില്‍ ആറുവരെ നിര്‍ത്തിവയ്ക്കണമെന്ന കേരളാ ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കി. കേന്ദ്രസര്‍ക്കാറിന്റെ ആവശ്യപ്രകാരമാണ് ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, വിനീത് സരണ്‍, അനിരുദ്ധബോസ് എന്നിവരടങ്ങിയ ബെഞ്ച് സ്‌റ്റേ ചെയ്തത്. അലഹബാദ് ഹൈക്കോടതിയുടെ സമാനമായ വിധിയും ഇതോടൊപ്പം സ്റ്റേ ചെയ്തിട്ടുണ്ട്. ഇന്നലെ ഇക്കാര്യം സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത കോടതിയില്‍ ഉന്നയിക്കുകയായിരുന്നു. നികുതി അധികൃതര്‍ക്ക് ഇത്തരത്തിലൊരു ഉത്തരവ് നല്‍കാന്‍ ഹൈക്കോടതികള്‍ക്ക് അധികാരമില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാട്. നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാര്‍ നയവുമായി ബന്ധപ്പെട്ടതാണ്. ഇതില്‍ കോടതി ഇടപെടരുതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
ബാങ്ക്, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍, ആദായ നികുതി വകുപ്പ് അധികൃതര്‍, കെട്ടിട നികുതി ഈടാക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍, ആര്‍.ടി ഓഫിസുകള്‍ തുടങ്ങിയവയ്ക്കാണ് നടപടികള്‍ ഏപ്രില്‍ ആറുവരെ നിര്‍ത്തിവയക്കാന്‍ കേരളാ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്. വായ്പ, നികുതി കുടിശികകള്‍ ഈടാക്കാനുള്ള റവന്യൂ റിക്കവറി നടപടികളും മറ്റു നിര്‍ബന്ധിത നടപടികളും ഏപ്രില്‍ ആറു വരെ നിര്‍ത്തിവയ്ക്കണം. ജപ്തി നടപടികളുടെ ഭാഗമായി ഹാജരാകാന്‍ നോട്ടിസ് ലഭിച്ചവര്‍ നിലവിലെ സാഹചര്യത്തില്‍ നിശ്ചിത തീയതിക്ക് ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവു നല്‍കരുത്. വ്യക്തിഗത കേസുകളുമായി ബന്ധപ്പെട്ട് ഈ ഉത്തരവില്‍ തിരുത്തല്‍ ആവശ്യമുണ്ടെങ്കില്‍ വകുപ്പുകള്‍ക്ക് കോടതിയില്‍ അപേക്ഷ നല്‍കാം. ഇളവുകളോടെയുള്ള കുടിശിക തീര്‍പ്പാക്കല്‍ പദ്ധതിയില്‍ തിരിച്ചടയ്ക്കാന്‍ തയാറുള്ളവര്‍ക്ക് ഹൈക്കോടതി ഉത്തരവ് തടസമല്ല. പിടിച്ചെടുത്ത വാഹനങ്ങള്‍ ബാങ്ക് ഗാരന്റിയുടെ അടിസ്ഥാനത്തില്‍ വിട്ടു നല്‍കുന്നതിനും ഉത്തരവ് തടസമല്ല. സര്‍ഫാസി ആക്ടുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കുന്ന സി.ജെ.എം കോടതികള്‍, സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഡയറക്ട് ടാക്‌സസ്, ബാങ്കുകള്‍, കസ്റ്റംസ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഉത്തരവിന്റെ പകര്‍പ്പ് നല്‍കണം. എന്നിങ്ങനെയായിരുന്നു ഹൈക്കോടതി നിര്‍ദേശം.
റവന്യൂ റിക്കവറി നടപടികള്‍ തടയണമെന്നാവശ്യപ്പെട്ടുള്ള 80 ഓളം ഹര്‍ജികളാണ് സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്. സമാന സ്വഭാവമുള്ള കേസുകള്‍ക്കെല്ലാം ഉത്തരവു ബാധകമാക്കിയ ഹൈക്കോടതി ഇക്കാര്യത്തിനായി പുതിയ ഹര്‍ജികള്‍ നല്‍കേണ്ടതില്ലെന്നും വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിച്ചാല്‍ ജനം നികുതിയടക്കുന്നത് നിര്‍ത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. സര്‍ക്കാറിന്റെ ജി.എസ്.ടി കലക്ഷനെ വരെ ഈ ഉത്തരവ് ബാധിക്കും. കൊവിഡ് ഉണ്ടാക്കിയ പ്രതിസന്ധി നേരിടുന്നതിന് സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ ഹൈക്കോടതി പരിഗണിച്ചിട്ടില്ലെന്നും കേന്ദ്രം വാദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."