രാജാജി റോഡിലെ എസ്കലേറ്റര്‍ നിര്‍മാണ പ്രവൃത്തിക്ക് തുടക്കം
കോഴിക്കോട്: രാജാജി റോഡില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിനും മൊഫ്യൂസല്‍ സ്റ്റാന്‍ഡിനും ഇടയില്‍ നിര്‍മിക്കുന്ന എസ്കലേറ്ററോടു കൂടിയ നടപ്പാലത്തിന്റെ പ്രവൃത്തി മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. 11.35 കോടി രൂപ ചെലവഴിച്ച് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാലവും എസ്കലേറ്ററും നിര്‍മിക്കുന്നത്. കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷനാണ് പദ്ധതിയുടെ ചുമതല. ഊരാളുങ്കല്‍ സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല. മാവൂര്‍ റോഡിലെ 1.2 കിലോമീറ്റര്‍ ഭാഗവും രാജാജി റോഡിലെ 500 മീറ്റര്‍ ഭാഗവും ഉള്‍പ്പെടെ 1.7 കിലോമീറ്റര്‍ ദൂരത്തിലാണ് പ്രവൃത്തി നടത്തുക. ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപമുള്ള ബസ് സ്റ്റോപ്പില്‍നിന്ന് പുതിയ സ്റ്റാന്‍ഡിലേക്ക് കടക്കുന്ന രീതിയിലാണ് നടപ്പാലം. ഇരുവശങ്ങളിലുമാണ് എസ്കലേറ്റര്‍. ഒപ്പം ലിഫ്റ്റും ഉണ്ടാകും. രാജാജി റോഡില്‍ കാല്‍നട യാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാനുതകുന്ന തരത്തില്‍ സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തും. 2020ല്‍ പദ്ധതി യാഥാര്‍ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. അമൃത് പദ്ധതിയായതിനാല്‍ 50 ശതമാനം കേന്ദ്രത്തിന്റെയും 30 ശതമാനം സംസ്ഥാന സര്‍ക്കാരിന്റെയും ബാക്കി കോര്‍പറേഷന്റെയും ഫണ്ടാണ് നിര്‍മാണത്തിന് ചെലവഴിക്കുക.
നേരത്തെ ഇവിടെയുണ്ടായിരുന്ന മേല്‍പാലം നശിച്ചുപോയിരുന്നു. റോഡ് മുറിച്ചുകടക്കാന്‍ ഇവിടെ കാല്‍നടയാത്രക്കാര്‍ കടുത്ത ബുദ്ധിമുട്ടാണ് നേരിടുന്നത്. എസ്കലേറ്ററും ലിഫ്റ്റും ഉള്‍പ്പെടെയുള്ള നടപ്പാത യാഥാര്‍ഥ്യമാകുന്നതോടെ ഇതിനെല്ലാം പരിഹാരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."