ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പിന് കൈമാറി. അമിത വേഗത്തെ തുടര്‍ന്ന് ബാലഭാസ്കര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.
അപകടം സംബന്ധിച്ച അന്വേഷണം ബാലഭാസ്കറിന്റെ പിതാവിന്റെ പരാതിയില്‍ സര്‍ക്കാര്‍ സി.ബി.ഐക്ക് വിട്ടിരുന്നു. എന്നാല്‍ സി.ബി.ഐക്ക് അന്വേഷണം കൈമാറുന്ന ഘട്ടത്തില്‍ തന്നെ ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കിയിരുന്നു. 2018 സെപ്തംബര്‍ 24ന് തൃശൂരില്‍ ക്ഷേത്ര ദര്‍ശനത്തിനുശേഷം കുടുംബം അന്നു രാത്രി തന്നെ തിരിച്ചു വന്നതില്‍ ദുരൂഹതയില്ല. അന്നു തന്നെ തിരുവനന്തപുരത്തേക്ക് തിരിച്ചു വരാനുള്ള തീരുമാനം ബാലഭാസ്കറിന്റേതായിരുന്നു. തൃശൂരില്‍നിന്നും 260 കിലോമീറ്റര്‍ ദൂരം വെറും മൂന്നര മണിക്കൂര്‍ കൊണ്ടാണ് എത്തിയത്. ഇതുതന്നെ ഡ്രൈവറുടെ അമിത വേഗം വ്യക്തമാക്കുന്നു.
ചാലക്കുടിയിലെ കാമറയില്‍ കാറിന്റെ വേഗത 95 കിലോമീറ്റര്‍ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അമിത വേഗതയിലെത്തിയ വാഹനം പള്ളിപ്പുറത്തുവച്ച് മരത്തിലിടിച്ച് തകരുകയായിരുന്നു. 2018 സെപ്റ്റംബര്‍ 25 നാണ് തിരുവനന്തപുരത്തിന് സമീപം ദേശീയപാതയില്‍ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. മകള്‍ സംഭവസ്ഥലത്തുവച്ചും ബാലഭാസ്കര്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."